
തിരുവനന്തപുരം : സംസ്ഥാന മെഡിക്കൽ പി.ജി കോഴ്സുകളിലേക്ക് കഴിഞ്ഞ വർഷം നടന്ന പ്രവേശനത്തിലെ സംവരണ വിഹിതം പിന്നാക്കക്കാർക്ക് ഇടിത്തീയായി. മുന്നാക്കക്കാർക്ക് ലഭിച്ചത് ചാകര. സംവരണ സീറ്റ് വിഭജനത്തിലെ കള്ളക്കളികളാണ് കാരണം.
2011ലെ സെൻസസ് പ്രകാരം, കേരളത്തിലെ 70 ശതമാനം വരുന്ന പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങൾക്ക് ആകെ ലഭിച്ചത് 9 ശതമാനം സംവരണം. 20 ശതമാനം മുന്നാക്ക സമുദായങ്ങൾക്ക് 10 ശതമാനവും. പിന്നാക്ക വിഭാഗങ്ങളെ നേരത്തേ 9 ശതമാനത്തിൽ ഒതുക്കിയിരുന്നു. സർവീസ് ക്വാട്ടയെന്ന പേരിൽ 31 ശതമാനം സംവരണം ചട്ടവിരുദ്ധമായി മാറ്റിയതിന്റെ പേരിലായിരുന്നു
അനീതി. പിന്നീട്, സർവീസ് ക്വാട്ടയിൽ മാറ്റം വരുത്തിയെങ്കിലും, പിന്നാക്കക്കാരെ 9 ശതമാനത്തിൽ കുടുക്കിയിട്ടു. കഴിഞ്ഞ വർഷം മുതൽ പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കി. എന്നാൽ, പിന്നാക്കക്കാരുടെ സംവരണം ഇതിന് ആനുപാതികമായി ഉയർത്താൻ സർക്കാരോ ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പോ തയ്യാറായില്ല. പകരം, മുൻ വർഷത്തെ പ്രോസ്പെക്ടസ് പിന്തുർടന്നു.
പിന്നാക്കക്കാർക്ക് മൊത്തം 427 സീറ്റിലെ 9 ശതമാനം (38 സീറ്റ്) നൽകിയപ്പോൾ, 297 മെരിറ്റ് സീറ്റിലെ പത്ത് ശതമാനം (31 സീറ്റ്) നൽകിയത് മുന്നാക്ക സംവരണത്തിന്. പത്ത് ശതമാനം സംവരണം (42 സീറ്റ്) പട്ടിക വിഭാഗക്കാർക്കും.
കഴിഞ്ഞ വർഷത്തെ മെഡി. പി.ജി സീറ്റ് സംവരണം
പിന്നാക്കക്കാർക്ക് ലഭിച്ച ശതമാനം
തിരിമറി ആവർത്തിക്കപ്പെടാം
പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോഴ്സുകളിൽ ഉൾപ്പെടെ 27 ശതമാനം സംവരണം കേന്ദ്ര വിദ്യാഭ്യാസ സംരക്ഷണ നിയമം വ്യവസ്ഥ ചെയ്യുമ്പോൾ, കേരളത്തിലെ മെഡിക്കൽ പി.ജി സംവരണം 9 ശതമാനത്തിൽ ഒതുക്കുന്നത് നിയമവിരുദ്ധമാണ്. കഴിഞ്ഞ വർഷത്തെ എം.ബി.ബി.എസ് പ്രവേശനത്തിൽ മുന്നാക്ക സംവരണത്തിന് 67 സീറ്റ് (20%) അധികം നൽകിയത് കഴിഞ്ഞ ദിവസം കേരളകൗമുദി പുറത്തു കൊണ്ടു വന്നിരുന്നു. ഇക്കൊല്ലത്തെ മെഡിക്കൽ, പി.ജി പ്രവേശനത്തിലും തിരിമറികൾ ആവർത്തിക്കാനാണ് നീക്കം.