ezhattumugam

സഞ്ചാരികൾക്ക് അധികമൊന്നും കേട്ട് പരിചയമുള്ള പേരാകില്ല ഏഴാറ്റുമുഖം പ്രകൃതിഗ്രാമം. പേര് പോലെ തന്നെ പ്രകൃതിസൗന്ദര്യം നിറഞ്ഞു തുളുമ്പിയ ഒരു സ്ഥലം. അതിരപ്പിള്ളിയും വാഴച്ചാലും കാണാനായി പോകുന്നവർ ഇനി ഏഴാറ്റുമുഖം കാണാതെ മടങ്ങരുത്. ശാന്തമായി ഒഴുകുന്ന ചാലക്കുടിപ്പുഴയും പച്ചയിൽ കുളിച്ച ഇവിടത്തെ കാഴ്‌ചകളും നിങ്ങളുടെ ഹൃദയം കവരുക തന്നെ ചെയ്യും. ചാലക്കുടിപ്പുഴ ഏഴ് കൈവഴികളായി പിരിഞ്ഞ് ഒഴുകുന്നതു കൊണ്ടാണ് ഏഴാറ്റുമുഖത്തിന് ഈ പേര് വന്നത്.

ചാലക്കുടി പുഴയ്‌ക്ക് കുറുകേ ഏഴാറ്റുമുഖത്തേയും തുമ്പൂർമുഴിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് ഇവിടത്തെ പ്രധാന ആകർഷണം. പാലത്തിന് ഏകദേശം 250 മീറ്റർ നീളമുണ്ട്. പാലത്തിന് മുകളിൽ നിന്നുള്ള ചാലക്കുടിപ്പുഴയുടെ കാഴ്‌ച അതിമനോഹരമാണ്. പാറക്കെട്ടിൽ തട്ടിയൊഴുകുമ്പോഴും ശാന്തത വിടാതെ അതിസുന്ദരിയായി തന്നെ പുഴയൊഴുകുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്. മഴക്കാലത്ത് പക്ഷേ കനാലിലെ കുളി നിരോധിച്ചിട്ടുണ്ട്. തണുത്ത കാറ്റേറ്റ് എത്രസമയം വേണേലും ഇരിക്കാം. കുടുംബസമേതം എത്തുന്നവരാണ് ഏറെയും. കനാലിന്റെ ഇരുവശവും പൂന്തോട്ടം നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് വേണ്ടി പാർക്കും നിർമ്മിച്ചിട്ടുണ്ട്. കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഏഴാറ്റുമുഖത്ത് നിന്ന് 14 കി.മീറ്റർ അകലെയാണ് അതിരപ്പിള്ളി. ഏഴാറ്റുമുഖത്തിനെതിർവശത്ത് ചാലക്കുടിപ്പുഴയുടെ മറുകരയിലാണ് തുമ്പൂർമുഴി. ശലഭോദ്യാനവും തുളസീവനവുമാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ഏഴാറ്റുമുഖത്തെത്തുന്നവർ തുമ്പൂർമുഴിയും കണ്ട് വേണം മടങ്ങാൻ.

എത്തിച്ചേരാൻ
ചാലക്കുടിയിൽ നിന്നും 17 കി.മീറ്റർ അകെലയാണ് ഏഴാറ്റുമുഖം.