
പെഷവാർ: പാകിസ്ഥാനിൽ പെഷവാറിലെ ദിർ കോളനിയിലെ മദ്രസയിൽ ബോംബ് സ്‌ഫോടനം. ഏഴ് പേർ മരണമടഞ്ഞതായും 70ഓളം പേർക്ക് ഗുരുതര പരുക്കേറ്റതായുമാണ് ലഭ്യമായ വിവരം. മരണമടഞ്ഞവരിൽ നാലുപേർ കുട്ടികളാണ്. ഒരു പ്ളാസ്‌റ്റിക് ബാഗിനുളളിൽ സ്‌ഫോടകവസ്‌തുക്കൾ നിറച്ച ശേഷം പളളിയിൽ അജ്ഞാതരായ ആരോ കൊണ്ടുവച്ചതാണെന്നും മരണമടഞ്ഞവരിൽ കുട്ടികളുമുണ്ടെന്ന് സ്ഥലത്തെത്തിയ പൊലീസ് അധികൃതർ അറിയിച്ചു.
മതപഠനം നടത്തുന്ന മുതിർന്ന കുട്ടികൾക്കുളളതാണ് മദ്രസ. സ്‌ഫോടനം നടക്കുന്ന സമയത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ടായിരുന്നുവെന്നും സ്ഥലവാസികൾ അറിയിച്ചു. ശക്തികൂടിയ സ്‌ഫോടകവസ്‌തുവാണ് മദ്രസയിൽ ഉപയോഗിച്ചതെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് കിലോയോളം വരുന്ന സ്‌ഫോടക വസ്‌തുക്കൾ നിറച്ച ബാഗ് ഖുറാൻ ക്ളാസിനിടെ മദ്രസയിൽ കൊണ്ടുവയ്‌ക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപും പാകിസ്ഥാനിൽ ബോംബ്‌സ്‌ഫോടനത്തിൽ ആളുകൾ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാൻ പ്രവിശ്യയിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു.പ്രതിപക്ഷ പാർട്ടികളുടെ റാലി നടക്കുന്നതിനാൽ പ്രവിശ്യയിൽ ശക്തമായ സുരക്ഷ ഒരുക്കിയിരിക്കുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനം. മറ്റൊരു സംഭവത്തിൽ ഒക്‌ടോബർ 21ന് സിന്ധ് പ്രവിശ്യയിൽ നാല് നില കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്‌തിരുന്നു.