
തിരുവനന്തപുരം: മുൻ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റും കായിക താരവുമായ പത്മിനി തോമസ് സജീവ രാഷ്ട്രീയത്തിലേക്ക്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിലേക്ക് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പത്മിനി തോമസ് രംഗത്തിറങ്ങുമെന്നാണ് വിവരം. യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥിയായി പത്മിനി തോമസ് ജനവിധി തേടുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകുന്നു. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതാക്കൾ പത്മിനി തോമസുമായി ആശയവിനിമയം നടത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് തന്നെ ഏറ്റവും ശ്രദ്ധേയമായ ത്രികോണ മത്സരത്തിനാണ് തിരുവനന്തപുരം കോർപ്പറേഷനിൽ കളമൊരുങ്ങുന്നത്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നഗരസഭയിൽ നേരിട്ടത്. രണ്ടാം സ്ഥാനത്ത് ബി.ജെ.പിയെത്തി. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാണ് ഇക്കുറി കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനം എന്ന നിലയിൽ തലസ്ഥാന നഗരസഭ പിടിക്കുക കോൺഗ്രസിന്റെ അഭിമാന പ്രശ്‌നമാണ്.
ഈ വർഷം മേയ് 31ന് റെയിൽവേയിൽ നിന്ന് വിരമിച്ച പത്മിനി തോമസ് വർഷങ്ങളായി തലസ്ഥാനത്ത് സജീവമാണ്. എൽ.ഡി.എഫിനേയും ബി.ജെ.പിയേയും നേരിടാൻ പൊതുസമ്മതരെ രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം നടത്തുന്നത്. അർജുന അവാർഡ് ജേതാവായ പത്മിനിക്ക് ഏഷ്യൻ ഗെയിംസിലും മെഡൽ ലഭിച്ചിട്ടുണ്ട്. ജി.വി.രാജ അവാർഡും പത്മിനി തോമസ് കരസ്ഥമാക്കിയിട്ടുണ്ട്.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് കേരള സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായ പത്മിനി തോമസ് റെയിൽവേയിലെ ചീഫ് സൂപ്പർവൈസർ (കംപ്യൂട്ടർ റിസർവേഷൻ) പദവിയിൽ നിന്നും 41 വർഷത്തെ സേവനത്തിന് ശേഷമാണ് വിരമിച്ചത്. സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരിക്കെ 2015ൽ കേരളത്തിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചതിന് ചുക്കാൻ പിടിച്ചതും പത്മിനി തോമസായിരുന്നു. കോളേജ് ഗെയിംസ് പുനരാരംഭിക്കുന്നതിലും നിർണായക പങ്ക് വഹിച്ചു.
ഭർത്താവും മുൻ ദേശീയ കായികതാരവുമായിരുന്ന ജോൺ സെൽവന്റെ സഹോദരൻ ജോൺസൺ ജോസഫ് നഗരസഭയിൽ കോൺഗ്രസിന്റെ മുതിർന്ന കോൺഗ്രസ് കൗൺസിലർമാരിൽ ഒരാളാണ്. നവംബർ ആദ്യവാരം കെ.പി.സി.സി ഉപസമിതി സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കും. അടൂർ പ്രകാശ് എം.പിക്കും പി.സി വിഷ്‌ണുനാഥിനുമാണ് തിരുവനന്തപുരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ചുമതല.
പത്മിനി തോമസുമായി ഔദ്യോഗിക ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് അടൂർ പ്രകാശ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. പ്രാദേശിക നേതാക്കൾ പത്മിനിയെ കണ്ട് ചർച്ച നടത്തിയിരിക്കാം. താൻ ഒരു പരിപാടിയിൽ വച്ച് അവരെ കണ്ടിരുന്നുവെങ്കിലും സ്ഥാനാർത്ഥി കാര്യം ചർച്ച ചെയ്‌തിരുന്നില്ല. വാർഡ് തലത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ച് അറിയിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാരുമായി ചർച്ച നടത്തി വ്യക്തമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മേയർ സ്ഥാനാർത്ഥിയെ മുൻ നിർത്തിയാകുമോ തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അടൂർ പ്രകാശ് സ്ഥിരീകരിച്ചു.
നഗരസഭയിൽ ഘടകകക്ഷികൾക്ക് നേരത്തേ നൽകിയ സീറ്റുകളിൽ പലതും കോൺഗ്രസ് ഏറ്റെടുത്തേക്കുമെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 100 അംഗങ്ങളുളള തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന്റെ അംഗബലം 21 സീറ്റിലൊതുങ്ങിയിരുന്നു.