
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹാസ്യ ചിത്രമാണ് റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത 'പഞ്ചാബി ഹൗസ്'. ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ, മോഹിനി, ലാൽ തുടങ്ങിയ പ്രമുഖ നടന്മാർ അണിനിരന്ന ചിത്രത്തിൽ തമാശ രംഗങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അത്തരത്തിൽ പ്രേക്ഷകനെ നിർത്താതെ ചിരിപ്പിച്ച ഈ സിനിമയിലെ മികച്ച രംഗങ്ങളിൽ ഒന്നാണ് ഹരിശ്രീ അശോകന്റെ 'രമണ'നും പഞ്ചാബി ഗുസ്തിക്കാരനായ സോണിയയും തമ്മിലുള്ള സംഘട്ടന രംഗം. 'സംഘട്ടനം' എന്ന് വിളിക്കുന്നതിൽ അൽപ്പം ശരികേടുണ്ട്.
കാരണം സീനിലുടനീളം സോണിയയുടെ കൈയിൽ പെടാതെ രക്ഷപ്പെടാനാണ് രമണൻ പാടുപെടുന്നത്. എന്നാൽ ഈ സീനിൽ രമണനെ മലർത്തിയടിച്ച 'സോണിയ' ഇപ്പോൾ എവിടെയുണ്ടെന്ന് പറയാനാകുമോ? സംശുദ്ധ് എന്ന് പേരുള്ള ഇദ്ദേഹം പഞ്ചഗുസ്തിയിൽ ദേശീയ ജേതാവാണെന്നുള്ള കാര്യം ആരെയും അങ്ങനെ അത്ഭുതപ്പെടുത്താൻ ഇടയില്ല. ഫോർട്ട് കൊച്ചി സ്വദേശിയായ സംശുദ്ധ് തന്റെ ജിം പരിശീലകനായ 'ബാബു ആശാൻ' വഴിയാണ് പഞ്ചാബി ഹൗസിലേക്ക് എത്തുന്നത്.
പിന്നീട് 'സത്യമേവ ജയതേ' എന്ന സുരേഷ് ഗോപി ചിത്രത്തിലും ഇദ്ദേഹം ചെറിയ വേഷത്തിൽ എത്തിയിരുന്നു. കാക്കനാട് ഫിസിക്കൽ ട്രെയിനറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഒരു സുവിശേഷ പ്രാസംഗികൻ കൂടിയാണ്. സംശുദ്ധിന്റെ അച്ഛനും ബോഡി ബിൽഡിംഗ് രംഗത്ത് തന്റെ കഴിവ് തെളിയിച്ചയാളാണ്. 'വൈപ്പിൻ രാജൻ' എന്ന പേരിൽ അറിയപ്പെടുന്ന ആൽബർട്ട് ആന്റണി റോബർട്ട് തന്റെ എൺപതാം വയസിലും ഫിറ്റ്നെസ് ട്രെയ്നറായി ജോലി നോക്കുന്നയാളാണ്.
വിനോദ് ഖന്നയുടെ കൂടെ ഒരു ഹിന്ദി ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 1 962 ലെ മിസ്റ്റർ കേരളയുമായിരുന്നു. 60 വർഷങ്ങളിൽ ഏറെയായി ബോഡി ബിൽഡിംഗിൽ തത്പരായ ആളുകൾക്ക് വേണ്ടി സൗജന്യമായി ജിം നടത്തുകയാണ് അച്ഛനും മകനും. ഷെറിൻസ് വ്ലോഗ്(Sherinz Vlog) എന്ന യൂട്യൂബ് ചാനൽ വഴിയും മലയാളം മൂവീ ആൻഡ് മ്യൂസിക് ഡാറ്റാബേസ്(m3db) എന്ന സിനിമാ ഗ്രൂപ്പ് വഴിയുമാണ് ഇരുവരുടെയും വിവരങ്ങൾ ലഭ്യമായത്.