
ബെർലിൻ: ലോകത്ത് കൊവിഡ് വ്യാപനവും മരണവും കുതിച്ചുയരുന്ന സാഹചര്യത്തിൽ വൈറസിനെ ഉന്മൂലനം ചെയ്യാനായി വാക്സിൻ പുറത്തിറക്കാൻ ഐക്യദാർഢ്യം വേണമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അഥാനോം അറിയിച്ചു. ബെർലിനിൽ നടന്ന മൂന്ന് ദിവസത്തെ ലോകാരോഗ്യ ഉച്ചകോടിയുടെ ഉദ്ഘാടന വേളയിൽ ഒരു വീഡിയോ കോൺഫറൻസിലൂടെ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിൻ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എന്നാൽ മാത്രമേ വൈറസിനെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുകയുള്ളൂ. രാജ്യങ്ങൾ അവരുടെ സ്വന്തം പൗരന്മാർക്ക് ആദ്യം വാക്‌സിന്‍ വിതരണം ചെയ്ത് സംരക്ഷണം ഒരുക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്‍ പുറത്തിറങ്ങുമ്പോൾ അത് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചു. ചില രാജ്യങ്ങളിൽ എല്ലാവർക്കും വാക്‌സിൻ നൽകുന്നതിന് പകരം എല്ലാ രാജ്യത്തെയും ചിലർക്ക് വാക്‌സിന്‍ നൽകുന്നതാണ് നല്ല വഴി.
വാക്‌സിന്‍ ദേശീയത കൊവിഡ് വ്യാപനം വർദ്ധിപ്പിക്കുമെന്നും അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പല ലോകരാജ്യങ്ങളിലും പുരോഗമിക്കുകയാണ്. വിവിധ രാജ്യങ്ങളിലായി നിരവധി പരീക്ഷണ വാക്‌സിനുകളാണ് പലഘട്ടങ്ങളിലായി പരീക്ഷണം പൂർത്തിയാക്കിയത്. പൂർണ ഫലപ്രാപ്തി അവകാശപ്പെടുന്ന വാക്‌സിൻ ഇതുവരെ പുറത്തിറങ്ങിയില്ലെങ്കിലും മികച്ച ഫലം ഇതുവരെ നൽകിയ വാക്‌സിനുകൾ വാങ്ങാൻ പോലും പല ലോകരാജ്യങ്ങളും വൻതോതിൽ കരാർ നൽകിക്കഴിഞ്ഞു.
അതേസമയം, ലോകത്ത് പല രാജ്യങ്ങളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതായും ലോകാരോഗ്യസംഘടന അറിയിച്ചു. രോഗം പടരാതിരിക്കാൻ തുടർ നടപടികൾ സ്വീകരിക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ശനിയാഴ്ച മാത്രം 465,319 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് സംഘടന അറിയിച്ചത്. ഇതിൽ പകുതിയും രണ്ടാംഘട്ട വ്യാപനം രൂക്ഷമാകുന്ന യൂറോപ്പിലാണ്.