
വിശേഷ ദിവസങ്ങളിൽ ക്ഷേത്രങ്ങൾ അലങ്കരിക്കുന്നതും പ്രത്യേക പൂജകൾ നടത്തുന്നതുമെല്ലാം പുതുമയുള്ള കാഴ്‌ചയല്ല. ഈ നവരാത്രി കാലത്തും ഇന്ത്യയിലങ്ങോളമിങ്ങോളമുള്ള ക്ഷേത്രങ്ങൾ അലങ്കാരപ്രഭാപൂരിതമാകും. കൊവിഡ് ഭക്തർക്ക് മുന്നിൽ തടസം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ക്ഷേത്രാചാരങ്ങൾക്കോ പ്രവർത്തനങ്ങൾക്കോ വിഘാതമുണ്ടാക്കുന്നില്ല. ഇപ്പോഴിതാ തെലുങ്കാനയിലെ ഒരു ക്ഷേത്രംഅധികൃതർ ഭക്തരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ഒരു കോടിയിലധികം മൂല്യമുള്ള കറൻസികൾ കൊണ്ടാണ് ദസറ ദിനത്തിൽ ശ്രീകോവിലും പ്രതിഷ്‌ഠയും ഇവർ അലങ്കരിച്ചത്. തെലുങ്കാനയിലെ കന്യക പരമേശ്വരി ദേവി ക്ഷേത്രത്തിലാണ് ഈ 'കോടി അലങ്കാരം'.
അഞ്ഞൂറും രണ്ടായിരവും അടങ്ങുന്ന നോട്ടുകെട്ടുകൾ അടുക്കിയും പൂക്കളുടെ മാതൃകയിൽ ഒരുക്കിയുമാണ് അലങ്കാരം. കൃത്യമായി പറഞ്ഞാൽ 1,11,11,111 (ഒരു കോടി പതിനൊന്ന് ലക്ഷത്തി പതിനൊന്നായിരത്തി നൂറ്റിപതിനൊന്ന്) രൂപ ആകെ മൂല്യം. ഹൈദരാബാദിൽ നിന്ന് 180 കി.മീ ആകലെയാണ് ഈ ദുർഗാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കൊവിഡ് മഹാവ്യാധി വിതച്ച സാമ്പത്തിക മാന്ദ്യത്തിനിടയിലും ആഭരണങ്ങളുടെയും മറ്റു വഴിപാടുകളുടെയും രൂപത്തിൽ വലിയൊരളവിലാണ് നേർച്ചദ്രവ്യം ക്ഷേത്രത്തിൽ ലഭിച്ചത്.
പുറത്തുനിന്നുള്ളവർക്ക് അത്ഭുതമായി തോന്നുമെങ്കിലും, ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്ക് കാര്യം അങ്ങനെയല്ല. കഴിഞ്ഞ വർഷം ദേവിയെ അലങ്കരിച്ചത് 3,33,33,333 രൂപ മൂല്യം വരുന്ന കറൻസികൾ കൊണ്ടായിരുന്നത്രേ. സാമ്പത്തിക മാന്ദ്യം തന്നെയാകാം ഇത്തവണ മൂല്യം കുറച്ചതെന്ന് ക്ഷേത്രം ട്രഷറർ പി. രാമു വ്യക്തമാക്കി.