
വാഷിംഗ്ടൺ: നൂറു വർഷത്തിനിടെ ആദ്യമായി ലോഗോ മാറ്റി ടൈം മാഗസിൻ. ടൈം എന്ന ലോഗോ ഇല്ലാതെയാണ് ഇത്തവണ മാഗസിൻ ഇറങ്ങുന്നത്. 'ടൈം' എന്നതിന് പകരം 'വോട്ട്' എന്ന വാക്ക് ചേർത്താണ് നവംബർ രണ്ടിലെ ഇരട്ടപതിപ്പുകളിൽ ഒരു മാഗസിൻ ഇറങ്ങുക. അമേരിക്കൻ തിരഞ്ഞെടുപ്പിൽ ജനതയോട് വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്യുന്നതാണ് പുതിയ കവർ. ബാലറ്റ് ബോക്സിന്റെ ചിത്രം പതിപ്പിച്ച തുണികൊണ്ട് മുഖവും വായും മറച്ചിരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നവംബർ രണ്ടിലെ മാഗസിൻ കവറിലെ ചിത്രം. കവറിലെ ആർട്ട് വർക്ക് ചെയ്തിരിക്കുന്നത് ഷെപ്പേർഡ് ഫെയറിയാണ്. 100വർഷം നീണ്ട ചരിത്രത്തിൽ ആദ്യമായി യു.എസ് പതിപ്പിന്റെ കവറിൽ ലോഗോ മാറ്റിയത് എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നത് അനിവാര്യമാണെന്ന് സൂചിപ്പിക്കാനാണ് -ടൈം മാഗസിൻ എഡിറ്റർ ഇൻ ചീഫ് സി.ഇ.ഒ എഡ്വേർഡ് ഫെൽസെന്താൽ പറഞ്ഞു. നവംബർ മൂന്നിനാണ് തിരഞ്ഞെടുപ്പ്.