deeksha

കാസർകോട്: ജയറാം മഞ്ചത്തായ കേശവാനന്ദ ഭാരതി സ്വാമികളുടെ പിൻഗാമിയായി എടനീർ മഠാധിപതിയാകും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ തമിഴ്നാട്ടിലെ കാഞ്ചി കാമകോടി മഠത്തിൽ നടന്ന ചടങ്ങിൽ കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതിയിൽ നിന്ന് അദ്ദേഹം ദീക്ഷ സ്വീകരിച്ചു. സച്ചിദാനന്ദ ഭാരതിയെന്നാവും ഇനി അറിയപ്പെടുക.

കാഞ്ചിയിൽ നിന്ന് തിരിച്ച സ്വാമി ഇന്ന് ഉച്ചക്ക് 11.30 ഓടെ എടനീർ മഠത്തിലെത്തി പുന:പ്രവേശനം നടത്തും. സ്വാമിയെ വാദ്യഘോഷങ്ങളോടെ മഠത്തിലേക്ക് സ്വീകരിച്ചാനയിക്കും. ഹോമാദി കാര്യങ്ങളും കലശാഭിഷേകവും നടത്തിയ ശേഷം നാളെ ഉച്ചയോടെ പീഠാരോഹണ ചടങ്ങ് നടക്കും.

എടനീർ മഠത്തിന്റെ പതിനാലാമത് മഠാധിപതിയാണ് . നേരത്തെ തന്നെ എടനീർ മഠത്തിന്റെ അദ്ധ്യാത്മിക, അധികാര ചുമതലകളിൽ ഇദ്ദേഹമുണ്ടായിരുന്നു. അന്തരിച്ച കേശവാനന്ദ ഭാരതിയുടെ സഹോദരി സരസ്വതി അമ്മയുടെയും നാരായണ കെജില്ലയായുടെയും പുത്രനാണ് .ജനിച്ചതും വളർന്നതും എടനീർ മഠത്തിലാണ്. 1992 ൽ ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷമാണ് മഠത്തിൽ സജീവമായത്. സദാസമയവും കേശവാനന്ദ ഭാരതിയുടെ കൂടെയായിരുന്നു പിന്നീട്. 27 ദിവസം നീണ്ടുനിന്ന പുണ്യക്ഷേത്ര യാത്രക്കായി സ്വാമിയുടെ കൂടെ നേപ്പാളിൽ പോയി. മുൻഗാമിയെപ്പോലെ , കലയെയും സംഗീതത്തെയും ഏറെ സ്‌നേഹിക്കുന്നയാളാണ് സച്ചിതാനന്ദ ഭാരതിയും.