aru
അഡ്വാൻസ് ബുക്കിംഗ്. കോട്ടയം നഗരസഭ 28ആം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അരുൾ ശശിധരൻടെ ചുരുക്ക പേരായി എ.എസ് എന്ന് ബുക്ക് ചെയ്ത ചുവർ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ ഇടതു മുന്നണി ബഹുദൂരം മുന്നിൽ. ഈ മാസം 31നുള്ളിൽ ഘടക കക്ഷികളുമായുള്ള സീറ്റ് ചർച്ച പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ ഇടതു മുന്നണി ചർച്ച പുരോഗമിക്കുമ്പോൾ യു.ഡി.എഫ് ഘടക കക്ഷി ചർച്ച നവംബർ രണ്ടിലേക്ക് മാറ്റി. ഇന്നു നടത്താനിരുന്ന ചർച്ചകൾക്ക് നേതൃത്വം നൽകേണ്ടിയിരുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ക്വാറന്റൈനിലായതാണ് ചർച്ച നീളാൻ കാരണം.

അവകാശവാദവുമായി ജോസ്-ജോസഫ് വിഭാഗങ്ങൾ

ഇടതു മുന്നണിയിൽ സി.പി.എം, സി.പി.ഐ കക്ഷികൾ സീറ്റ് ധാരണയിലേക്ക് എത്തിയ ഘട്ടത്തിലാണ് പുതിയ ഘടകകക്ഷിയായി കേരളകോൺഗ്രസ് ജോസ് വിഭാഗം എത്തിയത്. ഇതോടെ സി.പി.എം, സി.പി.ഐ സീറ്റുകൾ ജോസിന് കൂടി പങ്കുവയ്ക്കേണ്ട സ്ഥിതിയായി. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്തിൽ 22ൽ 11 സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസിന് അത്രയും സീറ്റ് കൊടുക്കാനാവില്ലെന്നും വിട്ടുവീഴ്ച വേണ്ടി വരുമെന്നും ഇടതു നേതാക്കൾ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് വിട്ടു വന്ന ജോസിന്റെ കൈവശം ഇപ്പോഴുള്ള നാല് സീറ്റ് നൽകാം. ബാക്കി ചർച്ച ചെയ്തു തീരുമാനിക്കാമെന്ന നിലപാടിലാണ് ഇടതു നേതാക്കൾ. രണ്ടു ദിവസത്തിനുള്ളിൽ ചർച്ച നടക്കും. ധാരണയായില്ലെങ്കിൽ ഒരു വട്ടം കൂടി ചർച്ച ചെയ്ത് 31നുള്ളിൽ തീരുമാനമാകുമെന്നാണ് ഇടതു മുന്നണിയിലെ ഉന്നത നേതാവ് അറിയിച്ചത്.

തങ്ങൾക്ക് ജയസാദ്ധ്യതയില്ലാത്ത അധിക സീറ്റുകൾ ജോസ് വിഭാഗത്തിന് നൽകാൻ സി.പി.എം തയ്യാറാണ്. എന്നാൽ, ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശത്തോട് വലിയ താത്പര്യമില്ലാത്ത സി.പി.ഐ കൂടുതൽ സീറ്റ് വിട്ടു കൊടുക്കുമോ എന്ന് കണ്ടറിയണം

ജോസഫ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകുമോ ?‌

യു.ഡി.എഫിൽ ജോസഫ് വിഭാഗം 22ൽ 11 സീറ്റ് ആദ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും അവകാശ വാദത്തിൽ നിന്ന് പിന്നാക്കം പോയിട്ടുണ്ട്. ജോസഫിന്റെ കൈവശമുള്ള രണ്ട് സീറ്റ് നൽകാം ബാക്കി ചർച്ചയിലൂടെ പരിഹരിക്കാമെന്നാണ് യു.ഡി.എഫ് നേതാക്കൾ ആദ്യ റൗണ്ട് ചർച്ചയിൽ നൽകിയ ഉറപ്പ്. സ്ഥാനാർത്ഥി മോഹികൾ കൂടിയതോടെ കൂടുതൽ സീറ്റ് ഉറപ്പിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. ജോസഫ് വിഭാഗത്തിന് കോട്ടയം ജില്ലയിൽ വലിയ ശക്തി ഇല്ലെന്ന വിലയിരുത്തലിൽ ഉമ്മൻചാണ്ടി കൂടി പങ്കെടുക്കുന്ന അടുത്ത റൗണ്ട് ചർച്ചയിൽ ജോസഫ് വിഭാഗം വലിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണറിയേണ്ടത്. അല്ലെങ്കിൽ പൊട്ടിത്തെറിയിലെത്താം. പൂഞ്ഞാർ സീറ്റിന് ശക്തമായ അവകാശവാദമുന്നയിച്ച് മുസ്ലിംലീഗും രംഗത്തുണ്ട്.

എൻ.ഡി.എ ഘടകകക്ഷികൾ പല വഴിക്ക്

എൻ.ഡി.എയിൽ ഘടകകക്ഷിയായ കേരളകോൺഗ്രസ് തോമസ് വിഭാഗം ബി.ജെ.പി ദേശീയ നേതാക്കൾ വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങൾ കിട്ടാത്തതിൽ ഇടഞ്ഞ് യു.ഡി.എഫ് നേതൃത്വവുമായി ചർച്ചയിലാണ്. അവർ മുന്നണി വിടാനുള്ള സാദ്ധ്യത ഏറെയാണ്. ബി.ഡി.ജെ.എസും അസംതൃപ്തിയിലാണ്. സീറ്റ് ചർച്ച എങ്ങുമെത്തിയിട്ടില്ല.