china

ന്യൂഡൽഹി : കിഴക്കൻ ലഡാക്കിലെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷ സാദ്ധ്യതയുടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ട്. എന്നാൽ ലഡാക്കിൽ മാത്രമല്ല, യഥാർത്ഥ നിയന്ത്രണ രേഖയുടെ മറ്റ് ഭാഗങ്ങളിലും ചൈന സൈനിക സാന്നിദ്ധ്യം ശക്തിപ്പെടുത്തുന്നതായാണ് റിപ്പോർട്ട്.

വെസ്‌റ്റേൺ തിയേറ്റർ കമാൻഡ് ഒഫ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിൽ ചൈന നിയന്ത്രണ രേഖാ പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയാണ്. ഇരുരാജ്യങ്ങളും നേർക്കുനേർ ഉള്ള ഭാഗത്തും സൈന്യത്തെ വിന്യസിക്കാനും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാനും ചൈന തക്കംപാർത്തിരിക്കുന്നതായാണ് സൂചന.

എന്നാൽ അടിസ്ഥാന സൗകര്യവികസനത്തിലൂടെ അക്സായ് ചിൻ ഉൾപ്പെടെ ചൈന കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെ സൈനികവത്കരിക്കാനുള്ള ശ്രമമാണിതെന്നും കണക്കാക്കപ്പെടുന്നതായി ദേശീയ സുരക്ഷാ ആസൂത്രകർ പറയുന്നു. മാത്രമല്ല, അതിർത്തികളിൽ സൈനിക വിന്യാസം ശക്തമാക്കുന്നതും ടിബറ്റിൽ ഷീ ജിംഗ്പിംഗ് മുന്നോട്ട് വച്ച ചൈനീസ് കടന്നുകയറ്റത്തിനും ബന്ധമുണ്ടെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സംശയം.

ലാസയിലെ ഗോംഗ്‌ഗാർ എയർബേസിൽ യുദ്ധവിമാനങ്ങൾക്കുള്ള ഷെൽട്ടറുകൾ, കിൻഷായ് പ്രവിശ്യയിലെ ഗോൾമുഡിൽ വലിയ തോതിലുള്ള സംഭരണ കേന്ദ്രം, സിൻജിയാംഗ് മേഖലയ്ക്കും കാഞ്ചിവറിനുമിടെയിലുള്ള പുതിയ റോഡ് നിർമാണം തുടങ്ങി അടുത്തിടെ ടിബറ്റൻ പ്രദേശങ്ങളിൽ ചൈന നടത്തിയ പ്രവർത്തനങ്ങളുടെ ചില ഉപഗ്രഹ ചിത്രങ്ങളും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

ഡെംചോക്ക് നിയന്ത്രണരേഖാ പ്രദേശം മുതൽ ഷിക്കുവാൻ വരെയുള്ള 82 കിലോമീറ്റർ വികസന പ്രവർത്തനങ്ങളും ചൈന കൈവശം വച്ചിരിക്കുന്ന അക്സായി ചിൻ മേഖലയിലെ മാബ്ഡോ ലാ ക്യാമ്പിൽ ഷെൽട്ടറുകളുടെ നിർമാണവും സൂചിപ്പിക്കുന്നത് ഇന്തോ - ചൈന തർക്കത്തിൽ ലോകം മുഴുവൻ ശ്രദ്ധമുഴുകിയിരിക്കുമ്പോഴും ചൈനയുടെ കമ്മ്യൂണിസ്‌റ്റ് ഭരണകൂടം ടിബറ്റിനെ ഉൾപ്പെടെ ലക്ഷ്യം വയ്ക്കുന്നത് തുടരുകയാണെന്നതാണ്.