
ഹൈദരാബാദ്: നോട്ടുകെട്ടുകളിൽ ദേവിയെ അലങ്കരിച്ച് വ്യത്യസ്തമായ ദസറ ആഘോഷം. തെലങ്കാനയിലെ വാസവി കന്യക പരമേശ്വര ക്ഷേത്രത്തിലെ വിഗ്രഹത്തിലാണ് ഭക്തർ കാണിക്കയായി സമർപ്പിച്ച നോട്ടുകൾ കൊണ്ട് അലങ്കാരം നടത്തിയത്. 1,11,11,111 രൂപ മൂല്യം വരുന്ന നോട്ടുകളാണ് അലങ്കാരത്തിനായി ഉപയോഗിച്ചത്. വിഗ്രഹത്തിൽ മാത്രമല്ല ക്ഷേത്ര ചുവരിലും ദേവീ സന്നിധിയിലും നോട്ടുകൾ മാലകളായും പൂച്ചെണ്ടുകളായും അലങ്കാര വസ്തുവായി. കൊവിഡ് പ്രതിസന്ധിക്കിടയിലും ലഭിച്ച സംഭാവന ക്ഷേത്ര അധികൃതരെ തന്നെ അമ്പരപ്പിക്കുന്നുണ്ട്. നോട്ടുമാലാലംകൃതമായ ദേവീ വിഗ്രഹത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
മുൻവർഷങ്ങളിലെ ദസറ ആഘോഷത്തെ അപേക്ഷിച്ച് ചെറിയ തുകയാണ് അലങ്കാരത്തിനായി ഉപയോഗിച്ചതെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം മൂന്നര കോടി രൂപയുടെ നോട്ടുകളും സ്വർണാഭരണങ്ങളും കൊണ്ടായിരുന്നു ദേവിയെ അലങ്കരിച്ചത്. പ്രദേശത്തെ അൻപതോളം വീട്ടുകാർ ചേർന്നാണ് ഇക്കുറി അലങ്കാരത്തിനുള്ള തുക നൽകിയത്. പൂജയ്ക്കു ശേഷം ആ തുക അവർക്ക് മടക്കി നൽകുമെന്ന് ക്ഷേത്ര ട്രഷറർ വ്യക്തമാക്കി.