
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ സുപ്രീംകോടതിയുടെ നിർണായക തീരുമാനം ഇന്നുണ്ടാകും. അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. കേസിന്റെ വിചാരണ ഡൽഹിയിലേക്ക് മാറ്റുന്നതിലും കോടതിയുടെ തീരുമാനം ഇന്നുണ്ടാകും.
പെൺകുട്ടിയുടെ കുടുംബമാണ് ഇതുസംബന്ധിച്ച ഹർജികൾ കോടതിയിൽ ഫയൽ ചെയ്‌തിരിക്കുന്നത്. അന്വേഷണത്തിന്റെ മേൽനോട്ടം അലഹബാദ് ഹൈക്കോടതിക്ക് നൽകുമെന്ന സൂചന വാദത്തിനിടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് നൽകിയിരുന്നു. നിലവിൽ നടക്കുന്ന സി.ബി.ഐ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കുന്നതിൽ എതിർപ്പില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.