
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിനിടെ രാജ്യം ശൈത്യ കാലത്തിലേക്ക് കടക്കുന്നത് ആശങ്കയോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നോക്കികാണുന്നത്. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും ആശ്വാസകരമായ കുറവ് കാണുന്നതിനിടെയാണ് ശൈത്യം എത്തുന്നത്. വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയിലും രണ്ടാം വ്യാപനമുണ്ടാകുമോയെന്ന ആശങ്കയിലാണ് അധികൃതർ.
വരാനിരിക്കുന്ന മൂന്ന് മാസം കൊവിഡ് പ്രതിരോധത്തിന്റെ നിർണായകഘട്ടമായാണ് കേന്ദ്രസർക്കാർ നോക്കി കാണുന്നത്. ശരീരത്തിന് പുറത്ത് കൊറോണ വൈറസിന് ഏറ്റവും അനുകൂല സാഹചര്യം തണുപ്പ് തന്നെയാണെന്നാണ് പഠനങ്ങളിൽ നിന്ന് വ്യക്തമായിട്ടുളളത്. കേരളത്തിൽ തണുപ്പ് കുറവാണ്. എങ്കിലും അസുഖങ്ങൾ അവഗണിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകുന്നു.
മൂന്ന് മാസവും രാജ്യത്ത് വൈറസ് ബാധിതരുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടിവരും. ചെറിയ ചുമ പോലും നിസാരമായി കാണാനാകില്ല. ഹോം ഐസൊലോഷനിലും പരിചരണത്തിലുമടക്കം മാറ്റങ്ങൾ വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും വ്യക്തമാക്കുന്നത്.