
ഇസ്ലാമാബാദ്: സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് ഇസ്ലാമോഫോബിക് ഉള്ളടക്കങ്ങൾ നിരോധിക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇക്കാര്യം ഉന്നയിച്ച് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക്സുക്കർബർഗിന് പ്രധാനമന്ത്രി കത്തയച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വളരുന്ന ഇസ്ലാമോഫോബിയ ലോകത്തെ മുഴുവൻ ഭീകരവാദത്തിലേക്കും ആക്രമണത്തിലേക്കും നയിക്കുമെന്ന് കത്തിൽ ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞദിവസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെതിരെയും ഇതേ വിഷയത്തിൽ ഇമ്രാൻ ഖാൻ വിമർശനങ്ങൾ നടത്തിയിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാർട്ടൂൺ വിദ്യാർത്ഥികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ ഫ്രാൻസിൽ ചരിത്രാദ്ധ്യാപകാനായ സാമുവൽ പാറ്റി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ വിമർശനങ്ങൾ. അക്രമം അഴിച്ചുവിട്ട ഭീകരർക്ക് നേരെ നടപടി എടുക്കുന്നതിന് പകരം മാക്രോൺ ഇസ്ളാമിനെതിരെ തിരിഞ്ഞ് ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നത് നിർഭാഗ്യകരമാണെന്ന് ട്വിറ്ററിലൂടെ ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു.