
അബുദാബി: ഐ.പി.എല്ലിൽ ഇന്നലെ മുംബയ് ഇന്ത്യൻസിനെതിരെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന് രാജസ്ഥാൻ തകർപ്പൻ വിജയം നേടിയിരുന്നു. ബെൻ സ്റ്റോക്സും മലയാളി താരം സഞ്ജു സാംസണുമാണ് നിർണായക മത്സ രത്തിൽ രാജസ്ഥാന് വിജയം നേടിക്കൊടുത്തത്. ബെൻ സ്റ്റോക്‌സ് സെഞ്ച്വറിയും സഞ്ജു സാംസൺ അർദ്ധ സെഞ്ച്വറിയും നേടിയരുന്നു.
അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയ ശേഷം താരം ഒരു പ്രത്യേക രീതിയിൽ അത് ആഘോഷിച്ചത് ശ്രദ്ധ നേടിയരുന്നു. കൈ മസിലുകൾ പെരുപ്പിച്ചായിരുന്നു സഞ്ജുവിന്റെ ആഘോഷം. ഇപ്പോഴിതാ ആ ആഘോഷത്തിന് പിന്നിലെ രഹസ്യം വ്യക്തമാക്കുകയാണ് താരം.
'ക്രീസിലെത്തിയപ്പോൾ കുറച്ചുസമയം സാഹചര്യവുമായി പൊരുത്തപ്പെടാനാണ് ശ്രമിച്ചത്. അഞ്ചോ ആറോ പന്തുകൾ വേണ്ടിവന്നു പിച്ചുമായി ഇടപഴകാൻ. രാഹുൽ ചഹറിനെതിരെ ചില വലിയ ഷോട്ടുകൾ കളിക്കാൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നേരിടാനൊരുങ്ങുന്ന പന്ത് ശ്രദ്ധിച്ച് കളിക്കുകയെന്നുള്ളതാണ് സിക്‌സ് നേടാനുള്ള ഏകമാർഗം. അർധ സെഞ്ച്വറിക്ക് ശേഷം മസിൽ പെരുപ്പിച്ചത് സ്വന്തം പേര് ഓർമിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യൻ സാംസണാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഞാൻ വളരെ കരുത്തനാണ്, എനിക്കു കൂടുതൽ സിക്‌സുകൾ നേടാൻ സാധിക്കും' സഞ്ജു പറഞ്ഞു.
'കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്റ്റോക്‌സിനൊപ്പം ബാറ്റ് ചെയ്യാൻ സാധിച്ചിരുന്നു. അതിൽ മികച്ചതാണ് മുംബൈക്കെതിരെ വന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നത് ഞാൻ ആസ്വദിക്കുന്നു. വിജയിക്കാൻ എത്ര റൺസ് വേണമെന്നോ, റൺറേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. കളിക്കാവുന്ന പന്തുകളിലെല്ലാം റൺ നേടുകയെന്ന വളരെ സിംപിൾ ഗെയിം പ്ലാനായിരുന്നു എന്റേത്. ബൗണ്ടറിയോ, സിക്‌സറോ നേടാൻ കഴിഞ്ഞില്ലെങ്കിൽ സംഗിളോ, ഡബിളോ നേടി ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസിൽ തുടരാനായിരുന്നു ഞങ്ങൾ ശ്രമിച്ചത്. ഭാഗ്യവശാൽ ഇന്നു ടീമിനു വേണ്ടി അതു കഴിഞ്ഞു' സഞ്ജു വ്യക്തമാക്കി.
നാല് ബൗണ്ടറികളും മൂന്നു തകർപ്പൻ സിക്‌സറുമടക്കം 31 പന്തിൽ പുറത്താകാതെ 54 റൺസാണ് സഞ്ജു ഇന്നലെ അടിച്ചെടുത്തത്.