
ലണ്ടൻ: യു.എൻ അണുവായുധ നിരോധന കരാർ പ്രാബല്യത്തിൽ. 50ാം രാജ്യവും ഒപ്പുവച്ചതോടെയാണിത്. അംഗീകരിക്കപ്പെട്ട അഞ്ച് ആണവ ശക്തികളായ യു.എസ്, റഷ്യ, ചൈന, യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ഒപ്പുവെക്കാതെ വിട്ടുനിൽക്കുന്നതിനാൽ പ്രായോഗികമായി വിജയമെന്നു പറയാനാവില്ലെങ്കിലും കരാർ നിലവിൽ വന്നത് ചരിത്രപിറവിയാണെന്ന് അണുവായുധങ്ങൾക്കെതിരെ നിലകൊള്ളുന്നവർ പറയുന്നത്. ഹോണ്ടുറസാണ് 50ാമതായി കരാറിൽ ഒപ്പുവെച്ചത്. 50ാമത്തെ രാജ്യം ഒപ്പുവെക്കുന്നതോടെ കരാർ നിയമമാകുമെന്നാണ് നേരത്തേയുള്ള വ്യവസ്ഥ. 2017ൽ യു.എൻ പൊതുസഭ കൊണ്ടുവന്ന കരാർ 122 രാജ്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും പലരും ഒപ്പുവെക്കാൻ തയാറായിട്ടില്ല. അണുവായുധങ്ങൾ ലോകത്തുനിന്ന് തുടച്ചുനീക്കുന്നതിൽ നിർണായക ചുവടുവെപ്പാണ് നിയമമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.