cm

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ പുനഃരുദ്ധരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 4160 കോടി രൂപ ധനസഹായം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ സ്ഥിര ജീവനക്കാർക്കും പ്രതിമാസം 1500 രൂപവീതം ഇടക്കാല ആശ്വാസമായി നൽകും. എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും പകരം സ്വിഫ്റ്റ് എന്ന സബ്സിഡറി കമ്പനിയിൽ ഇവർക്ക് നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം 961 കോടിയുടെ പലിശ സർക്കാർ എഴുതിതള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും.കൊവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ലോക്ക് ഡൌണ്‍ കാലത്തു പൊതു ഗതാഗതം സ്തംഭിച്ചിരുന്നു. അതിനു ശേഷവും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. ഇത് കെ.എസ്.ആര്‍.ടി.സിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെ.എസ്.ആര്‍.ടിസിക്ക് നല്‍കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

യു.ഡി.എ.ഫിന്‍റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെ.എസ്.ആര്‍.ടിസിക്ക് ആകെ നല്‍കിയ ധനസഹായം 1220 കോടി രൂപ മാത്രമാണ്.എന്നിട്ടും സര്‍ക്കാരിന്‍റെ അവഗണനയെക്കുറിച്ച് പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിന് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ റെയില്‍വെപോലും വിറ്റു കാശാക്കുന്നതിന് കൂട്ടുനിന്ന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയനാണെന്നത് എന്നതൊരു വിരോധാഭാസമാണെന്നും പിണറായി ചോദിച്ചു.