
ഉയരെയങ്ങുയരെയൊരു
കൊള്ളിയാൻ മിന്നി
തിരകളങ്ങുയരുയരെ
ഉടലാഴം പൊങ്ങി
കടലോളമാഴത്തിൽ
നിണമൊഴുകയാണ്
തിരയോളമായത്തിൽ
കടലലറയാണ്
കടലിന്റെ നെഞ്ചിലൊരു
കൊഴുകയറയാണ്
കടലിന്റെ കൈകളിൽ
കയർ വരിയയാണ് !
കടലിന്റെയുദരം
തുരക്കയാണ്
കടലിൽ കരിങ്കൽ
മടയുയരയാണ് !
കടലിന്റെ കൺകളിൽ
ചളിനിറയയാണ്
കരളിനെ രണ്ടായ്
പകുക്കയാണ്,
ഉയരെയങ്ങുയരെ
പ്പറക്കുന്നപീറ
പതാകയ്ക്കു കീഴിൽ
കുഴിയ്ക്കയാണ്,
അവർ
കനമേറും ഖനലോഹ
ക്കരുവിനാൽ
കടലിന്റെ, കരളിനെ
രണ്ടായ് പകുക്കയാണ് !
കടലോളമാഴത്തിൽ
നിണമൊഴുകയാണ്
കുതികുത്തിയായുന്നൊ
രരയന്റെ തോണി
തിരകളെക്കീറി
ക്കുതിയ്ക്കയാണ്
അമരത്ത് നിൽക്കുന്നൊ-
രരയന്റെയുള്ളം
അണിയത്ത് തീയ്യായ്
ജ്വലിയ്ക്കയാണ്!
വിരിനെഞ്ചിലൂറുന്ന
കാരീയ രക്തം
കടലിനെ കാക്കാൻ
തിളയ്ക്കയാണ്
സിരകളിൽ പടരുന്ന
കടലിന്റെയുപ്പിൽ
അരയനൊരു
ഗരുഢനായ് വിരിയയാണ്
അരയനിവന-
രചനിവന-
മരൻ കരുത്തൻ
തുഴയുമായ് ധീരം
വരികയാണ്!
കരുതുക കഴുകരെ!
*വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാഴികളെ സന്ദർശിച്ച അനുഭവത്തിൽ നിന്ന് എഴുതിയത്