quat

കുറ്റക്കാരല്ലെന്ന് എൻ.സി.ബി

മുംബയ്: രണ്ടാം മധുവിധു ആഘോഷിക്കാൻ ഖത്തറിലേക്ക് പുറപ്പെട്ട ഒനീബയും ഷരീഖും ഒരിക്കലും തങ്ങൾ ഇത്ര വലിയ ചതിയ്ക്ക് ഇരയാകുമെന്ന് കരുതിയിരുന്നില്ല. 2019 ജൂലായിലാണ് ഒനീബയുടെ ബന്ധു ഒരുക്കിയ ഹണിമൂൺ യാത്രയ്ക്കായി ഇരുവരും മുംബയ് വിമാനത്താവളത്തിൽ നിന്ന് ഖത്തറിലേക്ക് പറന്നത്.

ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇരുവരും പൊലീസ് പിടിയിലായി. അമ്പരന്ന ദമ്പതികൾക്ക് മുന്നിലേക്ക് അവരുടെ ബാഗിൽ നിന്നും കണ്ടെത്തിയ പൊതി പൊലീസ് എടുത്തുവച്ചു. നാല് കിലോ ഹാഷിഷായിരുന്നു അത്. വിമാനത്താവളത്തിൽ നിന്നും നേരെ എത്തി​യത് ജയിലിലേക്ക്.

ഹണിമൂൺ യാത്ര വാഗ്ദാനം ചെയ്ത ബന്ധു തന്റെ സുഹൃത്തിന് നൽകാൻ ഏൽപ്പിച്ചതായിരുന്നു പൊതി. മയക്കുമരുന്ന് കടത്തിയ കേസിൽ ഇരുവർക്കും പത്ത് വർഷം തടവും ഒരു കോടി രൂപ പിഴയും കോടതി വിധിച്ചു.

മധുവിധു യാത്രയുടെ മുഴുവൻ ചെലവും വഹിക്കാമെന്നായിരുന്നു ബന്ധുവിന്റെ വാഗ്ദാനം. ഒനീബ തന്റെ ആദ്യ കുഞ്ഞിനെ ഗർഭം ധരിച്ചിരിക്കുന്ന വേളയിലാണ് ഹണി​മൂൺ​ ഓഫർ വന്നത്.

മുംബയ് പൊലീസും നാർക്കോട്ടിക് സെൽ ബ്യൂറോയും നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ നിരപരാധികളാണെന്നും ഒനീബയുടെ ബന്ധു തബസം ഇവരെ ചതിച്ചതാണെന്നും കണ്ടെത്തി. തബസവും കൂട്ടാളി നിസാം കാരയും പൊലീസ് പിടിയിലായി. പിടിയിലാകുമ്പോൾ ഇവരിൽ നിന്നും 13 ഗ്രാം കൊക്കെയ്ൻ കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതായാണ് എൻ.സി.ബി വ്യക്തമാക്കുന്നത്. ദമ്പതികൾ നിരപരാധികളാണെന്ന് കണ്ടെത്തിയതോടെ ഇരുവരുടെയും ജയിൽ മോചനത്തിനുള്ള സാദ്ധ്യത തെളിഞ്ഞിരിക്കുകയാണ്. നയതന്ത്ര മാർഗത്തിലൂടെ ഖത്തറിനെ സമീപിക്കാനാണ് എൻ.സി.ബിയുടെ തീരുമാനം. എൻസിബിയും മുംബയ് പൊലീസും നടത്തിയ അന്വേഷണത്തിലൂടെ ദമ്പതികളുടെ മോചനം ഉടൻ സാദ്ധ്യമാകുമെന്നാണ് കുടുംബത്തിന്റെയും പ്രതീക്ഷ


"എന്റെ മകൾ മാർച്ചിൽ വിദേശത്തുവച്ച് കുഞ്ഞിന് ജന്മം നൽകി. കുഞ്ഞിന്റെ മുഖം ഒന്നു കാണാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞില്ല.ഖത്തർ എംബസിയ്ക്ക് നിരവധി കത്തുകൾ എഴുതിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല - ഒനീബയുടെ മാതാവ് പ്രവീൺ