
നെടുമങ്ങാട്: പ്ലസ് ടു വിദ്യാർത്ഥികളായ കമിതാക്കൾ ജീവനൊടുക്കാൻ ആറ്റിൽ ചാടുന്നതിന് മുമ്പ് ബന്ധുക്കളെയും കൂട്ടുകാരെയും ഫോണിൽ വിവരം അറിയിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പെൺകുട്ടിയുടെ ബന്ധുക്കളും ആൺകുട്ടിയുടെ കൂട്ടുകാരും സ്ഥലത്തെത്തിയപ്പോഴേക്കും ഇരുവരും ആറ്റിൽ ചാടിയിരുന്നു. പെൺകുട്ടിയെ ജീവനോടെ കരയ്‌ക്കെത്തിക്കാൻ സാധിച്ചെങ്കിലും, ഒപ്പമുണ്ടായിരുന്ന കാച്ചാണി പുള്ളിക്കോണം കുഴിവിള വീട്ടിൽ ശബരീനാഥിന്റെ (17) ജീവൻ രക്ഷിക്കാനായില്ല.
പെൺകുട്ടിയുടെ വീടിന് സമീപത്ത് കരമനയാറ്റിലെ ചാണിച്ചാൻ കടവിൽ കഴിഞ്ഞദിവസം രാവിലെ നാലരയോടെയാണ് സംഭവം. ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം മാറിയാണ് ശബരീനാഥിന്റെ വീട്. പത്രവിതരണക്കാരനായ ഇയാൾ ബൈക്കിലെത്തി പെൺകുട്ടിയുമായി നദിക്കടവിലെത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു. എസ്.എം.വി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് ശബരീനാഥ്. പെൺകുട്ടിയും സമീപത്തെ മറ്റൊരു സ്‌കൂളിൽ പ്ലസ്‌ടുവിന് പഠിക്കുകയാണ്. ഇരുവരും തമ്മിലുള്ള ഇഷ്ടം രണ്ടുവീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതായാണ് പൊലീസിൽ നിന്ന് ലഭിച്ച സൂചന.
പ്രായപൂർത്തിയായ ശേഷം വിവാഹം ആലോചിക്കാമെന്ന് ശബരീനാഥിന് അമ്മ ശൈലജ ഉറപ്പ് കൊടുത്തിരുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇത് എതിർക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പതിവായി അഞ്ചരയ്‌ക്ക് പത്രമിടാൻ പുറപ്പെടുന്ന മകൻ സംഭവദിവസം നാലിന് മുമ്പ് വീട്ടിൽ നിന്ന് പുറപ്പെട്ടതായും അതിന് മുമ്പ് മകന്റെ ഫോണിലേക്ക് തുടർച്ചയായി കാളുകൾ വന്നിരുന്നെന്നും ശൈലജ പറയുന്നു. ഓട്ടോഡ്രൈവറായിരുന്ന അച്ഛൻ രാജേഷ് കുമാർ അഞ്ചുവർഷം മുമ്പ് മരിച്ചു. തമ്പാനൂരിലെ ഒരു ട്രാവൽസിൽ ജോലിക്ക് പോയാണ് ശൈലജ മകന്റെ പഠനച്ചെലവുകൾ നടത്തിയിരുന്നത്.
പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മകന്റെ മൃതദേഹം കണ്ട് ബോധരഹിതയായ ശൈലജയെ പേരൂർക്കട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്നത് അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ കടവിലായതിനാൽ കേസ് അരുവിക്കര പൊലീസിന് കൈമാറി. സി.ഐ ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.