
മലയാളികൾക്ക് പി. ലീലയുടെ ശബ്ദമെന്നാൽ പ്രണയവും ജന്മസിദ്ധമായി ലഭിച്ച സംഗീതത്തെ പ്രാണനെപ്പോലെ പ്രണയിച്ച പത്തുവയസുകാരി. സംഗീതത്തിൽ തന്നെ ആഴത്തിൽ പഠനം നടത്താനവൾ അതിയായി ആഗ്രഹിച്ചു. അതിനായി  പിതാവിനോടൊപ്പം മദിരാശിയിലേക്ക്  പോകുന്നതിനുമുമ്പ് അവൾ ഗുരുവായൂരിലെത്തി. ഭഗവാന്റെ  നടക്കുമുന്നിൽ  സ്വയംമറന്നങ്ങനെ  പാടവേ പെട്ടെന്ന് നട അടച്ചു. അപ്പോൾ  അവളുടെ ഇടനെഞ്ച് ഒന്ന് പിടച്ചു. ഗദ്ഗദകണ്ഠയായി ഗാനം പാടി പൂർത്തിയാക്കുമ്പോഴേക്കും നട തുറന്നു. നിറകണ്ണുകളുമായി അവൾ ഭഗവാനെ തന്നെ നോക്കി നിന്നു. അപ്പോൾ  അവളുടെ അടുത്തെത്തിയ ഒരു വൃദ്ധൻ 'മോള്  നന്നായി പാടുന്നുണ്ടല്ലോ... പേടിക്ക്യേ വേണ്ടാ.. നന്നായിട്ട് വരും. ഗുരുവായൂരപ്പന്റെ  അനുഗ്രഹം  എപ്പഴും ണ്ടാവും..." എന്നു പറഞ്ഞ്  അവളുടെ മൂർദ്ധാവിൽ ഇരുകൈയും  വച്ചനുഗ്രഹിച്ചിട്ട്  ഭക്തജനങ്ങൾക്കിടയിലൂടെ നടന്നകന്നു. ഗുരുവായൂരപ്പൻ തന്നെയാണ് തന്നെ വന്ന് അനുഗ്രഹിച്ചതെന്നു ഉറച്ചു വിശ്വസിച്ച അവൾ പുതുസ്വപ്നങ്ങളുമായി  മദിരാശിയിലേക്ക് വണ്ടികയറി. പിന്നീട് കഠിനശ്രമത്തിലൂടെ തെന്നിന്ത്യൻ സിനിമാസംഗീതത്തിലെ ആദ്യത്തെ ഗാനകോകിലമായ പി. ലീല എന്ന അതുല്യ ഗായികയായി വളർന്നുയർന്നു.
പാലക്കാട്  ചിറ്റൂരിലെ പൊറയത്തുതറവാടിന്റെ  പടി കടന്നിറങ്ങുമ്പോൾ ലീലയുടെ മനസിൽ രണ്ടു കാര്യങ്ങളുണ്ടായിരുന്നു.  ഒന്ന് സംഗീതവും മറ്റൊന്ന് ഗുരുവായൂരപ്പനും. ഇടതു കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്ന പിതാവ് കുഞ്ഞൻ മേനോന്റെ  സാമീപ്യം കുറച്ചൊന്നുമല്ല ആത്മധൈര്യമേകിയത്. തൃപ്പൂണിത്തുറ മണി ഭഗവതരിൽ നിന്നും അഭ്യസിച്ചെടുത്ത സംഗീതത്തിലെ സ്വരഭേദങ്ങൾ മുന്നോട്ടുള്ള പ്രയാണത്തിന് പിൻബലവുമേകി. മദ്രാസിലെത്തിയ ശേഷം വടക്കാഞ്ചേരി രാമഭാഗവതർക്കു കീഴിൽ ഗുരുകുലസമ്പ്രദായത്തിലൂടെ സംഗീതസ്വരങ്ങളെ  ലീല കൂടുതൽ അടുത്തറിഞ്ഞു. ആ  സമയത്താണ്  കൊളംബിയ റെക്കോർഡിംഗ് കമ്പനി അവരുടെ  പുതിയ ഗായികയായി പി. ലീലയെ തിരഞ്ഞെടുത്തത്. അങ്ങനെ 1947ൽ 'കങ്കണം" എന്ന തമിഴ് ചിത്രത്തിനുവേണ്ടി ആദ്യമായി ലീലയുടെ ശബ്ദം ആലേഖനം ചെയ്യപ്പെട്ടു. ബേഗഡ രാഗത്തിൽ 'ശ്രീ വരലക്ഷ്മി.. ദിവ്യാ..." എന്ന ഗാനത്തിനായിരുന്നു ലീല ശബ്ദം നൽകിയത്. 