sanju

ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

സഞ്ജു സാംസൺ ട്വന്റി-20 ടീമിൽ,

രാഹുൽ ലിമിറ്രഡ് ഓവർ വൈസ് ക്യാപ്ടൻ

പരിക്കേറ്ര രോഹിതും ഇശാന്തുമില്ല

ന്യൂഡൽഹി: ആസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന, ട്വന്റി-20 ടീമുകളെ പ്രഖ്യാപിച്ചു. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം സഞ്ജു സാംസണെയും ഉൾപ്പെടുത്തി. കൊവിഡ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ആദ്യ വിദേശ പര്യടനമാണിത്. വിരാട് കൊഹ്‌ലി തന്നെയാണ് മൂന്ന് ഫോർമാറ്രുകളിലെയും നായകൻ. ഐ.പി.എല്ലിനിടെ ഹാംസ്ട്രിംഗ് ഇഞ്ച്വറി വഷളായ രോഹിത് ശർമ്മയേയും പരിക്കേറ്റ് മറ്രൊരു താരം ഇശാന്ത് ശർമ്മയേയും ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. രോഹിതിന്റെ അഭാവത്തിൽ ഏകദിനത്തിലും ട്വന്റി-20യിലും കെ.എൽ രാഹുലാണ് വൈസ് ക്യാപ്ടൻ. അജിങ്ക്യ രഹാനെയാണ് ടെസ്‌റ്ര് ടീമിന്റെ വൈസ് ക്യാപ്ടൻ. റിഷഭ് പന്തിനെ ടെസ്റ്റ് ടീമിൽ മാത്രമേ ഉൾപ്പെടത്തിയിട്ടുള്ളൂ.ഐ.പി.എല്ലിലെ മികവുകൂടി പരിഗണിച്ചാണ് സഞ്ജുവിനെ ട്വന്റി-20 ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇതിന് മുൻപ് കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ ടീമിന്റെ ന്യൂസിലൻഡ് പര്യടനത്തിലും ട്വന്റി-20 ടീമിൽ സഞ്ജുവുണ്ടായിരുന്നു. സുനിൽ ജോഷിയുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ വിഡിയോ കോൺഫറൻസ് വഴി യോഗം ചേർന്നാണ് ടീമിനെ തിരഞ്ഞെടുത്തത്. ഏകദേശം ഏഴു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ടീമിനെ തിരഞ്ഞെടുക്കാൻ സെലക്ടർമാർ സമ്മേളിച്ചത്.

നവംബറിൽ ആരംഭിക്കുന്ന പര്യടനത്തിൽ മൂന്ന് വീതം ട്വന്റി-20യും ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മത്സരക്രമവും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഐ.പി.എല്ലിന് ശേഷം ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ താരങ്ങൾ ദുബായിൽ ഒരുമിച്ചുചേരും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ പതിവിലും വലിയ ടീമിനെയാണ് തിരഞ്ഞെടുത്തത്.

ടെസ്റ്റ് ടീം: കൊഹ്‌ലി (ക്യാപ്‌ടൻ), മായങ്ക് , പൃഥ്വി ഷാ, രാഹുൽ, പൂജാര,രഹാനെ (വൈസ് ക്യാപ്ടൻ), വിഹാരി, ഗിൽ, സാഹ (വിക്കറ്റ് കീപ്പർ), പന്ത് (വിക്കറ്റ് കീപ്പർ),ബുംറ,ഷമി, ഉമേഷ്, സെയ്നി, കുൽദീപ്, ജഡേജ, അശ്വിൻ, സിറാജ്.

ഏകദിന ടീം: കൊഹ്‌ലി (ക്യാപ്‌ടൻ),ധവാൻ, ഗിൽ, രാഹുൽ (വൈസ് ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), ശ്രേയസ്, മനീഷ്, ഹാർദിക്, മായങ്ക്, ജഡേജ, ചഹൽ, കുൽദീപ്, ബുംറ,ഷമി, സെയ്നി, ഷാർദുൽ.

ട്വന്റി-20 ടീം: കൊഹ്‌ലി (ക്യാപ്‌ടൻ), ധവാൻ, മായങ്ക് , കെ.എൽ. രാഹുൽ (വൈസ് ക്യാപ്ടൻ, വിക്കറ്റ് കീപ്പർ), ശ്രേയസ്, മനീഷ്, ഹാർദിക്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ),ജഡേജ, വാഷിംഗ്ടൺ, ചഹൽ,ബുംറ,ഷമി,സെയ്നി, ദീപക് ചാഹർ, വരുൺ ചക്രവർത്തി.

റിസർവ് ബൗളർമാർ: കംലേഷ് നാഗർകോട്ടി, കാർത്തിക് ത്യാഗി, ഇഷാൻ പോറൽ, ടി.നടരാജൻ

ശാസ്ത്രിയും സംഘവും ദുബായിൽ

ദുബായ്: ആസ്ട്രേലിയൻ പര്യടനത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ച് രവി ശാസ്ത്രിയും മറ്റ് സഹപരിശീലകരും ദുബായിൽ എത്തി. ബാറ്റിംഗ് കോച്ച് വിക്രം രാത്തോർ, ബൗളിംഗ് കോച്ച് ഭരത് അരുൺ, ഫീൽഡിംഗ് കോച്ച് ആർ.ശ്രീധർ എന്നിവരും ശാസ്ത്രിക്കൊപ്പമുണ്ട്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്രുകളായ ചേതേശ്വർ പുജാരയും ഹനുമ വിഹാരിയും ദുബായിലെത്തിയിട്ടുണ്ട്. എല്ലാവരും ബയോ-ബബിളിൽ പ്രിവേശിച്ചു. പുജാരയും വിഹാരിയും ആറ് ദിവസത്തെ ക്വാറന്റൈന് ശേഷം ദുബായിലെ ഐ.സി.സിയുടെ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനം തുടങ്ങിയേക്കും.