
ന്യൂഡൽഹി: വൻതുകയുടെ വായ്പകൾ തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി ചോദ്യം ചെയ്ത് ബാങ്കുകളുടെ കൺസോർഷ്യം. മല്യയുടെ സ്വത്തുക്കൾ വായ്പകളുടെ ഈടാണെന്നും അതിന്മേലുള്ള അവകാശം ബാങ്കുകൾക്കാണെന്നും എസ്.ബി.ഐ നയിക്കുന്ന ബാങ്കിംഗ് കൺസോർഷ്യത്തിന്റെ അഭിഭാഷകൻ മുകുൽ റോഹത്ഗി ഇന്നലെ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിംഗ്സ് ലിമിറ്റഡ് (യു.ബി.എച്ച്.എൽ) കമ്പനിയുടെ പ്രവർത്തനം നിറുത്താനുള്ള കർണാടക ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് മല്യ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കവേയാണ് ബാങ്കുകൾ ഈവാദം ഉന്നയിച്ചത്. ആസ്തി വിറ്റ് വായ്പാ കുടിശിക കണ്ടുകെട്ടാനായാണ് യു.ബി.എച്ച്.എൽ പൂട്ടാൻ ഹൈക്കോടതി നിർദേശിച്ചത്. മല്യയുടെ ഹർജി സുപ്രീം കോടതി തള്ളി.
വിജയ് മല്യയിൽ നിന്ന് ഇതുവരെ കണ്ടുകെട്ടിയത് 3,600 കോടി രൂപയാണെന്നും 11,000 കോടി രൂപ ഇനിയും കണ്ടുകെട്ടാനുണ്ടെന്നും മുകുൽ റോഹത്ഗി പറഞ്ഞു. 2016ൽ ലണ്ടനിലേക്ക് മുങ്ങിയ മല്യ, അവിടെ ജാമ്യത്തിൽ കഴിയുകയാണ്. 2019ൽ പണംതിരിമറി കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി മല്യയെ 'സാമ്പത്തിക പിടികിട്ടാപ്പുള്ളി"യായി പ്രഖ്യാപിച്ചിരുന്നു.
എസ്.ബി.ഐയുടെ കൺസോർഷ്യത്തിൽ നിന്ന് കിംഗ്ഫിഷർ എയർലൈൻസിനായി വിജയ് മല്യയെടുത്ത വായ്പയാണ് പലിശയും പിഴപ്പലിശയും മറ്റുമായി 11,000 കോടി രൂപ കവിഞ്ഞത്. മല്യയെ ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ ശ്രമിച്ചെങ്കിലും ലണ്ടനിൽ വിവിധ കേസുകളുള്ളതിനാൽ ഫലം കണ്ടില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മല്യയോട് കോടതി:
എന്താണ് ലണ്ടനിലെ
രഹസ്യം?
2016 മാർച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്. സ്കോട്ലൻഡ് യാർഡ് ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കാനുള്ള വാറന്റ് പുറപ്പെടുവിച്ചെങ്കിലും മല്യ കോടതിയിൽ നിന്ന് ജാമ്യം നേടി കഴിയുകയാണ്. ലണ്ടനിൽ 'രഹസ്യ നിയമനടപടികൾ" നടക്കുന്നതാണ് മല്യയെ തിരിച്ചെത്തിക്കാൻ തടസമെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
എന്താണ് ഈ നടപടികളെന്ന് കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസിമാരായ യു.യു. ലളിത്, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ച് മല്യയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു. ലണ്ടൻ കോടതിയിലെ തടസങ്ങൾ നീക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.