'ദിവസങ്ങൾ നീണ്ട റിഹേഴ്സലുകൾക്ക് ശേഷം ടേക്കിനായി മൈക്കിന് മുന്നിലിട്ടിരുന്ന കസേരയിൽ ഞാൻ ചെന്നിരുന്നു. ചുറ്റും ഓലകൾ കൊണ്ട് മറച്ച ഒരു മുറി. മുകളിൽ മൺകുടങ്ങൾ കെട്ടിവെച്ചിരിക്കുന്നു. ചൂടുകാരണം ശരീരമാകെ വിയർത്തൊലിച്ചു. ഗുരുവായൂരപ്പനെ മനസിൽ ധ്യാനിച്ച് ഞാൻ പാടി. നാല് ടേക്കുകൾക്കുള്ളിൽ തന്നെ റെക്കോർഡിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു." ഇങ്ങനെയായിരുന്നു ആദ്യത്തെ റെക്കോർഡിംഗ് അനുഭവത്തെ കുറിച്ച് പി. ലീല പിന്നീട് പറഞ്ഞിട്ടുള്ളത്.

തുടർന്ന് സി.ആർ സുബ്രഹ്മണ്യത്തിന്റെ സംഗീതത്തിൽ 'ഭക്തകബീർ" എന്ന കന്നഡ ചിത്രത്തിനാണ് ലീലയുടെ ശബ്ദം ഉപയോഗിച്ചത്. രണ്ടാമത്തെ തമിഴ് ചിത്രമായ 'ബിൽഹണ"യിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിൽ 1948ലാണ്  നിർമ്മല എന്ന ചിത്രത്തിൽ പാടിയത്. അന്നുവരെ അഭിനേതാക്കൾ തന്നെ ഗാനങ്ങളും ആലപിച്ചിരുന്ന ശൈലി മാറ്റിക്കൊണ്ട് മലയാളത്തിൽ പിന്നണി ഗാനശാഖ ഉടലെടുക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. ജി. ശങ്കരക്കുറുപ്പ് എഴുതി പി. എസ് . ദിവാകറും ഇ. ഐ വാരിയറും ചേർന്ന് സംഗീതം നൽകിയ ഗാനങ്ങളാണ്  പി.ലീല ആലപിച്ചത്. ഇതിൽ ടി.കെ ഗോവിന്ദറാവുവിനൊപ്പം ലീല പാടിയ 'പാടുക നീ.. പൂങ്കുയിലേ..." എന്ന ഗാനം ഏറെ ജനപ്രിയമായി. ഈ ഗാനത്തിലൂടെ മലയാളത്തിന്റെ സ്വന്തം ഗായികയായി മാറി. 1949ൽ 'മനദേശം" എന്ന ചിത്രത്തിലൂടെ ഘണ്ടശാലയുടെ സംഗീതത്തിൽ തെലുങ്കിലും പാടാൻ തുടങ്ങിയതോടെ അസാമാന്യസംഗീതവൈഭവത്താൽ  അവർ  തെന്നിന്ത്യയിലെ തിരക്കേറിയ ഗായികയായി. 1968ൽ പുറത്തിറങ്ങിയ 'ചിന്നരിപാപ്പുലു" എന്ന തെലുങ്കു ചിത്രത്തിന്റെ സംഗീതസംവിധായികയായും അവർ പ്രവർത്തിച്ചു.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യയാവാൻ കഴിഞ്ഞത് ലീലയുടെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായി തീർന്നു. ദക്ഷിണാമൂർത്തി സ്വാമിക്കു കീഴിലെ ശിഷ്യത്വവും പി.