
ഷാർജ: ഐ.പി.എല്ലിൽ കിംഗ്സ് ഇലവൻ പഞ്ചാബിന് തുടർച്ചയായ അഞ്ചാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിന് കീഴടക്കി പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തേക്ക് ഉയർന്ന് പഞ്ചാബ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.  ആദ്യം ബാറ്റ്ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുത്തു. മറുപടിക്കിറങ്ങിയ പഞ്ചാബ് 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 18.5 ഓവറിൽ വിജയ ലക്ഷ്യത്തിലെത്തുകയായിരുന്നു. അർദ്ധ സെഞ്ച്വറികളുമായി നിറഞ്ഞാടിയ ഓപ്പണർ മൻദീപ് സിംഗും (പുറത്താകാതെ 66), ക്രിസ് ഗെയ്ലുമാണ് (29 പന്തിൽ 51) പഞ്ചാബിന്റെ ചേസിംഗ് അനായാസം ആക്കിയത്. 5 സിക്സും 2 ഫോറും ഉൾപ്പെട്ടതായിരുന്നു ഗെയ്ലിന്റെ ഇന്നിംഗ്സ്. മൻദീപിന്റെ ഇന്നിംഗ്സ് 56 പന്തിൽ 8 ഫോറും 2 സിക്സും ഉൾപ്പെട്ടതാണ്. ഇരുവരും മൂന്നാം വിക്കറ്രിൽ 100 റൺസ് കൂട്ടിച്ചേർത്തു. നിക്കോളാസ് പൂരൻ 2 റൺസുമായി മൻദീപിനൊപ്പം പുറത്താകാതെ നിന്നു. ക്യാപ്ടൻ കെ.എൽ.രാഹുൽ 25 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു. വരുൺ ചക്രവർത്തി, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോവിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ ശുഭ്മാൻ ഗില്ലിനും (57), 25 പന്തിൽ 40 റൺസെടുത്ത നായകൻ ഒയിൻ മോർഗനും 13 പന്തിൽ 24 റൺസെടുത്ത് പുറത്താകതെ നിന്ന ലോക്കി ഫെർഗൂസനുമൊഴികെ മറ്റാർക്കും കൊൽക്കത്ത നിരയിൽ ബാറ്റ് കൊണ്ട് തിളങ്ങാനായില്ല.
ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഓപ്പണർരാഹുൽ ത്രിപതിയെ (0) മാക്സ്വെൽ ഗെയ്ലിന്റെ കൈയിൽ എത്തിച്ചു. അടുത്ത ഓവറിൽ ഷമി നിതീഷ് റാണയേയും ദിനേഷ് കാർത്തിക്കിനേയും പൂജ്യരായി കെ.എൽ. രാഹുലിന്റെ കൈയിൽ ഒതുക്കിയതോടെ കൊൽക്കത്ത പ്രതിരോധത്തിലാവുകയായിരുന്നു. പഞ്ചാബിനായി ഷമി മൂന്നും ക്രിസ് ജോർദാൻ രണ്ട് വിക്കറ്റും വീഴ്ത്തി.
ഐ.പി.എൽ
പോയിന്റ് ടേബിൾ
ടീം കളി പോയിന്റ് 
എന്ന ക്രമത്തിൽ
മുംബയ് 11-14
ഡൽഹി11-14
ബാംഗ്ലൂർ11-14
പഞ്ചാബ് 12-12
കൊൽക്കത്ത 12-12
രാജസ്ഥാൻ 12-10
ഹൈദരാബാദ് 11-8
ചെന്നൈ 12-8
ഇന്നത്തെ മത്സരം
ഹൈദരാബാദ് - ഡൽഹി
(രാത്രി 7.30 മുതൽ)