
തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതിയും ഖാദിബോർഡ് സെക്രട്ടറിയുമായ കെ എ രതീഷിന്റെ ശമ്പളം വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തത് ഖാദിബോർഡ് വൈസ് ചെയർപേഴ്സണായ ശോഭനാ ജോർജ്. കഴിഞ്ഞ ജൂൺ 26ന് വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന് നൽകിയ കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. കത്ത് കിട്ടിയപാടെ ഇക്കാര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രി വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശവും നൽകി. ഇതിനെത്തുടർന്നാണ് കെ എ രതീഷിന്റെ ശമ്പളം ഇരട്ടിയിലധികമായി വർദ്ധിപ്പിച്ച് ഉത്തരവിറങ്ങിയത്. കൊവിഡ് കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിയിലായിരുന്നതൊന്നും ശമ്പളം കൂട്ടുന്നതിന് തടസമായില്ല.
ഇൻകെല്ലിന്റെ ഡയറക്ടറായിരിക്കെ മൂന്നരലക്ഷം രൂപയായിരുന്നു രതീഷിന്റെ ശമ്പളമെന്നും അതിനാൽ ഉയർന്ന ശമ്പളത്തിന് അർഹതയുണ്ടെന്നായിരുന്നു ശോഭനാജോർജ് കത്തിൽ പറഞ്ഞിരുന്നത്. കിൻഫ്ര എം ഡിയുടെ അതേ ശമ്പളം ഖാദിബോർഡ് സെക്രട്ടറിക്ക് നൽകണമെന്നും ശോഭന കത്തിൽ ആവശ്യപ്പെട്ടിരുന്നു. അഴിമതിക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥന് ഖാദിബോർഡിൽ നിയമനം നൽകിയത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ശമ്പളം വർദ്ധിപ്പിച്ചത്.