ലീലയെന്ന ഗായികയിലെ ആലാപനസൗന്ദര്യത്തെ മെച്ചപ്പെടുത്തി. പ്രശസ്തമായ നിരവധി ക്ഷേത്രാങ്കണങ്ങളിൽ  ലീലയുടെ കർണാടക സംഗീതസ്വരവീചികൾ നവ്യാനുഭവമായി. എം.എസ്. സുബ്ബലക്ഷ്മി, ഡി.കെ. പട്ടമ്മാൾ, എം.എൽ. വസന്തകുമാരി തുടങ്ങിയ സംഗീതവിദുഷികൾക്കൊപ്പം  കിടപിടിക്കാൻ  കഴിയുന്ന സംഗീതജ്ഞയായി തിളങ്ങി അവർ. പി. ലീല മാത്രമാണ് സിനിമ ഗാനവും കർണാടക സംഗീതവും ഒരുമിച്ചുകൊണ്ടുപോയ ഒരേ ഒരു മലയാളി ഗായിക. അസുരവിത്ത് എന്ന ചിത്രത്തിലെ കെ. രാഘവൻ മാഷ് സംഗീതമൊരുക്കിയ 'കുന്നത്തൊരു കാവുണ്ട്.. കാവിനടുത്തൊരു മരമുണ്ട്.."എന്ന ഗാനം പി. ലീല തന്നെ പാടണമെന്നു തീരുമാനിച്ചതോടെ മൂന്നു മാസത്തോളമാണ് അവർക്കുവേണ്ടി കാത്തിരുന്നതെന്ന് ആ പാട്ടിലെ സഹഗായകനായ സി.ഒ. ആന്റോയും പി. ലീലയുടെ തിരക്കുകാരണം അവർക്കായി മാറ്റിവെച്ച ഗാനങ്ങൾ പിന്നീട് മറ്റു ഗായികമാരെകൊണ്ട് പാടിപ്പിച്ച അനുഭവങ്ങൾ ദേവരാജൻ മാഷും പങ്കുവച്ചിട്ടുണ്ട്.

വ്യക്തിജീവിതത്തിലേതുപോലെതന്നെ സംഗീതജീവിതത്തിലും പി. ലീലയുടെ ഹൃദയവിശാലത ഏറെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കൽ തമിഴിലെ പ്രശസ്തമായ 'ശിങ്കാര വേലനെ ദേവ..." എന്ന ഗാനത്തിന്റെ റെക്കോർഡിംഗ് നടക്കുന്നു. പാട്ട് പാടുന്നതിനായി അവർ സ്റ്റുഡിയോയിലെത്തി. അപ്പോഴാണ് ഈ ഗാനം നാദസ്വരത്തോട് മത്സരിച്ചു വേണം പാടേണ്ടത് എന്ന് അവർ അറിയുന്നത്. 'എന്റെ ശബ്ദത്തിൽ ഈ ഗാനം പാടിയാൽ ശരിയാവില്ല.. വേറെ ഗായികയെ നോക്കൂ.." എന്ന് പറഞ്ഞു. പക്ഷേ അണിയറ പ്രവർത്തകർക്ക് ലീല തന്നെ പാടണം എന്ന് നിർബന്ധവും. ഈ ഗാനം പാടാൻ ഏറ്റവും യോഗ്യ എസ്. ജാനകി ആണ്, അവരെകൊണ്ട് പാടിച്ചാൽ കൂടുതൽ നന്നാവും എന്നാണ് ലീല അഭിപ്രായപ്പെട്ടത്. അവസാനം അവർ മനസില്ലാ മനസോടെ എസ്. ജാനകിയെ വിളിച്ച്  'ശിങ്കാര വേലനെ..." പാടിച്ചു. അങ്ങനെ എസ്. ജാനകി എന്ന പുതു ഗായികയുടെ ഉദയത്തിന് വഴിതെളിച്ചു പി. ലീല. പിന്നീട്  തനിക്ക് അവസരങ്ങൾ കുറഞ്ഞപ്പോഴും അവർ ആരോടും പരാതിപെട്ടില്ല.
