
മുംബയ്: ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി പായല്‍ ഘോഷ് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍(അത്താവലെ) അംഗമായി. കേന്ദ്രമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് പായലും മറ്റ് ചിലരും പാർട്ടി അംഗത്വം സ്വീകരിച്ചത്. ആര്‍.ഐ.പി (എ) അംബേദ്കറുടെ പാര്‍ട്ടിയാണെന്ന കാര്യം താൻ പായലിനോട് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
ദലിത്, ആദിവാസി, ഒബിസി, ഗ്രാമീണര്‍, ചേരിനിവാസികൾ തുടങ്ങിയ എല്ലാവരെയും സഹായിക്കുന്ന പാര്‍ട്ടിയാണ് ഇതെന്നും താൻ പറഞ്ഞെന്നും ഇതെല്ലാം കേട്ട ശേഷമാണ് പായല്‍ ഘോഷ് തന്റെ പാര്‍ട്ടിയില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അധികം താമസിയാതെ തന്നെ, പായലിനെ പാർട്ടി വനിതാ വിഭാഗം ദേശീയ വൈസ് പ്രസിഡന്റ് ആയി നിയമിച്ചതായും കേന്ദ്രമന്ത്രി അറിയിച്ചു. പായലും കൂടെയുള്ളവരും എത്തിയതോടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, നടിയുടെ ആരോപണത്തിൽ അനുരാഗ് കശ്യപിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും രാംദാസ് അത്താവലെ പറഞ്ഞിട്ടുണ്ട്.