
രാത്രിക്കിത്രയും നീളമോ? ഒന്നുറങ്ങാൻ എത്ര ശ്രമിച്ചിട്ടും ആവുന്നില്ല. ശൈലിയൊന്നുമാറ്റി കമിഴ്ന്നടിച്ചു കിടന്നാലോ. അതും രക്ഷയില്ല. മെത്തയ്ക്കും മേനിക്കുമിടയിൽ ഇടംപിടിച്ച നീർക്കുമിളകൾ എന്നെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കുന്നത്.'നീർ' തടങ്ങളെ പൊട്ടാതെ സംരക്ഷിക്കേണ്ടത് എന്റെ മാത്രം കടമയായതിനാൽ ജാലവിദ്യക്കാരന്റെ വാളിൻ തുമ്പത്തെ കിടത്തം പോലൊരു മയക്കം. ചിക്കൻ പോക്സിന് അകമ്പടിയെന്നോണം വയറുവേദനയും കൂടിയായപ്പോൾ പിന്നെ പറയണ്ടല്ലോ. ടോർച്ചുതെളിച്ചു സമയം നോക്കിയപ്പോൾ പത്തേ മുക്കാൽ. പ്ലാസ്റ്റിക് കസേര കട്ടിലിനോട് ചേർത്തിട്ട ശേഷം ഒരു കുഞ്ഞു തലയിണ തലയോട് ചേർത്തുവച്ച് മെല്ലെയൊന്നിരുന്നു. അപ്പോഴേക്കും കുമിളകൾ തലയിലും സ്ഥാനം പിടിച്ചുകഴിഞ്ഞിരുന്നു. വലതുകാൽ പതിയെ കിടക്കയിലേക്ക് നീട്ടിവച്ച ശേഷം ഇടതുകാൽ പൊക്കിയപ്പോൾ കിടുങ്ങിപ്പോയി. കട്ടിലിന്റെ പാർശ്വഭാഗങ്ങൾക്ക് മിനുസമേറെയാണെങ്കിലും അകം കുറച്ചു പരുക്കനും മൂർച്ച കൂടിയതും. ഒന്നുറക്കെ കരയണമെന്നുണ്ട്.
വേദന കടിച്ചിറക്കി മയങ്ങിയതറിഞ്ഞില്ല.
''കുഞ്ഞേട്ടാ...ഗുളിക കഴിക്കണ്ടേ...""
ഞെട്ടിയുണർന്നപ്പോൾ വെള്ളവും ഗുളികയുമായി പ്രിയപത്നി.
''പതിനൊന്നു മണിക്ക് തന്നെ കഴിക്കണം. അതാണ് വിളിച്ചത്.""
തലയാട്ടിയ ശേഷം ഗുളിക വാങ്ങി വായിലിട്ടു.
''എടോ...വയറു വേദന സഹിക്കാനാവുന്നില്ല...""
ഭാര്യക്ക് ജോലി മെഡിക്കൽ കോളേജിലാണ്. പോരാത്തതിന് ഒരുതവണ 'നീർ" കുമിളകളെ പേറി നടന്നവളും.
''ഇപ്പോൾ എങ്ങനെയെങ്കിലും ഒന്നുറങ്ങ്.""
വാതിൽ ചാരും മുൻപ് ഭാര്യ പറഞ്ഞു.
''രാവിലെ ഡോക്ടറെ വിളിച്ചു വിവരം പറയാം.""
''സെഡേറ്റിവ് ഗുളികകൾ വല്ലതും...
''എല്ലാം കഴിച്ച ഗുളികയിലുണ്ട്. കുറച്ചു  കഴിഞ്ഞാൽ ഉറങ്ങിക്കോളും.""
ചിന്തകൾ നിദ്രക്ക് വഴിമാറി...
' ഇവൻ' എവിടുന്നാണ് പിടികൂടിയത്. കാശ്മീർ യാത്രക്കിടയിലെവിടെനിന്നോ ആയിരിക്കണം. തുടക്കത്തിലൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. വൈഷ്ണവി ക്ഷേത്രദർശനം നടത്തിയതാവണം ശരീരം അത്രക്കങ്ങ് തളർന്നു പോയത്. ഓർക്കാൻ വയ്യ. ഇരുപത്തിയെട്ടു കിലോമീറ്റർ കയറ്റവും ഇറക്കവുമായി നടത്തം തന്നെ നടത്തം. ജീവിതത്തിലെ ആദ്യാനുഭവം. ഇടയ്ക്കുവന്ന പനി. അതാവും തുടക്കം. പാരസെറ്റമോളിന്റെ ഇടയ്ക്കിടക്കുള്ള പ്രയോഗം കാരണം 'ഇഷ്ടൻ" ഒതുങ്ങിക്കൂടിക്കാണും. എന്തായാലും 'ചിക്കനും" പാരസെറ്റമോളും തമ്മിലുള്ള യുദ്ധത്തിൽ പാടെ തകർന്നത് ഞാനും.
