
ദോഹ: നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വനിതാ യാത്രക്കാരെ നഗ്നരാക്കി പരിശോധിച്ചെന്ന് റിപ്പോർട്ട്. ആസ്ട്രേലിയയിൽ നിന്നുള്ള 13 വനിതാ യാത്രക്കാർക്കാണ് അപമാനം നേരിടേണ്ടി വന്നത്.
ഖത്തറിൽ നിന്നും സിഡ്നിയിലേക്ക് പുറപ്പെടാൻ തയ്യാറായ വിമാനത്തിലുണ്ടായിരുന്ന വനിതാ യാത്രക്കാരുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം അനുവാദം കൂടാതെ പരിശോധന നടത്തിയെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്തുകൊണ്ടാണ് പരിശോധിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.എച്ച്.ഐ.എ അധികൃതർ സംഭവം നിഷേധിച്ചിട്ടില്ല. ഒക്ടോബർ രണ്ടിന് നവജാത ശിശുവിനെ വിമാനത്താവളത്തിൽ കണ്ടെത്തിയതായും ആരോഗ്യ പ്രവർത്തകർ കുട്ടിയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതിനാലാണ് അമ്മയ്ക്കുവേണ്ടി അന്വേഷണം നടത്തിയതെന്നും എച്ച്.ഐ.എ വ്യക്തമാക്കി.
കുഞ്ഞിന്റെ മാതാപിതാക്കൾ ആരെന്ന് ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും കുഞ്ഞിനെക്കുറിച്ച് അറിയാവുന്നവർ മുന്നോട്ടുവരണമെന്നും അധികൃതർ വ്യക്തമാക്കി.ക്യു.ആർ.908 വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളെ അധികൃതർ വിളിച്ചുകൊണ്ടുപോയി. തിരികെ എത്തിയപ്പോൾ അവരെല്ലാവരും അസ്വസ്ഥരായിരുന്നുവെന്ന് വിമാനത്തിൽ ഉണ്ടായിരുന്ന ഒരാൾ പറഞ്ഞു. യുവതിയായ യാത്രക്കാരി കരയുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തർ എയർവേസ് വിമാനത്തിൽ സംഭവിച്ചത് അംഗീകരിക്കാനാകില്ലെന്ന് ആസ്ട്രേലിയ വ്യക്തമാക്കി. വിമാനത്താവളത്തിൽ സംഭവിച്ചത് അനുചിതവും കുറ്റകരവുമാണെന്ന് ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.