
ബീഫ് പെരട്ട്
ചേരുവകൾ
ബീഫ് - ഒരു കിലോ
ചെറിയ ഉള്ളി - 8 എണ്ണം
ഇഞ്ചി - ഒരു വലിയ കഷണം
വെളുത്തുള്ളി - 12 അല്ലി
പച്ചമുളക് - 3 എണ്ണം
പെരുംജീരകം - രണ്ട് ടേബിൾ സ്പൂൺ
മല്ലിപൊടി - ഒരു ടേബിൾ സ്പൂൺ
മുളകുപൊടി - ആവശ്യത്തിന്
മഞ്ഞൾപൊടി - രണ്ട് ടീസ്പൂൺ
പട്ട, ഗ്രാമ്പൂ, ഏലക്ക - ചതച്ചത് (ഒരു ടീസ്പൂൺ)
വെളിച്ചെണ്ണ - മൂന്ന് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പോത്തിറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചത് മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് കുക്കറിൽ വേവിച്ചെടുക്കുക (ഇതിലേക്ക് വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല). മറ്റൊരു ചീനചട്ടിയിൽ രണ്ടു ടേബിൾ സ്പൂൺ എണ്ണയൊഴിച്ച്, ചൂടാകുമ്പോൾ ചെറിയ ഉള്ളി ചതച്ചതും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും ചേർത്ത് അഞ്ചുമിനിട്ട് നേരം വഴറ്റുക. ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ഇറച്ചി ചേർത്ത് നന്നായി വഴറ്റുക. മുളകുപൊടി, മല്ലിപൊടി, പെരും ജീരകപൊടി എന്നിവ ക്രമമായി ചേർത്ത് ചൂടാക്കുക. അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക മിശ്രിതം ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത ശേഷം നല്ലതുപോലെ വരട്ടിയെടുത്ത് എണ്ണയൊഴിച്ച് അടുപ്പിൽ നിന്നും മാറ്റാം.
കോഴിപിടി
ചേരുവകൾ
ചിക്കൻ - അര കിലോ
വറുത്തമാവ് - ഒരു കപ്പ്
(ഉരുളയ്ക്ക് ആവശ്യമായത്)
വെളുത്തുള്ളി - 5 അല്ലി
പച്ചമുളക് - രണ്ടെണ്ണം
ജീരകം - ഒരു സ്പൂൺ
തേങ്ങ - അര മുറി
കുരുമുളക് - രണ്ട് സ്പൂൺ
മഞ്ഞൾപ്പൊടി, ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ആദ്യം കോഴി ഇറച്ചി ചെറിയ ചെറിയ കഷണങ്ങളാക്കി നുറുക്കി വൃത്തിയായി കഴുകി മാറ്റുക. ഇതിലേക്ക് മഞ്ഞൾപൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി ഫ്രിഡ്ജിൽ ഒരു മണിക്കൂർ വയ്ക്കുക. ഫ്രിഡ്ജിൽ നിന്നും എടുത്തശേഷം ചിക്കൻ കഷണങ്ങളിൽ അൽപ്പം വെള്ളം ഒഴിച്ച് വേവിക്കുക. മറ്റൊരു പാത്രത്തിൽ വറുത്ത പൊടിമാവ് ചൂടുവെള്ളത്തിൽ കുഴച്ചെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക. അടുത്തതായി തേങ്ങയിൽ പച്ചമുളക്, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അടുപ്പത്ത് വച്ചിരിക്കുന്ന കോഴി കഷണങ്ങൾ വെന്തുകഴിഞ്ഞാൽ അരക്കപ്പ് വെള്ളം ചേർത്ത് തിള വരുമ്പോൾ ഉരുളകൾ അതിലേക്ക് ഇടുക. ശേഷം അരച്ചുവച്ചിരിക്കുന്ന തേങ്ങാക്കൂട്ട് ചേർത്ത് നന്നായി തിളപ്പിച്ച് കുറുകി തുടങ്ങുമ്പോൾ കറിവേപ്പില ഇട്ട് അടുപ്പിൽ നിന്നും വാങ്ങാം. ഇതിൽ എണ്ണ അൽപ്പം പോലും ചേർക്കേണ്ട ആവശ്യമില്ല.

ഈസി ചില്ലി ചിക്കൻ
ചേരുവകൾ
കോഴിയിറച്ചി - അര കിലോ
സവാള - രണ്ടെണ്ണം
(ചെറിയ ചതുരകഷ്ണങ്ങളായി മുറിച്ചത്)
പച്ചമുളക് - രണ്ടെണ്ണം
വെളുത്തുള്ളി - 12 അല്ലി (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം - 1 വലുത് (ചതുരകഷണങ്ങളായി മുറിച്ചത്)
കാശ്മീരി മുളക്പൊടി - രണ്ട് ടേബിൾ സ്പൂൺ
ഗരം മസാല - ഒരു ടേബിൾ സ്പൂൺ
കോൺഫ്ളവർ പൗഡർ - രണ്ട് ടേബിൾ സ്പൂൺ
വെജിറ്റബിൾ ഓയിൽ - കാൽ കപ്പ്
സ്പ്രിംഗ് ഒണിയൻ - ഒരു തണ്ട്
(ഒരിഞ്ച് നീളത്തിൽ അരിഞ്ഞത്)
വിനാഗിരി - ഒരു ടേബിൾ സ്പൂൺ
ചില്ലിസോസ് - രണ്ട് ടീസ്പൂൺ
ടൊമാറ്റോ സോസ് - രണ്ട് ടീസ്പൂൺ
സോയാ സോസ് - ഒരു ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു പാത്രത്തിൽ വിനാഗിരിയും മൂന്ന് സോസുകളും ചേർത്ത് യോജിപ്പിച്ച ശേഷം ഇതിലേക്ക് കോഴികഷ്ണങ്ങൾ ചേർത്ത് മഞ്ഞൾപ്പൊടി, ഉപ്പ്, ഗരംമസാലപ്പൊടി എന്നിവ ചേർത്ത് ഒരു മണിക്കൂർ വയ്ക്കുക.
ഒരു നോൺസ്റ്റിക്ക് പാനിൽ എണ്ണ ചൂടാക്കി, ആദ്യം കാപ്സിക്കവും പിന്നീട് വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റിയ ശേഷം എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം അരിഞ്ഞ് വച്ചിരിക്കുന്ന സവാളയും ഇതുപോലെ വഴറ്റി കോരി മാറ്റുക. ഇതേ എണ്ണയിലേക്ക് തയ്യാറാക്കി വച്ചിരിക്കുന്ന കോഴികഷ്ണങ്ങളും മുളക്പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നന്നായി വേവിക്കുക. ആവശ്യമെങ്കിൽ ഉപ്പ് ചേർക്കാം. ഇറച്ചി കഷ്ണങ്ങൾ വെന്തശേഷം കാൽകപ്പ് വെള്ളത്തിൽ കോൺഫ്ളവർ പൊടി ചേർത്തിളക്കി കുറുകി തുടങ്ങുമ്പോൾ വഴറ്റി വച്ചിരിക്കുന്ന കാപ്സിക്കം, വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് അടുപ്പിൽ നിന്നും വാങ്ങാം. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന സ്പ്രിംഗ് ഒണിയൻ അലങ്കരിച്ച് പാത്രത്തിലേക്ക് വിളമ്പാം.

മട്ടൺ സൂപ്പ്
ചേരുവകൾ
ആട്ടിൻ എല്ല് - അര കിലോ (സൂപ്പിനുള്ളത്)
ചെറിയ ഉള്ളി - 10 എണ്ണം
( നാലായി കീറിയത്)
മഞ്ഞൾപൊടി - 1 ടീസ്പൂൺ
മല്ലി - 2 ടീസ്പൂൺ
ജീരകം - 1 ടീസ്പൂൺ
കുരുമുളക് - 3 ടീസ്പൂൺ
ഉലുവ - 1 ടീസ്പൂൺ
ഇഞ്ചി - 1 ചെറിയ കഷണം (ചതച്ചത്)
ഉപ്പ് - ആവശ്യത്തിന്
പാകം ചെയ്യേണ്ടവിധം
ആടിന്റെ എല്ല് നന്നായി കഴുകി ഒരു കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് മഞ്ഞൾപൊടിയും ചെറിയ ഉള്ളി കഷണമാക്കിയതും ചേർക്കുക. ഇതിനൊപ്പം മല്ലി, ജീരകം, കുരുമുളക്, ഇഞ്ചി എന്നിവ മിക്സിയിൽ ചതച്ചതും ഉലുവയും മൂന്നു കപ്പ് വെള്ളം കൂടി ചേർത്ത് കുക്കർ അടച്ച് 20 മിനിറ്റ് നേരം വേവിക്കുക. ആവശ്യാനുസരണം ഉപ്പും അൽപ്പം കുരുമുളക് പൊടിയും ചേർത്ത് വിളമ്പാം. പ്രോട്ടീൻ സമ്പന്നമാണ് ഈ സൂപ്പ്.