ചാരുകസേരയിലെ ചരിഞ്ഞ ഇരുത്തത്തിന്റെ പരിധി കഴിഞ്ഞു. നടുവേദന അസഹ്യമായപ്പോൾ പതിയെ എഴുന്നേറ്റ് കട്ടിലിൽ കിടന്നു. ഞരങ്ങിയും മൂളിയും അങ്ങനെ ഒരുവിധം നേരം വെളുപ്പിച്ചു.
''ഇത് കഴിച്ചിട്ടു കിടന്നോ...""
രാവിലെ അഞ്ചുമണിക്ക് തന്നെ ഗുളികയുമായി സഹധർമ്മിണി.
''എടോ... ആ ജനലൊന്നു തുറക്ക്വൊ...""

കിടപ്പുമുറിയുടെ വടക്കുഭാഗത്തെ ജാലകത്തിന്റെ മുകളിലത്തെ പാതി പതിയെ തുറന്നുവച്ചു. അനുവാദമില്ലാതെ അകത്തുകയറിയ കാറ്റേൽക്കാനെന്തൊരു സുഖം. നേരം വെളുത്തപ്പോഴേക്കും ഇരിപ്പ്  പ്ലാസ്റ്റിക് ചാരുകസേരയിലേക്ക് മാറ്റി. ഇപ്പോൾ ജാലകക്കാഴ്ച ശരിക്കും കാണാം. കാലാവധി കഴിഞ്ഞ ടി.വിയിലെ ചിത്രം പോലെ ഒരു മികവ് കുറവ്. ആ കാഴ്ചയ്ക്ക് എന്നിൽ ഒരു വികാരവും ഉണ്ടാക്കാൻ പറ്റിയില്ലെന്നതാണ് സത്യം. ഫ്രെയിമിൽ മുൾച്ചെടികളുടെ ഇലകൾ മാത്രം. ഹരിത വർണത്തിന് മങ്ങലേൽപ്പിക്കാൻ അതിനുമേൽ സ്ഥാനം പിടിച്ച ഉണങ്ങിയ തേക്കിലകൾ പരമാവധി ശ്രമിച്ചിട്ടുണ്ട്.തളംകെട്ടി നിന്ന നിശബ്ദതയെ താളാത്മകമായി മുറിവേൽപ്പിച്ചുകൊണ്ട് ഫാനിന്റെ  ഇലകൾ കറങ്ങിക്കൊണ്ടേയിരുന്നു.  ജാലകങ്ങൾ തുറന്നിടാൻ ഭാര്യ കട്ടിലിൽ കയറിയത് എത്ര അനായാസം.
''എടോ...കാലു നോക്കണേ...""
തലേന്ന് തട്ടിയതിന്റെ വേദന ഇപ്പഴും പോയിട്ടില്ല. അല്ലെങ്കിലും ഇപ്പോഴത്തെ കട്ടിലുകൾക്കൊക്കെ എന്തൊരു പൊക്കക്കുറവാ..ഒരുകണക്കിന് നല്ലതുതന്നെ. കുട്ടികൾ വീഴുമെന്ന പേടി വേണ്ട...കട്ടിലിലിരുന്ന് കാലാട്ടി അമ്മൂമ്മയുടെ ചീത്തയും കേൾക്കണ്ട. അമ്മൂമ്മയുടെ കാര്യം പറഞ്ഞപ്പോഴാണ് ഞങ്ങളുടെ നാട്ടിലെ അപ്പു ആശാരിയെ ഓർത്തത്. സാധാരണ ആശാരിയൊന്നുമല്ല. പൊരുളറിയുന്ന പെരുന്തച്ചൻ. പ്രായമേറെയായിട്ടും തമാശക്ക് ഒട്ടും കുറവില്ല. ചിന്തിച്ച് ചിരിച്ചുപോകും. സിനിമാനടൻ സഞ്ജയ് ദത്തിന്റെ ഉടുപ്പുപോലെ അരക്കയ്യൻ ഷർട്ടും ഒരു കാതിൽ കല്ലുവച്ച കമ്മലും. രാവിലെ പണിക്കിറങ്ങുന്നത് കാണാൻ തന്നെ നല്ല ചന്തം. മരിച്ചിട്ടിപ്പോൾ വർഷം പലതായി. ഇതെന്തു കഥ. കട്ടിലിന്റെ കഥ പറഞ്ഞ് അപ്പു ആശാരിയിലെത്തിയതെങ്ങിനെ.
