middle-east-

ദുബായ് : പ്രവാചകൻ മുഹമ്മദിന്റെ കാർട്ടൂൺ ഉപയോഗിച്ച ഫ്രാൻസിനെതിരെ മിഡിൽ ഈസ്റ്റിൽ വ്യാപക പ്രതിഷേധം. അടുത്തിടെയാണ് ഫ്രാൻസിലെ ഒരു സ്കൂളിൽ പ്രവാചകന്റെ കാർട്ടൂൺ ഉപയോഗിച്ചു എന്ന പേരിൽ സാമുവൽ പാറ്റി എന്ന അദ്ധ്യാപകൻ കഴുത്തറുത്ത് കൊലചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് പ്രവാചകനെ നന്ദിച്ചു എന്നാരോപിച്ച് മുസ്ലീം ഭൂരിപക്ഷമുള്ള ഗൾഫ് രാജ്യങ്ങളിൽ ഫ്രാൻസിനെതിരെ പ്രതിഷേധം ശക്തമാകുന്നത്.

കുവൈറ്റിൽ വ്യാപാര സ്ഥാപനങ്ങൾ ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിച്ചു. സൗദി അറേബ്യയിൽ ഫ്രഞ്ച് സൂപ്പർ മാർക്കറ്റ് ശൃംഖലയായ കാരഫോറിനെ ബഹിഷ്കരിക്കുന്നതിനുള്ള ഹാഷ്‌ടാഗുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമാണ്.

കഴിഞ്ഞ ദിവസം ഫ്രഞ്ച് അംബാസിഡറുമായി കുവൈറ്റ് വിദേശകാര്യ മന്ത്രി അഹ്‌മ്മദ് നാസർ അൽ - മുഹമ്മദ് അൽ - സാബാ കൂടിക്കാഴ്ച നടത്തിയിരുന്നു. പാരീസിൽ നടന്ന ശിരച്ഛേദത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ചുവെങ്കിലും പ്രവാചകനെ വെറുപ്പും വിദ്വേഷവും വർഗീയതയും സൃഷ്ടിക്കുന്ന രാഷ്ട്രീയവും ഔദ്യോഗികവുമായ പരാമർശങ്ങളിലൂടെ അപമാനിക്കുന്നത് ഉടൻ തടയണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.

കുവൈറ്റിന് പുറമേ തുർക്കി, ഖത്തർ, ജോർദ്ദാൻ എന്നിവിടങ്ങളിലും ശക്തമായ പ്രതിഷേധം അരങ്ങേറുകയാണ്. തെരുവുകളിൽ ജനം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ചിത്രങ്ങൾ കത്തിച്ചു. ഫ്രഞ്ച് നഗരങ്ങളിലേക്കുള്ള വിമാന ബുക്കിംഗുകൾ വിവിധ ട്രാവൽ ഏജൻസികൾ നിറുത്തിവച്ചിരിക്കുകയാണ്. അതേ സമയം, മിഡിൽ ഈസ്റ്റിലെ ഫ്രഞ്ച് ഉത്പന്നങ്ങളുടെ ബഹിഷ്കരണം അടിസ്ഥാന രഹിതമാണെന്നും ഗൾഫ് രാജ്യങ്ങളിലെ തങ്ങളുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.