
''ദൈവം തന്ന നിധിയാണ്. ഒരു പളുങ്ക് പാത്രം നിങ്ങളുടെ കയ്യിൽ കിട്ടിയാൽ എങ്ങനെ സൂക്ഷിക്കുമോ അതുപോലെ സൂക്ഷിച്ചുവളർത്തണം" കുഞ്ഞു ആദിത്യയെക്കുറിച്ച് ഡോക്ടർമാർ പറഞ്ഞപ്പോൾ ഒന്നു പകച്ചെങ്കിലും ആ വാക്കുകൾ ഹൃദയത്തിലേറ്റി പൊന്നുപോലെയാണ് ആ കുടുംബം തങ്ങളുടെ നിധിയെ കാത്തുസൂക്ഷിച്ചത്.""
സംഗീതം ദൈവത്തിന്റെ വരദാനമാണല്ലോ. ആ അനുഗ്രഹം ആവോളം ലഭിച്ചിട്ടുള്ള കൊച്ചുമിടുക്കനാണ് കൊല്ലം പോരുവഴി 'രഞ്ജിനിഭവന" ത്തിൽ സുരേഷ്, രഞ്ജിനി ദമ്പതികളുടെ ഇളയമകൻ ആദിത്യ സുരേഷ്.  തന്റെ  ശാരീരിക പരിമിതികളെ സംഗീതം കൊണ്ടുതോൽപിച്ചാണ്  ഈ പതിമൂന്ന് വയസുകാരൻ വ്യത്യസ്തനാകുന്നത്. കൊവിഡ് കാലത്ത് ആദിത്യ  വീട്ടിലിരുന്ന് പാടിയ 'മലരേ മൗനമാ..." എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അമ്മ രഞ്ജിനിയാണ് ആദിത്യയുടെ പേജിൽ പാട്ട് അപ്ലോഡ് ചെയ്തത്. വെറും നാലു ദിവസം കൊണ്ട് എൺപത്തഞ്ച് ലക്ഷത്തിലധികം പേർ ആസ്വദിച്ചു. അധികം വൈകാതെ മലേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജാസ് എന്റർടെയ്ൻമെന്റ് ആൻഡ് മാനേജ്മെന്റ്  എന്ന സംഘടനയുടെ നേതൃത്വത്തിൽ തയാറാക്കുന്ന സംഗീത ആൽബത്തിലേക്ക് ആദിത്യയെ തിരഞ്ഞെടുത്തു. ആദിത്യയുൾപ്പെടെ ഇന്ത്യയിൽ നിന്നും രണ്ടുപേർക്കായിരുന്നു അവസരം ലഭിച്ചത്. യുട്യൂബിൽ അപ്ലോഡ് ചെയ്യുമ്പോൾ കിട്ടുന്ന വരുമാനം ഇവർക്ക് തുല്യമായി വീതിച്ചു കൊടുക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.
ആശങ്കകളുടെ ശൈശവകാലം
ആദിത്യയുടെ ശൈശവകാലം തീർത്തും വേദനാജനകമായിരുന്നു. ശരീരത്തേക്കാൾ വലിപ്പമുള്ള തലയും ഉടലിനോട് പറ്റിപ്പിടിച്ചുള്ള കൈകാലുകളുമായിട്ടാണ് അവൻ ജനിച്ചത്. സ്കാനിംഗിന്റെ ആദ്യഘട്ടങ്ങളിലോ പ്രസവത്തിനുമുമ്പുള്ള സമയത്തോ കുട്ടിയുടെ ശാരീരിക വിഷമതകൾ കണ്ടുപിടിക്കാൻ  ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിന്നീടുള്ള വിശദമായ പരിശോധനകൾക്ക് ശേഷമാണ്  ഡോക്ടർമാർ ആദിത്യയുടെ രോഗം കണ്ടു പിടിക്കുന്നത്. അസ്ഥികൾ ഒടിയുന്ന ഓസ്റ്റിയോ ജനിസിസ് ഇംപെർഫെക്ടാ എന്ന പ്രത്യേകതരം രോഗം. ജനിച്ച് പതിനേഴാം ദിവസം പനിയുമായി ശാസ്താംകോട്ടയിലുള്ള ആശുപത്രിയിലെത്തി  ഇൻജക്ഷൻ എടുത്ത സമയത്താണ് ആദ്യമായി കൈയുടെ അസ്ഥി  ഓടിയുന്നത്. തുടർന്ന് വിദഗദ്ധ പരിശോധനകൾക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക്. തലമുറകൾക്ക് മുൻപുള്ള ജനിതക പ്രതിഭാസമാണിതെന്നായിരുന്നു ഡോക്ടർമാരുടെ വിധിയെഴുത്. 