അതൊരു കഥ. അച്ഛൻ മരിച്ചിട്ട് രണ്ടു വർഷം തികയുന്നു. അച്ഛന്റെ കല്യാണ സമയത്തുള്ള കട്ടിൽ പണിതത് അപ്പു ആശാരിയാണെന്ന് കുട്ടിക്കാലത്ത് പറഞ്ഞു കേട്ടിട്ടുണ്ട്.ഇപ്പോഴത്തെ കട്ടിലു പോലൊന്നുമല്ല. തലഭാഗത്തും കാൽഭാഗത്തും നിറയെ അഴികളുള്ള ഉയരമുള്ള കട്ടിൽ. ഇരുന്നാൽ അറിയാതെ കാലാട്ടിപ്പോകും. കാലത്തിന്റെ കോലം തന്നെ മാറി. പിന്നെയാണോ...കട്ടിൽ... അഴികളൊന്നുമില്ലാതെ വെറും കൊത്തുപണികൾ മാത്രം. ചന്തത്തിനു കുറവൊന്നുമില്ല. കാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് അച്ഛന്റെ കിടത്തം കിടപ്പുമുറിയിൽ നിന്നും മുൻവശത്തെ മുറിയിലേക്ക് മാറ്റി. ചികിത്സയുടെയും സന്ദർശകരുടെയും സൗകര്യത്തിനായിരുന്നു ഇത്തരമൊരു മാറ്റം. പുതിയ മുറിയിലെ കട്ടിലാണെങ്കിൽ ന്യൂജെനറേഷനും. രോഗം മൂർച്ഛിച്ചു അച്ഛൻ തീരെ വയ്യാണ്ടായി. മക്കളെല്ലാരും ചുറ്റിനുമിരുന്ന് ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു. അപ്പോൾ ഏട്ടനൊരാശയം.
''എടാ..ഇച്ചാച്ചനെ (അച്ഛനെയങ്ങനെയാണ് വിളിക്കാറ്) ആ പഴയ കട്ടിലിൽ തന്നെ കിടത്തിയാലോ...""
പിന്നെ ഒന്നും ആലോചിച്ചില്ല. അച്ഛന്റെ സുഹൃത്ത് അപ്പു ആശാരി പണിത കട്ടിൽ ഒരുവിധം മുന്നിലെ മുറിയിലെത്തിച്ചു. വേദനിപ്പിക്കാതെ ആ പഴയ കട്ടിലിലേക്ക് അച്ഛനെ മാറ്റിക്കിടത്തി.
അച്ഛന്റെ അരികത്തിരുന്ന് കൈകൾ തലോടിക്കൊണ്ടിരുന്നപ്പോഴും ചിന്ത മുഴുവനും അഴികളിൽ കുരുങ്ങിക്കിടന്നു. എന്തിനാണിത്രയും ഉറപ്പുള്ള അഴികൾ. കൈകൊണ്ട് മെല്ലെയൊന്നു കറക്കി നോക്കി. എല്ലാം കറങ്ങുന്നുണ്ട് .ചിണുങ്ങി കരഞ്ഞുകൊണ്ട്. വേദന കൊണ്ട് പുളയുമ്പോൾ ഇച്ചാച്ചന്റെ കൈകൾ മെല്ലെ മേൽപ്പോട്ട് ഉയർത്തുന്നത് കണ്ടു.അഴികൾക്കു മേൽപിടുത്തം കിട്ടിയപ്പോൾ കണ്ണുകൾക്കൊരു തിളക്കം. അഴികൾക്കുമേൽ പ്രയോഗിക്കുന്ന കരുത്തു കണ്ടാലറിയാം വേദനയുടെ  കാഠിന്യം. കണ്ണുകളിൽനിന്നൊഴുകുന്ന കണ്ണീരിനൊപ്പം അഴികളും കരയുന്നുണ്ടായിരുന്നു...

''ഇതെന്താ ...പല്ലൊന്നും തേക്കുന്നില്ലേ ....""
മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു.
