
ആരാധകരുടെ ഹൃദയത്തിലായിരുന്നു എന്നും സഞ്ജയ് ദത്തിന് സ്ഥാനം. അതുകൊണ്ട് തന്നെയാണ് അർബുദ ബാധിതനായി ചികിത്സയ്ക്ക് പോകുമ്പോൾ ആരാധകരേറെയും വേഗം മടങ്ങിവരാനായി അദ്ദേഹത്തോട് പറഞ്ഞതും പ്രാർത്ഥിച്ചതും. കഴിഞ്ഞ ആഗസ്ത് മാസം മുതൽ മുംബയിൽ ചികിത്സയിലായിരുന്നു. സിനിമയിൽ നിന്നും താൽകാലികമായി ഇടവേളയെടുക്കുകയാണെന്ന് അദ്ദേഹം തന്റെ ആരാധകരെ അന്നറിയിച്ചിരുന്നു. എന്നാൽ മക്കളുടെ പത്താം പിറന്നാൾ ദിനത്തിൽ താരം രോഗത്തെ അതിജീവിച്ച് മടങ്ങിയെത്തിയിരിക്കുകയാണ്. വികാരനിർഭരമായ കുറിപ്പാണ് സഞ്ജയ് ദത്ത് തന്റെ ആരാധാകർക്ക് വേണ്ടി എഴുതിയത്. അധികം വൈകാതെ സിനിമയിൽ മടങ്ങി വരുമെന്ന ഉറപ്പും അദ്ദേഹം പങ്കുവയ്‌ക്കുന്നു.
' കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാൽ അവർ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികൾക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങൾ നൽകുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവർക്ക് നൽകാൻ കഴിയുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യവും ക്ഷേമവും. കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ നന്നായി പരിപാലിച്ച ഡോ. സേവന്തിയോടും അവരുടെ ടീമിലെ ഡോക്‌ടർമാരോടും നഴ്സുമാരോടും കോകിലബെൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനോടും ഞാൻ പ്രത്യേകം നന്ദിയുള്ളവനാണ്. വിനയത്തോടെയും നന്ദിയോടെയും. " ഇതായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.