
ന്യൂഡൽഹി: മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം പിൻനിരയിൽ. 138 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് കിട്ടിയത് 131-ാം സ്ഥാനം. പാകിസ്ഥാനും നേപ്പാളും ശ്രീലങ്കയും ഇറാക്കും ഇന്ത്യയേക്കാൾ മെച്ചപ്പെട്ട റാങ്ക് നേടി.
ഇന്റർനെറ്റ് വഗപരിശോധകരായ 'ഊക്‌ല"യാണ് പട്ടിക തയ്യാറാക്കിയത്. സെക്കൻഡിൽ 12.07 മെഗാ ബിറ്റാണ് (എം.ബി.പി.എസ്) ഇന്ത്യയിലെ ഇന്റർനെറ്റ് സ്‌പീഡ്. 116-ാം സ്ഥാനത്തുള്ള പാകിസ്ഥാന്റെ വേഗം 17.13 എം.ബി.പി.എസ്. 17.12 എം.ബി.പി.എസ് വേഗവുമായി നേപ്പാൾ 117-ാം സ്ഥാനത്താണ്. ശ്രീലങ്കയിലെ വേഗം 19.95 എം.ബി.പി.എസ്. ഇറാക്കിലേത് 12.24 എം.ബി.പി.എസുമാണ്.
ആഫ്രിക്കൻ രാജ്യങ്ങളായ ഘാന, അൾജീരിയ, ടാൻസാനിയ, ലിബിയ, സാംബിയ എന്നിവയും ഇന്ത്യയേക്കാൾ മുന്നിലാണ്. 121 എം.ബി.പി.എസ് സ്‌പീഡുള്ള ദക്ഷിണ കൊറിയയ്ക്കാണ് പട്ടികയിൽ ഒന്നാംസ്ഥാനം. ബ്രോഡ്‌ബാൻഡിൽ ഇന്ത്യയുടെ വേഗം 46.47 എം.ബി.പി.എസാണ്; റാങ്ക് 70. നേപ്പാൾ 113-ാമതും പാകിസ്ഥാൻ 159-ാമതുമാണ്.