
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ മികച്ച മാതൃകയായ രാജാജി നഗർ (ചെങ്കൽചൂള) കോളനിയിൽ നഗര പ്രാഥമിക ആരോഗ്യ കേന്ദ്രം വരുന്നു. നഗരസഭയുടെ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രാഥമിക ആരോഗ്യ കേന്ദ്രം നിർമ്മിക്കുന്നത്.
11 ഏക്കർ, 1500 കുടുംബങ്ങൾ
നഗര മദ്ധ്യത്തുള്ള രാജാജി നഗർ 11 ഏക്കറിലായാണ് സ്ഥിതി ചെയ്യുന്നത്. 1500 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഫ്ളാറ്റുകളിലും കുടിലുകളിലും താമസിക്കുന്നവർ വേറെയും. കൊവിഡിന്റെ രോഗവ്യാപന സമയത്തും ഇവിടെയുള്ളവർ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് സമീപത്തെ ആശുപത്രികളെയാണ്. മഴക്കാലമായാൽ മാലിന്യം അടിഞ്ഞുകൂടി പകർച്ച വ്യാധി ഭീഷണിയിലാകും രാജാജി നഗർ. മാലിന്യ നിർമ്മാർജ്ജനത്തിന് മതിയായ സംവിധാനങ്ങൾ ഒന്നുംതന്നെ ഇവിടെയില്ല. തന്മൂലം രോഗങ്ങൾ പടരാനുള്ള സാദ്ധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് കോളനിയിൽ തന്നെ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രം എന്നതിനെ കുറിച്ച് ആലോചിച്ചത്.
1.80 കോടി ചെലവിടും
ഏരിയ അടിസ്ഥാനമാക്കിയുള്ള വികസന പദ്ധതിയുടെ കീഴിൽ 1.80 കോടിയാണ് പി.എച്ച്.സിക്കായി ചെലവിടുക. പൊതുവേ താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമാണ് രാജാജി നഗർ. അതിനാൽ തറനിരപ്പിൽ നിന്ന് നിശ്ചിത ഉയരത്തിൽ പ്ളാറ്റ്ഫോം നിർമ്മിച്ച ശേഷം അതിനുമുകളിലാവും ഇത് പണിയുക. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
ചേരിപ്രദേശത്തെ ആരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഉഷസ് പദ്ധതിയിൽ ഉൾപ്പെടുത്തി എട്ട് വർഷം മുമ്പ് കരിമഠം കോളനിയിൽ ഒരു നഗരാരോഗ്യ കേന്ദ്രം നിർമ്മിച്ചിരുന്നു. എന്നാൽ, ഇവിടെ ലാബ് അടക്കമുള്ള സൗകര്യങ്ങൾ ഒന്നും തന്നെയുണ്ടായിരുന്നില്ല. മാത്രമല്ല, ഡോക്ടർമാരുടെ സേവനവും ലഭ്യമായിരുന്നില്ല. ഇത് പൊളിച്ച് കളഞ്ഞശേഷം കൂടുതൽ സൗകര്യങ്ങളുള്ള പുതിയ കെട്ടിടം പണിയാനും തീരുമാനിച്ചിട്ടുണ്ട്.
നിലവിലുള്ള പി.എച്ച്.സി കെട്ടിടം രാജാജി നഗറിനടുത്തുള്ള ഊറ്റുകുഴി പനവിള റോഡിനു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടി ഉൾപ്പെടെയാണ് പുതുക്കി പണിയുന്നത്. പ്രൈമറി ഹെൽത്ത് സെന്ററിലേക്കും അങ്കണവാടിയിലേക്കും പ്രത്യേകം പ്രവേശനവും ഒരുക്കും.
 സൗകര്യങ്ങൾ ഇങ്ങനെ
* 3074 ചതുരശ്ര അടിയിൽ കെട്ടിടം
* ലബോറട്ടറി, റിസപ്ഷൻ, ഫാർമസി, നഴ്സ് സ്റ്റേഷൻ, ജെ.പി.എച്ച്.എൻ റൂം, ടോയ്‌ലെറ്റുകൾ, കൺസൾട്ടേഷൻ, ഡ്രസിംഗ് റൂം, സ്റ്റോർ റൂം
* ക്യു മാനേജ്‌മെന്റ് സിസ്‌റ്റത്തിന്റെ സഹായത്തോടെ വിശാലമായ വെയിറ്റിംഗ് ഏരിയ
* മേൽക്കൂരയുള്ള യോഗ ഹാൾ
 അങ്കണവാടിയിൽ ഇവ
നിലവിലുള്ള പി.എച്ച്.സി കെട്ടിടം വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ്. 1012 ചതുരശ്ര അടിയുള്ള അങ്കണവാടി കെട്ടിടവും ഇതിന്റെ ഭാഗമായി നിർമ്മിക്കും. ഇൻഡോർ ഔട്ട്‌ഡോർ കളിസ്ഥലങ്ങൾ, അടുക്കള, കുട്ടികൾക്ക് വിനോദത്തിനുള്ള സൗകര്യങ്ങൾ, ഫർണിച്ചർ.