എല്ലാം പതിവുപോലെ. ആദ്യം ഗുളിക. പിന്നെ ദ്രവ രൂപത്തിലുള്ള ആഹാരം. പ്ലാസ്റ്റിക് ചാരുകസേര മെല്ലെ കട്ടിലിനോട് ചേർത്തിട്ട് ഞാനെന്റെ വ്യായാമം ആരംഭിച്ചു. ആദ്യം വലതുകാൽ. പിന്നെ കട്ടിലിന്റെ മൂർച്ചയേറിയ അരികുതട്ടാതെ ഇടതുകാലും. തലയോടൊപ്പം തന്നെ ചെറുതലയിണയും. ഹാവൂ... ഒരു സുഖം. ഇടതു ഭാഗത്തെ തുറന്നിട്ട ജാലകത്തിന്റെ ചട്ടക്കൂടിൽ തെളിയുന്ന കാഴ്ചയ്ക്ക് മാറ്റമൊന്നുമില്ല. തെളിച്ചം കുറച്ചൊന്നു കൂടിയ പോലെ. അല്ല കൂടിയിട്ടുണ്ട്...ഉറപ്പ്.. മുൾച്ചെടികളുടെ ഇലകൾക്കിടയിലെ ചിലന്തി വലയിലിടം തേടിയ നീർക്കണങ്ങൾക്ക് ഒരു കൊച്ചുസൂര്യന്റെ തിളക്കം. ആ വജ്രത്തിളക്കം അധികനേരം നോക്കാനായില്ല.
കണ്ണുകൾ താനേ അടഞ്ഞു പോകുന്നു. മയക്കത്തിലേക്ക് മെല്ലെ തെന്നി വീഴുകയായിരുന്നു. അന്നൊരു ശനിയാഴ്ചയായിരുന്നു. രാവിലെ പത്രത്തിലെ പ്രധാന പരിപാടികളെല്ലാം ഒന്നോടിച്ച് നോക്കിയ ശേഷം ഓഫീസിലെത്തി. ബ്യൂറോ ചീഫ് എഴുതിവച്ച പരിപാടികളും കുറിച്ചെടുത്തു. രണ്ടു മണിയോടെ പ്രസ്ക്ലബ്ബിലെത്തി എല്ലാ പത്രങ്ങളും ഓടിച്ചൊരു നോട്ടം.
പെട്ടെന്നാണ് കാമറയുടെ തകരാറ് ഓർത്തത്. അങ്ങനെ ഞാനും സുഹൃത്തും കാമറ സ്കാനിനു മുന്നിലെത്തി. വണ്ടി പാർക്ക് ചെയ്യുന്നതിനിടയിൽ ആരോ പറഞ്ഞു മെക്കാനിക്ക് ശബരി മലയ്ക്ക് പോയെന്ന്. പടമെടുക്കുന്നതിനു അത്ര വലിയ കുഴപ്പമൊന്നും കാമറക്കില്ല. എന്നാൽ പിന്നെ നോക്കാം. ഇനി ഊണ് കഴിച്ചിട്ട് ബാക്കി പടമെടുപ്പ്.മെയിൻ റോഡിലേക്ക് കയറും മുൻപൊരു പിൻവിളി.
''അല്ലാ...ചെറുതൊന്നു നോക്കണോ.""
''വേണോ...എന്തായാലും ഡ്യൂട്ടി കഴിയട്ടെ.""
''അതല്ല... ഇന്ന് ശനിയാഴ്ചയാണ്. വൈകിട്ട് നല്ല തിരക്കായിരിക്കും.""
ഇഷ്ടൻ വിടുന്ന മട്ടില്ല.
''ഒരു തിരക്കും കാണില്ല. നോമ്പല്ലേ...""
സംഭാഷണത്തിനിടയിൽ പെട്ടെന്നാണ് മുകളിലേക്ക് നോക്കിയത്. മേഘം പൂർണഗർഭിണിയെപ്പോലെ.
''മോനെ വേഗം വരിക്കു നിന്നോ...ഇതിപ്പം പെയ്യും.""
അപ്പോഴേക്കും മഴ തുള്ളിയിട്ടുകഴിഞ്ഞു. തുള്ളിക്കൊരു കുടമെന്നു പറഞ്ഞു കേട്ടതേയുള്ളു. ഇത്രയും വലിയ മഴത്തുള്ളികൾ ഇതുവരെ കണ്ടിട്ടില്ല. ഐസ് കട്ടപോലെ. തണുപ്പാണെങ്കിൽ പറയാനും വയ്യ.
