ring

ബംഗളൂരു: ഏറ്റവും കൂടുതൽ വജ്രക്കല്ലുകൾ പതിച്ച മോതിരം എവിടെയാണെന്നോ. ഇങ്ങ് ഇന്ത്യയിലെ ഹൈദരാബാദിൽ. വജ്ര വ്യാപാരിയും ഹാൾമാർക്ക് ജുവലറി സ്ഥാപകനുമായ കോട്ടി ശ്രീകാന്ത് ആണ് ഒരു കിടിലൻ വജ്രമോതിരം ഒരുക്കി ഗിന്നസിൽ ഇടം നേടിയത്. 7801 വജ്രക്കല്ലുകൾ കൊണ്ട് ബ്രഹ്മകമലം മോഡലിൽ മോതിരം പണിതത്. ഹിമലായത്തിൽ കാണപ്പെടുന്ന പുഷ്പമാണ് ബ്രഹ്മകമലം. ഇതൾ വിരിഞ്ഞ പൂവിന്റെ ആകൃതിയിലുള്ള മോതിരത്തിന് ദ ഡിവൈൻ 7801 ബ്രഹ്മ വജ്ര കമലം എന്നാണ് ശ്രീകാന്ത് പേര് നൽകിയത്.

ആറു പാളികളുള്ള മോതിരത്തിന്റെ ആദ്യ അഞ്ചു പാളിയിലും എട്ട് ഇതളുകളും അവസാനത്തെ പാളിയിൽ ആറ് ഇതളുകളും ആണ് ഉള്ളത്. 4.9 മില്യൺ യു.എസ് ഡോളർ (36, 26,30, 380 രൂപ)യാണ് മോതിരത്തിന്റെ വില. 2018 സെപ്തംബറിലായിരുന്നു മോതിരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2019 ആഗസ്റ്റിൽ റെക്കോഡിനായി സമർപ്പിച്ചെങ്കിലും ഈ വർഷം സെപ്തംബറിലാണ് റെക്കോഡ് ലഭിച്ചത്. ഇന്ത്യൻ പാരമ്പര്യമനുസരിച്ച് പൂമാലകൾ കൊണ്ടാണ് ദൈവങ്ങളെ ആരാധിക്കുന്നത്. കാരണം, പൂക്കൾ വിശുദ്ധിയെ സൂചിപ്പിക്കുന്നു. അതുമുൻനിറുത്തിയാണ് താൻ ഇത്തരമൊരു ഡിസൈൻ തിരഞ്ഞെടുത്തതെന്നാണ് ശ്രീകാന്ത് പറയുന്നത്. മോതിരം നിർമ്മിക്കുന്നതിന്റെ വീഡിയോ ഗിന്നസ് വേൾഡ് റെക്കോഡ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്.