പി. ലീലയുടെ ശബ്ദത്തിൽ കാലം കാത്തുവെച്ച മധുരമൂറുന്ന ഒരുപിടി ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകരുടെ ചുണ്ടുകളിൽ തത്തികളിക്കുന്നവയാണ്. 1998ലെ തിരകൾക്കപ്പുറം എന്ന സിനിമയിൽ  ജോൺസന്റെ  ഈണത്തിൽ യേശുദാസിനോടൊപ്പമുള്ള 'കരയുടെ മാറിൽ തലോടി.." എന്ന യുഗ്മഗാനമാണ് പി. ലീല മലയാളത്തിൽ അവസാനമായി പാടിയത്.
1961ൽ പ്രശസ്തിയുടെ നെറുകയിൽ നിൽക്കുമ്പോഴാണ്  പി. ലീലയ്ക്ക് ഒരു അസുലഭാവസരം കൈവരുന്നത്. മേല്പത്തൂർ നാരായണ ഭട്ടതിരിപ്പാടിന്റെ 'നാരായണീയം" ലീലയുടെ ശബ്ദത്തിൽ ആലേഖനം ചെയ്യുന്നതിനുള്ള ഗുരുവായൂർ ദേവസ്വത്തിന്റെ തീരുമാനമായിരുന്നു അത്. തനിക്ക്  ലഭിച്ച  ഈ പുതുനിയോഗത്തെ ഗുരുവായൂരപ്പന്റെ അനുഗ്രഹമായാണ് അവർ കണ്ടത്. ദക്ഷിണാമൂർത്തി സ്വാമിയുടെ സംഗീതത്തിലായിരുന്നു ആലാപനം. ഭക്തിയുടെ സർവഭാവങ്ങളെയും പൂർണമായും ഉൾകൊണ്ടുകൊണ്ട് അതിമനോഹരമായിത്തന്നെ പാടി. അങ്ങനെ മേല്പത്തൂരിന്റെ നാരായണീയം പി. ലീലയുടെയും  നാരായണീയമായി അറിയപ്പെട്ടു. തുടർന്ന്  മലയാളികളുടെ ഭഗവദ്ഗീതയായ പൂന്താനത്തിന്റെ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും ലീലയുടെ ശബ്ദത്തിൽ പുറത്തിറങ്ങി. അങ്ങനെ ഗുരുവായൂരിലെ ഭക്തിസാന്ദ്രമായ പുലരികളെ പുളകം കൊള്ളിക്കുന്ന  നാദവിസ്മയമായിത്തീർന്നു അവർ. ആ ഗാനപ്രവാഹം ഇന്നും ഗുരുവായൂരിന്റെ പ്രഭാതങ്ങളെ ധന്യമാക്കുമ്പോൾ അനുഗ്രഹീതയാകുന്നത് പി. ലീല എന്ന ഗായികയാണ്. കൂടാതെ ഗുരുവായൂർ സുപ്രഭാതം, മൂകാംബിക സുപ്രഭാതം, അയ്യപ്പ സുപ്രഭാതം, പാറമേക്കാവ് സ്തുതികള്, ഹന്തഭാഗ്യം ജനാനാം തുടങ്ങി നിരവധി ഭക്തിഗാന ആൽബങ്ങളും ലീലയുടെ ശബ്ദത്തിൽ പിറവികൊണ്ടു.
