ss

തിരുവനന്തപുരം:​മോഷ്ടിച്ച ബൈക്കിൽ കറങ്ങി മോഷണം നടത്തുന്ന മണക്കാട് കാലടി തളിയൽ തോപ്പിൽവീട്ടിൽ പരുന്ത് അനി എന്നു വിളിക്കുന്ന അനിൽകുമാർ(36), ഉളിയാഴ്തുറ പൗഡിക്കോണം പാണൻവിള ബിന്ദു ഭവനിൽ ബ്രൂസിലി ബിജു എന്നു വിളിക്കുന്ന ബിജു (42) എന്നിവരെ മെഡിക്കൽകോളേജ്‌ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം രാത്രി മെഡിക്കൽകോളേജ് ചാലക്കുഴി ലെയിനിൽ സംശയാസ്പദമായ സാഹചര്യത്തിൽ ബൈക്കുമായി നിന്ന പ്രതികളെ നൈറ്റ് പട്രോളിംഗ് സംഘം ചോദ്യംചെയ്യവേ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിൻതുടർന്ന പൊലീസ് ഇരുവരെയും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി. കൂടുതൽ ചോദ്യം ചെയ്തതിൽ പ്രതികളുടെ കൈവശമുണ്ടായിരുന്ന പൾസർ ബൈക്ക് വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ നിന്നു മോഷ്ടിച്ചതാണെന്ന് തെളിഞ്ഞു. ഇരുവരുംചേർന്ന് സമീപകാലത്ത് തിരുവനന്തപുരം സിറ്റിയിലും റൂറലിലുമായി വിവിധ സ്റ്റേഷൻ പരിധികളിൽ നടത്തിയ മറ്റ് അഞ്ച്‌ മോഷണങ്ങൾ കൂടി തെളിഞ്ഞിട്ടുണ്ട്. ചെമ്പഴന്തി അഗ്രി ഇംപ്രൂവ്‌മെന്റ് സൊസൈറ്റിയുടെ കീഴിലുള്ള നീതി സ്റ്റോറിൽ പൂട്ട് പൊളിച്ച് കടന്ന് 15000 രൂപ കവർച്ച ചെയ്തതും, നെടുമങ്ങാട് അഴീക്കോട് സപ്ലൈകോ മാർക്കറ്റിന്റെ ഷട്ടർലോക്ക് പൊട്ടിച്ച് കയറി സാധനങ്ങൾ മോഷ്ടിച്ചതും, ഇടവക്കോട് സ്വദേശി സുനിലിന്റെ പൾസർ ബൈക്ക്‌ മോഷ്ടിച്ചതും, അരുവിക്കര സ്റ്റേഷൻ പരിധിയിലെ അഴീക്കോട് മുസ്ലിംപള്ളിക്കു സമീപം നന്ദന ഫിനാൻസ് കുത്തിത്തുറന്ന് 75650 രൂപ കവർന്നതും, വലിയവിളയിൽ നിന്നു ഒരു ബൈക്ക്‌ മോഷ്ടിച്ചതും ബിജുവും അനിയും ചേർന്നാണെന്ന് കണ്ടെത്തി. 200​ൽപ്പരം കേസുകളിൽ പ്രതികളായിട്ടുള്ള ഇരുവരും ഗുണ്ടാ നിയമപ്രകാരം പലതവണ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുണ്ട്. എസ്.എച്ച്.ഒ, പി. ഹരിലാൽ, എസ്.ഐ പ്രശാന്ത്, എ.എസ്.ഐ സാബു, എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ മാരായ വിനീത്, പ്രതാപൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.