'ദൈവം തന്ന നിധിയാണ്, ഒരു പളുങ്ക് പാത്രം നിങ്ങളുടെ കൈയിൽ കിട്ടിയാൽ എങ്ങനെ സൂക്ഷിക്കുമോ അതുപോലെ സൂക്ഷിച്ചു വളർത്തണം "എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ആദിത്യയുടെ  കുടുംബം ആദ്യമൊന്ന് അങ്കലാപ്പിലായെങ്കിലും ദൈവം തന്ന നിധിയെ പൊന്നുപോലെ വളർത്തുമെന്നുറപ്പിച്ചു. വരുംദിവസങ്ങളിൽ ഒരു പക്ഷേ കേൾവിയോ കാഴ്ചയോ നഷ്ടപ്പെടുമെന്നും ആജീവനാന്തം ഇങ്ങനെ കിടക്കാനുള്ള സാദ്ധ്യതയുമുണ്ടെന്നും ഡോക്ടർ മുന്നറിയിപ്പും നൽകിയിരുന്നു.
ജനനശേഷം മുപ്പത്തഞ്ചാം ദിവസം ഒരു തിരുവോണനാളിലാണ് ആദ്യമായി ആദിത്യയെ  തല നനച്ചു കുളിപ്പിക്കുന്നത്. രണ്ടുവയസുവരെ ഒരേ കിടപ്പായിരുന്നു. മറ്റു കുട്ടികൾ ഈ പ്രായത്തിൽ ഇരിക്കുകയും പിടിച്ചു നിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ ആദിത്യ ഒന്നും ചെയ്യാതെ ഒരേ കിടപ്പായിരുന്നു. ആദിത്യയുടെ  രക്ഷിതാക്കളുടെ ഉള്ളിലെ തീ അപ്പോഴും ആളിക്കത്തുകയായിരുന്നു. എന്നാൽ രണ്ടുവയസിനു ശേഷം തറയിൽ കിടന്ന കുട്ടി കിടക്കുന്ന സ്ഥലത്ത് വട്ടം കറങ്ങുന്ന ഒരു കാഴ്ച വീട്ടുകാർ കണ്ടു. പക്ഷേ ആ സന്തോഷം അധികനാൾ നീണ്ടു നിന്നില്ല. ഇങ്ങനെ കറങ്ങുകയും തുടർന്ന് കൈകാലുകളിട്ടടിക്കുവാനും തുടങ്ങിയ കുഞ്ഞിന്റെ കാലിലെയും കൈകളിലെയും അസ്ഥി പിന്നെയും ഒടിയാൻ തുടങ്ങി. എട്ടുവയസിനുള്ളിൽ ഏതാണ്ട് ഇരുപത് തവണയോളം അവന്റെ കൈയും കാലും ഒടിഞ്ഞിട്ടുണ്ട്. ഇങ്ങനെ കറങ്ങുമ്പോൾ അവൻ ടി വിയിലെ പരിപാടികളും ശ്രദ്ധിക്കാൻ തുടങ്ങി. പാട്ടുകളോടായിരുന്നു കമ്പം. മൂന്നാം വയസിലാണ് കമിഴ്ന്ന് വീഴുന്നതും അൽപ്പമെങ്കിലും തല ഉയർത്താൻ ശ്രമിക്കുന്നതും. അധികനേരവും കിടപ്പ്  തന്നെയായിരുന്നു. അക്കാലത്ത് ഒരു കുടുംബ സുഹൃത്തിന്റെ അഭിപ്രായ പ്രകാരം ചങ്ങനാശേരിയിലെ ഹോമിയോ ഡോക്ടർ ബൈജുവിന്റെ അടുക്കൽ ചികിത്സക്കെത്തുന്നത്. ചികിത്സ, ഫലം കണ്ടു തുടങ്ങി. അങ്ങനെ നാലാം വയസിൽ ഒരു ദിവസം കുഞ്ഞുആദിത്യ തല തനിയെ ഉയർത്തി പിടിച്ചു. അതോടൊപ്പം നല്ല സ്ഫുടമായ ഭാഷയിൽ സംസാരിക്കുവാനും ആരംഭിച്ചു. തുടർന്ന് എല്ലാ ദിവസവും അമ്മൂമ്മയുടെയോ അമ്മയുടെയോ മടിയിലിൽ കിടന്ന് ടി വി കാണാൻ തുടങ്ങി.

