covid-vaccine

ലോകമെമ്പാടും കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുന്നതിനാല്‍ വൈറസിനെ തുരത്താന്‍ വാക്സിന്‍ പുറത്തിറക്കാന്‍ ആഗോള ഐക്യദാര്‍ഢ്യം വേണമെന്ന് ലോകാരോഗ്യ സംഘടന. ബെര്‍നിലില്‍ നടന്ന മൂന്ന് ദിവസത്തെ ലോകാരോഗ്യ ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ വീഡിയോ പ്രസംഗത്തിനിടെ ഡബ്ലു.എച്ച്.ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസാണ് ഇക്കാര്യം പറഞ്ഞത്. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ദരിദ്രരാഷ്ട്രങ്ങള്‍ക്കും വാക്സിന്‍ ഉറപ്പാക്കണം

ദരിദ്രരാഷ്ട്രങ്ങള്‍ക്കും വാക്സിന്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യസംഘടന തലവന്‍ പറഞ്ഞു. എന്നാല്‍ മാത്രമേ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. രാജ്യങ്ങള്‍ അവരുടെ സ്വന്തം പൗരന്മാര്‍ക്ക് ആദ്യം വാക്സിന്‍ വിതരണം ചെയ്ത് സംരക്ഷണം ഒരുക്കുന്നത് സ്വാഭാവികമാണെന്ന് ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറഞ്ഞു.

വാക്സിന്‍ ഫലപ്രദമായി കൈകാര്യം ചെയ്യണം
കൊവിഡിനെതിരെ വാക്സിന്‍ പുറത്തിറങ്ങുമ്പോള്‍ അത് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു. ചില രാജ്യങ്ങളില്‍ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുന്നതിന് പകരം എല്ലാ രാജ്യത്തെയും ചിലര്‍ക്ക് വാക്സിന്‍ നല്‍കുന്നതാണ് നല്ല വഴി. വാക്സിന്‍ ദേശീയത കൊവിഡ് മഹാമാരിയെ വര്‍ദ്ധിപ്പിക്കുമെന്നും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെതിരെ വാക്സിന്‍ പുരോഗമിക്കുന്നു

കൊവിഡിനെ തുരത്താന്‍ വാക്സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലോകത്തിലെ പലഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് പരീക്ഷണ വാക്സിനുകളാണ് പലഘട്ടങ്ങളിലായി പരീക്ഷണം പൂര്‍ത്തിയാക്കിയത്. പൂര്‍ണ ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്സിന്‍ ഇതുവരെ പുറത്തിറങ്ങിയില്ലെങ്കിലും സാദ്ധ്യതാ വാക്സിനുകള്‍ വാങ്ങാന്‍ പോലും രാഷ്ട്രങ്ങള്‍ വന്‍തോതില്‍ കരാര്‍ നല്‍കിക്കഴിഞ്ഞു.