
ബൊളീവിയയിൽ ആമസോൺ മഴക്കാടുകളിലെ ചെങ്കുത്തായ മലകൾക്കിടയിലൂടെ കടന്നുപോകുന്ന റോഡാണ് നോർത്ത് യുംഗസ് റോഡ്. ലാപാസിനെയും കൊരോയിക്കോയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് അറിയപ്പെടുന്നത് 'മരണത്തിന്റെ പാത' എന്നാണ്. കാണാൻ മനോഹരമാണെങ്കിലും ലോകത്തെ ഏറ്റവും അപകടകരമായ പാതകളിൽ ഒന്നാണിത്. ലോകത്തെ ഏറ്റവും വലിയ ചെങ്കുത്തായ റോഡുകളിൽ ഒന്നുകൂടിയാണ് യുംഗസ് റോഡ്.

റോഡിന്റെ ഒരു ഭാഗത്ത് കൂറ്റൻ പാറയാണ്, മറു വശത്തോ 2000 അടിയിൽ അഗാതമായ താഴ്ചയും. റോഡിന്റെ വീതിയാകട്ടെ വെറും 12 അടിയും. ദൂരെ മലനിരകളിൽ നിന്നും ഉത്ഭവിച്ച് ഒഴുകുന്ന ചെറു അരുവികളെ ഈ റോഡിൽ നിന്നും കാണാൻ സാധിക്കും. 40 മൈൽ ദൂരത്തിലുള്ള യുംഗസ് റോഡിൽ വിവിധ അപകടങ്ങളിലായി പ്രതിവർഷം 200 മുതൽ 300 വരെ പേർ കൊല്ലപ്പെടുന്നുവെന്നാണ് കണക്ക്.

1930കളിലാണ് കോർഡില്ലേറ മലനിരകളിൽ യുംഗസ് റോഡിന്റെ നിർമാണം ആരംഭിച്ചത്. ലാപാസിൽ സമുദ്രനിരപ്പിൽ നിന്നും 3,660 മീറ്റർ ഉയരത്തിൽ തുടങ്ങുന്ന യുംഗസ് റോഡ് ലാ കുബ്രെയിൽ വച്ച് 4,650 മീറ്റർ ഉയരത്തിൽ എത്തുന്നു. ഇവിടെ നിന്നും ചെങ്കുത്തായി ചരിഞ്ഞ് പോകുന്ന റോഡ് കൊരോയിക്കോയിൽ എത്തുമ്പോൾ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 1,200 മീറ്റർ ആകുന്നു.

റോഡിന്റെ ചില ഭാഗങ്ങളിൽ ടാർ ചെയ്‌തിട്ടില്ല. പ്രത്യേകിച്ച് സുരക്ഷാ വേലികളും ഇല്ല. മഴക്കാലത്ത് യുംഗസ് റോഡിലൂടെയുള്ള സഞ്ചാരം അത്യന്തം അപകടകരമാണ്. മൂടൽ മഞ്ഞ് കാഴ്‌ചയ്‌ക്ക് തടസമാകും. മണ്ണിടിച്ചിലും മലനിരകളിലെ പാറകൾ വേർപ്പെട്ട് റോഡിലേക്ക് പതിക്കുന്നതും മഴക്കാലത്ത് പതിവാണ്. ചൂടുകാലത്ത് പൊടിശല്യമാണ് യാത്രക്കാർക്ക് വില്ലനാകുന്നത്. 1983 ജൂലായ് 24ന് യുംഗസ് റോഡിൽ വച്ച് ഒരു ബസ് കൊക്കയിലേക്ക് മറിഞ്ഞ് 100 ലേറെ പേർ മരിച്ചിരുന്നു.

1998 മുതൽ യുംഗസ് റോഡിലൂടെ സൈക്ലിംഗ് നടത്തിയിട്ടുള്ള 18 ഓളം പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1999ൽ എട്ട് ഇസ്രയേലി ടൂറിസ്‌റ്റുകൾ ജീപ്പ് അപകടത്തിൽ ഇവിടെ കൊല്ലപ്പെട്ടു. അപകടങ്ങൾ ഉറക്കംകെടുത്തി തുടങ്ങിയപ്പോൾ ബൊളീവിയൻ ഭരണകൂടം ഇവിടെ ഒരു സമാന്തര പാത നിർമിച്ചു. ഈ പാത വഴിയാണ് ഇപ്പോൾ യാത്രക്കാർ സഞ്ചരിക്കുന്നത്. ചില ടൂറിസ്റ്റുകളും സാഹസികത ഇഷ്ടപ്പെടുന്നവരും ഇപ്പോഴും പഴയ യുംഗസ് പാത തിരഞ്ഞെടുക്കാറുണ്ട്.