അപ്രതീക്ഷിതമായി എത്തിയ 
അദ്ധ്യാപകർ
കുഞ്ഞിന്റെ  വളർച്ചയിൽ ആശങ്കയിലായിരുന്ന വീട്ടുകാരുടെ മുന്നിലേക്ക് അടൂർ ബി.ആർ.സിയിലെ അദ്ധ്യാപകർ എത്തുന്നത്  പുതുവെളിച്ചത്തോടെയാണ്. അഞ്ചു വയസിൽ തന്നെ പഠനം തുടങ്ങി. അവരുടെ നിർദേശ പ്രകാരം അടുത്തുള്ള ഏഴാം മൈൽ ഗവ. എൽ.പി സ്കൂളിൽ ചേർന്നു. ആദ്യ രണ്ടു ദിവസങ്ങളിലും അമ്മയുടെ മടിയിൽ കിടന്നാണ് ആദിത്യ  ക്ലാസിൽ ഇരുന്നത്. എന്നാൽ അമ്മയുടെ  ഈ അവസ്ഥ കാണാൻ ഇടയായ അധ്യാപകർ എന്നും  ഇങ്ങനെ വരണമെന്നില്ലെന്നും ഞങ്ങൾ സമയം പോലെ വീട്ടിലെത്തി മോനെ പഠിപ്പിക്കാമെന്നും വാക്ക്  നൽകി. അങ്ങനെ ആദിത്യയുടെ  ക്ലാസിലെ 24 കുട്ടികളും ക്ലാസ്  അദ്ധ്യാപകരും ആഴ്ചയിലൊരു ദിവസം അവനോടൊപ്പം ചെലവിടാൻ ആരംഭിച്ചു.
ക്ലാസിലെ കൂട്ടുകാരെ  കാണുമ്പോൾ അവന്റെ  മുഖത്തുണ്ടാകുന്ന ഭാവവ്യത്യാസങ്ങളും അവരോടുള്ള കുശലം പറച്ചിലും അവരുടെ പ്രതീക്ഷകൾക്കും സ്വപ്നങ്ങൾക്കും ചിറകു നൽകി. ഈ  കൂടിക്കാഴ്ചകൾ  മൂന്നുവർഷത്തോളം മുടങ്ങാതെ തുടർന്നെന്ന് ആദിത്യയുടെ  അമ്മ രഞ്ജിനി പറയുന്നു. ''ഈ സമയങ്ങളിലാണ് ആദിത്യയിൽ മറ്റൊരു പ്രത്യേകത കൂടി കാണാൻ ഇടയായത്. ടി.വിയിൽ സ്ഥിരം കേൾക്കുന്ന പാട്ടുകൾക്കൊപ്പം കിടന്നുകൊണ്ട് ഈണം മൂളുകയും ചുണ്ടനക്കുകയും ചെയ്തു തുടങ്ങി. ഈ സമയങ്ങളിലൊക്കെ ബന്ധുക്കൾ ഉൾപ്പെടെയുള്ള പലരും, മോനെ ഭിന്നശേഷി കുട്ടികൾക്കുള്ള സ്ഥാപനങ്ങളിൽ വിട്ട് പഠിപ്പിച്ചു കൂടെ എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒരിക്കലും ഞങ്ങൾക്ക് ആ അഭിപ്രായത്തോട് യോജിപ്പില്ലായിരുന്നു. നിലത്തു മാത്രം കിടന്ന അവൻ ഇപ്പോൾ ഈ സ്ഥിതി വരെ ആയെങ്കിൽ ഇനിയും അവനിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു ഞങ്ങൾക്ക്. സാധാരണ കുട്ടികളുടെ കൂടെ പഠിച്ചാൽ അവനിൽ കൂടുതൽ മാറ്റങ്ങൾ വരും. സംസാരിക്കാൻ തുടങ്ങിയ സമയത്ത് തന്നെ നല്ല സ്ഫുടതയോടും വ്യക്തതയോടും അവൻ സംസാരിച്ചിരുന്നു. അഞ്ചു വയസ് പൂർത്തിയാകുന്ന സമയത്താണ് അത്ഭുതകരമായ മാറ്റം ആദിത്യയിൽ ഉണ്ടാകുന്നത്. അതുവരെ മൂളിപാട്ടും ചുണ്ടനക്കവും മാത്രമായി കിടന്നിരുന്ന ആദിത്യ  ആദ്യമായി വീട്ടിലെ എല്ലാവരും കേൾക്കെ പാടി. അക്ഷരങ്ങളിൽ സ്ഫുടതയും ഈണവുമുണ്ടായിരുന്നു. എഴുതാനോ വായിക്കാനോ അറിഞ്ഞു കൂടാത്ത കുഞ്ഞിൽ നിന്നുണ്ടായ ഈ ആദ്യാനുഭവം അക്ഷരാർത്ഥത്തിൽ ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി."" രഞ്ജിനി പറഞ്ഞു.
