pic

ന്യൂഡൽഹി: ഇന്ത്യ- അമേരിക്ക പ്രതിരോധരംഗത്തെ സൗഹൃദം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തന്ത്രപ്രധാന ബെക്ക സൈനിക കരാര്‍ ഒപ്പുവയ്ക്കാനൊരുങ്ങി ഇരുരാജ്യങ്ങളും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും മാർക്ക് എസ്പറും പദ്ധതിയുടെ ഭാഗമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് അടിസ്ഥാന വിനിമയ സഹകരാറിന് ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ തീരുമാനമുണ്ടായത്. സൈനിക കരാറിലൂടെ ഇരുരാജ്യങ്ങളും ചേർന്ന് ചൈനക്ക് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.

ഹെെദരാബാദ് ഹൗസിൽ നാളെ നടക്കുന്ന ടു പ്ളസ് ടു ചര്‍ച്ചയിൽ ഇരു രാജ്യങ്ങളും ബെക്ക സൈനിക കരാര്‍ ഒപ്പുവയ്ക്കും. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെയും നേതൃത്വത്തിലാകും ഇരുരാജ്യങ്ങളും തമ്മിൽ കരാർഒപ്പുവയ്ക്കുക. ചൈന ഉയര്‍ത്തുന്ന പ്രകോപനങ്ങൾക്കിടെ അമേരിക്കയുമായി പ്രതിരോധ രംഗത്തെ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുകയാണ് ബെക്കയിലൂടെ ഇന്ത്യ. ഇതിലൂടെ അമേരിക്കൻ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം ഇന്ത്യക്ക് പ്രയോജനപ്പെടുത്താൻ കഴിയും. കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ അമേരിക്കൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മിസൈലുകളുടെയും ഡ്രോണുകളുടെയും കൃത്യത ഉറപ്പാക്കാൻ ഇന്ത്യക്ക് സാധിക്കും.

ഇന്ന് നടന്ന ചർച്ചയിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്ന് സേനാ മേധാവികൾ, ഡി.ആർ.ഡി.ഒ മേധാവി ഡോ. ജി സതീഷ് റെഡ്ഡി എന്നിവർ പങ്കെടുത്തിരുന്നു. മലബാർ 2020 അഭ്യാസത്തിൽ ഓസ്‌ട്രേലിയ പങ്കെടുത്തതിനെ യു.എസ് പ്രതിരോധ സെക്രട്ടറി സ്വാഗതം ചെയ്തു. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രോലിയ സംയുക്ത നാവിക അഭ്യാസത്തിനുള്ള ഒരുക്കങ്ങളും ഇതിനൊപ്പം ചർച്ചചെയ്തു. ബെക്ക സൈനിക കരാര്‍ വേഗത്തിലാക്കാൻ ഫെബ്രുവരിയിൽ മോദി-ട്രംപ് കൂടിക്കഴ്ച നടത്തിയിരുന്നു.