മൂന്നുപതിറ്റാണ്ടുകളോളം പി. ലീല തെന്നിന്ത്യയിലെ തിരക്കേറിയ ഗായികയായിരുന്നു. പിന്നീട് സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ കച്ചേരികളിലും ഭക്തിഗാനങ്ങളിലും അവർ മുഴുകി. 2005 ഒക്ടോബർ 31ന് ആ ശബ്ദം നിലക്കുന്നതുവരെ അവരുടെ നിത്യോപാസന സംഗീതം മാത്രമായിരുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ബംഗാളി, സിംഹള തുടങ്ങിയ ഭാഷകളിലായി അയ്യായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും അർഹതപ്പെട്ട അംഗീകാരങ്ങൾ അവർക്കു ലഭിച്ചിട്ടില്ലായെന്നത് എടുത്തു പറയേണ്ടത് തന്നെയാണ്. 1969ൽ മികച്ച പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം പി. ലീലയെയാണ് തേടിയെത്തിയത്. കടൽപ്പാലത്തിലെ  'ഉജ്ജയിനിയിലെ ഗായിക..." എന്ന ഗാനത്തിനായിരുന്നു അവാർഡ്. 1992ൽ തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, 1999ൽ കമുകറ അവാർഡ്, 2003ൽ ജന്മാഷ്ടമി പുരസ്കാരം തുടങ്ങിയവ പി. ലീലക്ക് ലഭിച്ച അംഗീകാരങ്ങളാണ്. 2006ൽ മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ പുരസ്കാരം നൽകി രാജ്യം അവരെ ആദരിച്ചു.
ഹന്ത ഭാഗ്യം  ജനാനാം
പി.ജയചന്ദ്രൻ
1965 ൽ  മദിരാശിയിലെത്തിയ സമയത്ത് ഞാൻ ആദ്യമായിട്ടൊരു ഗാനത്തിന്റെ റെക്കോർഡിംഗ് കാണുന്നത് ലീലചേച്ചിയുടേതാണ്. ബാബുരാജിന്റേതായിരുന്നു സംഗീതം. സർപ്പക്കാട് എന്ന ചിത്രത്തിനുവേണ്ടി 'കൂടപ്പിറപ്പേ.. നീ.. കൂടുവിട്ടോ.." എന്ന ഗാനമാണ് ലീലചേച്ചി അന്ന് ആലപിച്ചിരുന്നത്. എന്നോട് വല്യ സ്നേഹായിരുന്നു. അനിയാ.. അനിയാ.. എന്നേ വിളിക്കൂ. മദിരാശിയിൽ പിന്നീട് ഞങ്ങൾ ഒരുമിച്ച് ഒട്ടേറെ ഗാനങ്ങൾ റെക്കോർഡ് ചെയ്തിട്ടുണ്ട്. ഏതു തരത്തിലുള്ള പാട്ടുകൾക്കും അവരുടെ ശബ്ദം അനുയോജ്യമായിരിക്കും. വളരെ വൃത്തിയുള്ളൊരു ശബ്ദം. കർണാടക സംഗീതം പഠിച്ചതിന്റെ ഗുണം ആ ശബ്ദത്തിലുണ്ട്. മലയാളിയായ ഒരു തറവാട്ടമ്മയുടെ ശബ്ദമാണ് ലീലചേച്ചിയുടേതെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അക്കാലത്തെ ഗായികമാർക്കിടയിൽ എന്തുകൊണ്ടും ഒന്നാംസ്ഥാനം പി. ലീലക്കു തന്നെയായിരുന്നു. കാലത്തിന്റെ ഗായികയും ധർമ്മിഷ്ഠയുമായ ലീലചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നത് അവർക്ക് നാരായണീയം പാടാൻ കഴിഞ്ഞല്ലോ എന്നതാണ്. അവരുടെ ശബ്ദമാണല്ലോ ഗുരുവായൂരപ്പൻ ദിവസവും കേൾക്കുന്നത്! അതാണ് ലീലചേച്ചി ചെയ്ത പുണ്യം. ഞാനും ലീലചേച്ചിയെപ്പോലെ എന്റെ ജീവിതം മുഴുവനും ഗുരുവായൂരപ്പന്റെ കാൽക്കലാണ് സമർപ്പിച്ചിരിക്കുന്നത്. ഗുരുവായൂരപ്പനെ ഭക്തിരസത്തോടെ പാടിയുണർത്തുന്ന പൂങ്കുയിലായ പി. ലീലയുടെ ശബ്ദം കാലമേറെ കഴിഞ്ഞാലും ഭക്തഹൃദയങ്ങളിൽ ഒഴുകിയിറങ്ങുക തന്നെ ചെയ്യും. ഹന്ത ഭാഗ്യം ജനാനാം.