അക്ഷരങ്ങൾ കൂട്ടുകാരായപ്പോൾ
ആദ്യം അക്ഷരങ്ങൾ മനസിലാക്കി തുടങ്ങിയത് ടെലിവിഷൻ വഴിയായിരുന്നു. അതിലെഴുതി കാണിക്കുന്ന ഓരോ പേരുകൾ സസൂക്ഷമം ശ്രദ്ധിക്കും. അങ്ങനെ നാലാം ക്ലാസിൽ പ്രവേശിക്കുന്നതിന് മുൻപേ എഴുതാനും വായിക്കാനും പഠിച്ചു. നാലാം ക്ലാസിൽ എത്തിയപ്പോഴേക്കും സ്കൂളിൽ അമ്മയോടൊപ്പം പോയി തുടങ്ങിയ ആദിത്യയ്ക്ക് ചാരിയിരിക്കുവാൻ പ്രത്യേകകസേര സ്കൂൾ അധികൃതർ സംഘടിപ്പിച്ചിരുന്നു. അക്കൊല്ലമാണ് ആദ്യമായി സ്റ്റേജിൽ കയറി പാടുന്നത്. തന്റെ സ്കൂളിലെ വാർഷികത്തിന് 'മിടു മിടു മിടുക്കൻ മുയലച്ചൻ...."എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് തന്റെ സംഗീത ജീവിതത്തിലെ ആദ്യത്തെ സമ്മാനം അവൻ ഏറ്റുവാങ്ങി.  അന്ന് അവനിൽ കണ്ട സന്തോഷവും ആഹ്ലാദവും പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ഇപ്പോഴും വേദികളിൽ നിന്നും സമ്മാനം ലഭിക്കുമ്പോൾ ആദിത്യയുടെ  മുഖത്ത് വലിയ സന്തോഷമാണ്. അഞ്ചാം ക്ലാസുമുതൽ ഓണവിള യു.പി എസിലാണ് പഠിച്ചത്. എല്ലാദിവസവും അമ്മ എടുത്ത് കൊണ്ടാണ് പോകുന്നത്. ആദിത്യനോപ്പം അമ്മയും ക്ലാസിലിരിക്കും. അമ്മയാണ് നോട്ട് എഴുതിയിരുന്നത്. ക്ലാസിൽ അദ്ധ്യാപകരില്ലാത്ത പീരിയഡിൽ രഞ്ജിനി അദ്ധ്യാപികയായി കുട്ടികളുടെ മുന്നിലെത്തും. ആ വർഷം നടന്ന ശാസ്താംകോട്ട സബ്ജില്ല കലോത്സവത്തിൽ മലയാളം പദ്യം ചൊല്ലലിൽ വയലാറിന്റെ 'മാനിഷാദ" എന്ന കവിതയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. വീട്ടിലെത്തിയാൽ ടെലിവിഷനിലെ സംഗീതപരിപാടികൾക്കായി ആദിത്യ  കാത്തിരിക്കുമായിരുന്നു. പാട്ടുകൾ ഒന്നും എഴുതിയോ വായിച്ചോ അല്ല പഠിച്ചത്. എത്ര കഠിനമായ വരികളും സ്ഥിരമായി കേൾക്കുന്നതിലൂടെ ഹൃദിസ്ഥമാക്കുകയാണ് ചെയ്യുന്നത്.

