
പട്ന: ബിഹാർ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഉള്ളി വിലക്കയറ്റം പ്രചാരണവിഷയമാക്കി ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. സവാള കൊണ്ട് മാല തീർത്ത തേജസ്വി ഇത് ബി.ജെ.പിക്ക് സമർപ്പിക്കുകയാണെന്ന് അറിയിച്ചു. വിലക്കയറ്റവും അഴിമതിയും തൊഴിലില്ലായ്മയും മൂലം സാധാരണക്കാരുടെ ജീവിതം ദുരിതപൂർണമായിരിക്കുകയായണ്. ചെറുകിട ബിസിനസുകാരെ ബി.ജെ.പി തകർത്തു. ജോലിയും കൂലിയും നഷ്ടമായ യുവജനങ്ങളും വ്യാപാരികളും ഭക്ഷണം കണ്ടെത്താൻ പോലും ബുദ്ധിമുട്ടുകയാണ്. ദരിദ്ര സംസ്ഥാനമായ ബീഹാറിൽ ആളുകൾ വിദ്യാഭ്യാസത്തിനും ജോലിക്കും ആശുപത്രിയ്ക്കുമൊക്കെയായി മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്. പട്ടിണി ഉയരുകയാണ്. സവാള കിലോ 50-60 രൂപയായിരുന്നപ്പോൾ സംസാരിച്ചവരൊക്കെ 90 രൂപയായപ്പോൾ നിശബ്ദരാണ്. അവർക്കായി ഞങ്ങളീ സവാള മാല സമർപ്പിക്കുന്നു എന്നാണ് തേജസ്വി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. കഴിഞ്ഞ കുറച്ചുദിവസമായി രാജ്യത്ത് സവാള വില കിലോയ്ക്ക് 100 രൂപയായി ഉയർന്നിരുന്നു. നാളെയാണ് ബീഹാറിലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടക്കുക. നവംബർ മൂന്ന്, ഏഴ് തീയതികളിലായി പൂർത്തിയാകുന്ന തിരഞ്ഞെടുപ്പിന്റെ ഫലം പത്തിനാണ് പുറത്തുവരിക. തൊഴിലില്ലായ്മ പ്രധാന പ്രചാരണ ആയുധമാക്കുന്ന തേജസ്വി അധികാരത്തിലെത്തിയാൽ പത്തു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.