കക്ഷി സാധനവുമായി ഓടിയെത്തി എന്റെ വണ്ടിയുടെ ബോക്സിനുള്ളിൽ നിക്ഷേപിച്ചു.'വിദേശി " അങ്ങനെ മഴ നനയാതെ പെട്ടിക്കകത്തും. പിന്നെ പെരുമഴ തന്നെയായിരുന്നു. കർക്കിടകത്തിൽ പെയ്യാത്തത് വൃശ്ചികത്തിൽ. കൂടെ ഇടിയുടെ അകമ്പടിയും. ആവശ്യത്തിനുള്ള മഴ പടങ്ങൾ പകർത്തിയ ശേഷം വീട്ടിലെത്തി. കുളി കഴിഞ്ഞു ഉച്ചഭക്ഷണം അകത്താക്കി. എന്തോ ഒരു പന്തികേട്. ഒന്ന് കിടന്നാലോ...കിടന്നതോർമ്മ.പൊള്ളുന്ന പനി. പനിയൊന്നടങ്ങിയപ്പോൾ പടങ്ങളെല്ലാം ഓഫീസിലേക്ക് ഇമെയിൽ ചെയ്തു. രാത്രി ഭക്ഷണം പോലും കഴിക്കാതെ ഒറ്റ ഉറക്കം. തണുപ്പറിയാതെ 'വിദേശിയും" വണ്ടിയുടെ പെട്ടിക്കകത്ത്.
''അല്ലാ...ഇങ്ങെനെ ഉറങ്ങിയാലെങ്ങനാ ...കഴുത്തു വേദനിക്കില്ലേ?""
ഗാഢനിദ്രയിൽ നിന്നുണർന്ന് ചുറ്റും പകച്ചു നോക്കി.
''ഉറങ്ങിപ്പോയെടോ..""
മുറിമുഴുവൻ ആര്യവേപ്പിന്റെ ഗന്ധം. വായിലും മുറിയിലും കയ്പ്പ് രസം.
''എടോ...ജാലകത്തിന്റെ ഒരു പാളികൂടി തുറന്നാലോ...""
ജാലകത്തിന്റെ അടുത്ത ഫ്രെയിമിലെ കാഴ്ചക്കായി കൗതുകത്തോടെ കാത്തിരുന്നു. മനം കുളിർക്കുന്ന കാഴ്ച. മൂന്നിഞ്ച് മരക്കഷണം കൊണ്ട് പകുത്തുവച്ച ചട്ടക്കൂടുകൾക്ക് ഇത്രയും അന്തരമോ? പൂത്തു നിൽക്കുന്ന മുൾച്ചെടി. ഒന്നുരണ്ടു ശലഭങ്ങളും. മണം അത്ര ഗുണമില്ലെങ്കിലും നല്ല മഞ്ഞപ്പൂക്കൾ. സൂര്യപ്രഭയിൽ അതിമനോഹരി. അടുത്ത പാളികൂടി തുറക്കട്ടെ...
''വേണ്ടടോ...പിന്നീടാവാം...""
മഞ്ഞനിറത്തിൽ മഞ്ഞളിച്ച കണ്ണുകൾ താനേ മയക്കത്തിലേക്ക്. എന്നാലും എന്നായിരുന്നു... ഓർക്കുന്തോറും ഓർമ്മ കുറയുന്നതുപോലെ. മഴ നനഞ്ഞതിന്റെ പിറ്റേന്ന് ദേഹത്തു പൊങ്ങിയ നീർക്കുമിളകൾ...ഓർക്കുന്നു. ഇപ്പോളെല്ലാം ഓർക്കുന്നു. കടുത്ത വയറുവേദനയിൽ അലമുറയിട്ടു കരഞ്ഞത്. ദേഹം മുഴുവൻ നീർക്കുമിളകളെ വിതക്കാനുള്ള വീർപ്പുമുട്ടലാണ് വയറുവേദനയായി രൂപം കൊണ്ടതെന്നു പിന്നീടറിഞ്ഞു. അയ്യോ ...ഇതെന്താണെന്റെ ദേഹം മുഴുവൻ. ഇതെന്തു രൂപം. ഇതു ഞാനല്ല. അലമുറയിടലിൽ തൊണ്ട തകർന്നതറിഞ്ഞില്ല.
പിന്നിലൊരനക്കം.
''കണ്ണാടി നോക്കണ്ടാന്നു പറഞ്ഞതല്ലേ ...എല്ലാം ശരിയാകും...ഒന്നും പേടിക്കണ്ട.""
സാന്ത്വനത്തിന് പറഞ്ഞറിയിക്കാനാകാത്തത്ര കരുത്ത്.
ഞെട്ടിയുണർന്നപ്പോൾ ചെറു ചിരിയുമായി. ഒരു മാലാഖയെപ്പോലെ. കയ്യിൽ ഗുളികയുമായി.
''എത്ര ജന്മം കൊണ്ട് തീർക്കുമെടോ....ഈ കടങ്ങളൊക്കെ.""
ജാലകങ്ങൾ എല്ലാം തുറക്കുകയായിരുന്നു. മനസിന്റെ ജാലകങ്ങൾ...