ആദ്യത്തെ വേദിയിൽ തിളക്കത്തോടെ
കടമ്മനിട്ട രാമകൃഷ്ണന്റെ അനുസ്മരണത്തോടനുബന്ധിച്ച്, അച്ഛൻ സുരേഷിന്റെ ജന്മദേശമായ പന്തളത്ത് സംഘടിപ്പിച്ച കവിതാലാപന മത്സരമായിരുന്നു ആദിത്യയുടെആദ്യത്തെ പൊതുവേദി. ഈ മത്സരത്തിൽ ആദിത്യയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ആദ്യ സമ്മാനത്തുക ആയിരം രൂപയും. തുടർന്ന് പത്തനംതിട്ടയിൽ നടന്ന വയലാർ അനുസ്രണ വേദിയിൽ വയലാറിന്റെ കവിതാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു. പൊതുവേദിയിൽ അവതരിപ്പിക്കപ്പെട്ട ഈ പരിപാടികൾ ന്യൂസ് ചാനലുകളിൽ നിറഞ്ഞു. അങ്ങനെ നാട്ടിലെ സാമൂഹിക രാഷ്ട്രീയ പരിപാടികളിൽ ആദിത്യ ഒഴിച്ചുകൂടാൻ പറ്റാത്ത തരമായി മാറി. സാമൂഹ്യമാദ്ധ്യമങ്ങളിൽ ആദിത്യയ്ക്ക് ലഭിക്കുന്ന ലൈക്കുകളും ഷെയറുകളും അതിനുദാഹരണമാണ്. ഇന്നിപ്പോൾ നെടിയവിള പുരന്ദരദാസൻ സംഗീത വിദ്യാലയത്തിലെ ശോഭന ടീച്ചറിന്റെ ശിക്ഷണത്തിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു വരുന്നു. അതുവരെ സ്വയം ഈണങ്ങളും രാഗങ്ങളും അഭ്യസിച്ചുവന്ന ആദിത്യയ്ക്ക് ഈ ക്ലാസ് കൂടുതൽ ആത്മവിശ്വാസം നൽകി തുടങ്ങി.
ആദിത്യയെ പോലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഭിന്നശേഷി വിഭാഗത്തിൽ പെടുന്ന കേരളത്തിലെ കുട്ടികളുടെ ഒരു സംഘടനയാണ് അമൃത വർഷിണി . മൂന്ന് വർഷം കൊണ്ട് നാനൂറോളം വേദികളിൽ പാടിയിട്ടുണ്ട്. ഒരു ക്രിസ്മസ് ആൽബത്തിലും രണ്ട് ടെലി ഫിലിമിലും ഒരു സിനിമയിലും പാടാൻ അവസരം കിട്ടിയിട്ടുണ്ട്.ആദ്യ സിനിമയിലെ പാട്ടിലെ വരികൾ വെറും നാലുമണിക്കൂറിനുള്ളിൽ കാണാതെ പഠിക്കുകയും ചിട്ടപ്പെടുത്തിയ ഈണത്തിൽ  റെക്കോർഡിംഗ് പൂർത്തീകരിക്കുകയും ചെയ്തു, ആദ്യ പ്രതിഫലമായി 10000 രൂപയും ലഭിച്ചു. ഇത് വലിയ ഭാഗ്യമായിട്ടാണ് ആദിത്യയും വീട്ടുകാരും കരുതുന്നത്. ഏറ്റവും കൂടുതൽ സന്തോഷം ലഭിക്കുന്നതെപ്പോഴാണെന്ന് ചോദിച്ചാൽ ആദിത്യയ്ക്ക് ഒരു മറുപടി മാത്രമേ ഉള്ളൂ. മൊമന്റോയും സമ്മാനങ്ങളും ലഭിക്കുമ്പോൾ. വളർന്ന് വരുമ്പോൾ ആരാകണം എന്ന ചോദ്യത്തിന് നല്ല ഒരു പാട്ടുകാരൻ ആകണമെന്നാണ് ആദിത്യയുടെ ഉത്തരം. അതോടൊപ്പം ഒരു സംഗീത വിദ്യാലയം തുടങ്ങണമെന്ന മോഹവും അവൻ പങ്കുവയ്ക്കുന്നു.
(ലേഖകന്റെ ഫോൺ: 9496241070)