sivagiri-harisree

വർക്കല: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശിവഗിരി ശാരദാമഠത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. രാവിലെ 6.30 മുതൽ കുരുന്നുകളെ എഴുത്തിനിരുത്തി. ശിവഗിരിയിലെ സന്യാസിശ്രേഷ്ഠന്മാരുടെ മേൽനോട്ടത്തിൽ രക്ഷാകർത്താക്കളാണ് കുഞ്ഞുങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നത്. മുൻകൂട്ടി ബുക്ക് ചെയ്തവരെയാണ് എഴുത്തിനിരുത്താൻ അനുവദിച്ചത്. പുലർച്ചെ മഹാസമാധി, ശാരദാമഠം, വൈദിക മഠം എന്നിവിടങ്ങളിൽ പതിവു പൂജകൾക്കു പുറമേ വിശേഷാൽ പൂജകളും പ്രാർത്ഥനയും നടന്നു. ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ ചടങ്ങുകൾക്ക് മേൽനോട്ടം വഹിച്ചു.