
വാഷിംഗ്ടൺ: 16 കോടി വർഷങ്ങൾക്ക് മുൻപ് ഭൂമിയിലുണ്ടായിരുന്ന കുഞ്ഞു പക്ഷി ദിനോസറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ട് അമേരിക്കൻ ഗവേഷകർ. വവ്വാലിന് സമാനമായ ചിറകുള്ള ഇവക്ക് യി ക്വി എന്നും ആംബോപ്റ്റെറക്സ് എന്നുമാണ് പേരിട്ടിരിക്കുന്നത്. ചിറകടിച്ചു പറക്കുന്നതിനേക്കാൾ ഉപരി മരങ്ങളുടെ ചില്ലകളിൽ നിന്നും ഉയരങ്ങളിൽ നിന്നുമെല്ലാം വായുവിലൂടെ തെന്നി നീങ്ങാൻ ശേഷിയുണ്ടായിരുന്ന ഇവക്ക് കാലക്രമേണ വംശനാശം സംഭവിച്ചു. ഇവ നിന്ന നിൽപ്പിൽ പറന്നുയരാൻ ശേഷിയുള്ളവരായിരുന്നില്ല. ഇനി നിലത്തു നിന്നും പറക്കണമെങ്കിൽ ഓടി ആവശ്യത്തിന് വേഗം കൈവരിച്ച ശേഷമാണ് ഇവ പറന്നുയർന്നിരുന്നത് എന്നാണ് വിവരം.
യി ക്വിയെ 2015ലും ആംബോപ്റ്റെറക്സിനെ കഴിഞ്ഞ വർഷവുമാണ് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ചൈനീസ് ഗവേഷകരാണ് ചൈനയിലെ ലിയോനിങ് പ്രവിശ്യയിൽ നിന്ന് ആംബോപെറ്റ്റെക്സുകളെ കണ്ടെത്തിയത്. മൂന്നു വിരലുകളുള്ള തെറാപോഡുകളുടെ വിഭാഗത്തിൽ പെടുന്ന ഈ ദിനോസർ പക്ഷികളുടെ നീളമേറിയ കൈപ്പത്തിയുടെ പ്രത്യേകതയായിരുന്നു ആദ്യം ഗവേഷകരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പഠനത്തിൽ ഇത് അവയുടെ ചിറകിന്റെ ഭാഗമായിരുന്നെന്ന് ഗവേഷകർ കണ്ടെത്തി. 2015ൽ ചൈനയിൽ നിന്നു തന്നെയാണ് യി ക്വിയേയും കണ്ടെത്തിയത്. ചൈനീസ് ഭാഷയായ മാൻഡരിനിൽ ചിറക് എന്നാണ് യി ക്വി എന്ന വാക്കിന്റെ അർത്ഥം. സ്കാൻസോറിയോപ്റ്റെറിഗിഡ്സ് എന്ന ദിനോസർ കുടുംബത്തിലെ അംഗങ്ങളാണിവർ. സ്കാൻസോറിയോപ്റ്റെറിഗിഡ്സിന് വായുവിലൂടെ തെന്നി നീങ്ങാൻ കഴിവുണ്ട്. രണ്ട് അടിയിൽ താഴെ മാത്രം വലുപ്പമുള്ള ഇവയുടെ രൂപമാതൃകയും പറക്കുന്ന രീതിയും കംപ്യൂട്ടറിന്റെ സഹായത്തിൽ ഗവേഷകർ പുനഃസൃഷ്ടിച്ചിട്ടുണ്ട്. ലേസർ സ്കാനറുകൾ ഉപയോഗിച്ച് ഇവയുടെ ഫോസിലുകൾ ആധാരമാക്കിയാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്.
വായുവിൽ ദീർഘസമയം പറക്കാൻ അവയ്ക്ക് സാധിക്കാതിരുന്നത് മൂലം ആകാശത്തു നിന്നും ഭൂമിയിൽ നിന്നുമുള്ള വേട്ടക്കാരായ മൃഗങ്ങൾക്കും പക്ഷികൾക്കും ഇവ നിരന്തര ഇരയായി മാറി. ഇവയുടെ വംശനാശത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നതും ഈ കാരണമാണ്.
കഷ്ടി ഒരു കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന ഈ പക്ഷികൾ മരങ്ങൾക്ക് മുകളിലായിരുന്നു കൂടുകെട്ടി കഴിഞ്ഞിരുന്നത്. ചെറുപ്രാണികളും വിത്തുകളും സസ്യങ്ങളുമൊക്കെയായിരുന്നു ഇവയുടെ ഇഷ്ടഭക്ഷണം.