
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു മാസത്തിനിടെ 14 ജില്ലകളിൽ 10 എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും (ടി.പി.ആർ) മരണ നിരക്കിലും 100 ശതമാനം വർദ്ധന രേഖപ്പെടുത്തി. ദേശീയ തലത്തിലെ മരണനിരക്കിലെ വർദ്ധന സംബന്ധിച്ച 41 ജില്ലകൾ ഉൾപ്പെട്ട ദേശീയ തല പട്ടികയിൽ കേരളത്തിൽ നിന്ന് 10 ജില്ലകളാണ് ഇടംപിടിച്ചത്. മഹാരാഷ്ട്രയിലെ ആറ് ജില്ലകളും പട്ടികയിലുണ്ട്.
മരണ നിരക്കിൽ അക്ഷരനഗരിയായ കോട്ടയമാണ് ഒന്നാമത്. 1033 ശതമാനം കോട്ടയത്തെ മരണനിരക്കിലെ വർദ്ധന. ആലപ്പുഴ -384%, മലപ്പുറം - 169%, പത്തനംതിട്ട, ഇടുക്കി - 133% വീതം, കോഴിക്കോട് - 132%, കൊല്ലം- 119%, തിരുവനന്തപുരം- 102%, തൃശൂർ- 100% എന്നിങ്ങനെയാണ് മരണനിരക്ക്.
ഒരു മാസത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനയിൽ 11 ജില്ലകൾ 100 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം, തലസ്ഥാന ജില്ലയിൽ രോഗബാധിതരുടെ എണ്ണം കുറയുന്നതായാണ് കണക്ക്. 62% ആണ് തലസ്ഥാന ജില്ലയിലെ രോഗികളുടെ വർദ്ധനവ്. 264 ശതമാനം വർദ്ധനയുമായി എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്തുള്ളത്. തൃശൂർ- 244%, പാലക്കാട്- 237%, കോഴിക്കോട്-219%, മലപ്പുറം- 170%, കൊല്ലം-160%, ഇടുക്കി- 153%, പത്തനംതിട്ട- 145%, കോട്ടയം- 144%, ആലപ്പുഴ- 137%, കണ്ണൂർ- 123% എന്നിങ്ങനെയാണ് പോസിറ്റീവ് രോഗികളുടെ നിരക്ക്.
റിവേഴ്സ് ക്വാറന്റൈൻ തിരിച്ചടിച്ചു
റിവേഴ്സ് ക്വാറന്റൈനിലെ വീഴ്‌ചകാരണം സംസ്ഥാനത്ത് കൊവിഡ് മരണനിരക്ക് വർദ്ധിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഡെത്ത് ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 60 വയസു കഴിഞ്ഞവരും മറ്റു ഗുരുതര രോഗങ്ങളുള്ളവരും വീടുകളിൽ ക്വാറന്റൈനിൽ കഴിയണമെന്നായിരുന്നു (റിവേഴ്സ് ക്വാറന്റൈൻ) ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. എന്നാൽ, കഴിഞ്ഞ ഒരുമാസത്തിനിടെ മരിച്ച 61 പേരും റിവേഴ്സ് ക്വാറന്റൈനിൽ കഴിയേണ്ടവരായിരുന്നെന്ന് ആരോഗ്യവകുപ്പ് പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗവും പ്രമേഹമോ ഉയർന്ന രക്തസമ്മർദ്ദമോ ഉള്ളവരാണ്. ഒരുമാസക്കാലയളവിൽ പഠനവിധേയമാക്കിയ 223 കൊവിഡ് മരണങ്ങളിൽ 61 മരണങ്ങളാണ് (24%) റിവേഴ്‌സ് ക്വാറന്റൈനിലെ വീഴ്ച മൂലം സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.