
ലണ്ടൻ: ഓക്‌സ്‌ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിൻ അടുത്തമാസം ബ്രിട്ടനിൽ വിതരണത്തിനെത്തുമെന്ന് റിപ്പോർട്ട്. വാക്സിൻ നവംബർ ആദ്യം ലഭ്യമാകുമെന്ന് ലണ്ടനിലെ ഒരു മുൻനിര ആശുപത്രിയെ ഉദ്ധരിച്ച് സൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. നവംബർ രണ്ടോടെ വാക്‌സിന്റെ ആദ്യ ബാച്ചിന്റെ വിതരണത്തിന് തയ്യാറെടുക്കാൻ ആശുപത്രിക്ക് നിർദ്ദേശം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
കൊവിഡ് കൂടുതൽ മാരകമാകുന്ന പ്രായമേറിയവരിൽ ആന്റിബോഡി ഉല്‍പാദനം ത്വരിതപ്പെടുത്താൻ ഉതകുന്നതാണ് വാക്‌സിനെന്ന് റിപ്പോർട്ട് പറയുന്നു. 18-55 പ്രായത്തിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ വാക്‌സിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണത്തിന്റെ വിശദാംശങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് കരുതുന്നതെന്നും റിപ്പോർട്ട് പറയുന്നു. ലോകത്ത് പലയിടത്തായി നടക്കുന്ന വാക്‌സിൻ ഗവേഷണങ്ങളിൽ എറെ മുന്നോട്ടുപോയിട്ടുള്ളത് ഓക്‌സഫഡ് വാക്സിന്റേതാണെന്നാണ് റിപ്പോർട്ട്.