
ന്യൂഡൽഹി: കേരളത്തിൽ സി ബി ഐയെ വിലക്കാൻ സി പി എം പോളിറ്റ്ബ്യൂറോ തീരുമാനം. അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് പോളിറ്ര് ബ്യൂറോയുടെ വിലയിരുത്തൽ. നിയമ പരിശോധനകൾക്ക് ശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് ധാരണ. കോൺഗ്രസ് ഉൾപ്പടെയുളള പാർട്ടികളും ദേശീയതലത്തിൽ ഇതേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. കേന്ദ്രകമ്മിറ്റിയിൽ വിഷയത്തെ സംബന്ധിച്ച് വിശദമായ ചർച്ചയുടെ ആവശ്യമില്ലെന്നും സി പി എം മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് സ്വന്തം നിലയ്ക്ക് കേസ് അന്വേഷിക്കുന്നതിൽ നിന്ന് സി.ബി.ഐയെ വിലക്കാൻ തടസമില്ലെന്ന നിയമോപദേശം സർക്കാരിന് ലഭിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് പോളിറ്ര് ബ്യൂറോയുടെ തീരുമാനം വരുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും സി.പി.ഐയുമാണ് സർക്കാർ അനുവാദമില്ലാതെ അന്വേഷണത്തിനെത്തിയാൽ സി.ബി.ഐയെ വിലക്കണമെന്ന നിർദേശം മുന്നോട്ടുവച്ചത്.
2017ലാണ് കേസുകൾ സ്വമേധായ ഏറ്റെടുക്കാനുളള പൊതു സമ്മതപത്രം സി.ബി.ഐക്ക് സർക്കാർ അവസാനമായി നൽകിയത്. വിലക്ക് വന്നാൽ പുതുതായി വരുന്ന കേസുകൾക്ക് സി.ബി.ഐ പ്രത്യേക അനുവാദം വാങ്ങേണ്ടി വരും. സർക്കാർ എതിർത്താൽ അന്വേഷണത്തിനായി സി.ബി.ഐക്ക് കോടതിയെ സമീപിക്കേണ്ടി വരും. സംസ്ഥാനം സി.ബി.ഐക്ക് നൽകിയിട്ടുളള പൊതു സമ്മതപത്രം റദ്ദാക്കാൻ പ്രത്യേക നിയമ നിർമ്മാണം വേണ്ടെന്നും ,മന്ത്രിസഭ തീരുമാനിച്ചാൽ മതിയെന്നുമാണ് എ.ജിയും ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷനും നൽകിയിരിക്കുന്ന നിയമോപദേശം. എന്നാൽ കോടതിയുടെ ഇടപെടലിൽ സി.ബി.ഐ എത്തിയാൽ വിലക്ക് ഏർപ്പെടുത്തിയാലും തടയാനാകില്ല.
സി.ബി.ഐയെ വിലക്കണമെന്ന നിലപാടിലേക്ക് നയിച്ച ലൈഫ് മിഷൻ അന്വേഷണം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടയിൽ വിലക്കിലേക്ക് സംസ്ഥാനം കടന്നാൽ നിയമ യുദ്ധത്തിലേക്ക് വഴിമാറിയേക്കുമെന്നും സർക്കാർ ഭയപ്പെടുന്നുണ്ട്. അങ്ങനെയെങ്കിൽ വിലക്ക് ഏർപ്പെടുത്തിയിട്ടും ഫലമില്ലാതാകും.
അതേസമയം ബംഗാളിൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുന്നതിലുളള എതിർപ്പ് സി പി എം കേരളഘടകം അവസാനിപ്പിച്ചു. കോൺഗ്രസുമായുളള സഖ്യത്തിന് സി പി എം പി ബി അനുമതി നൽകി. സംസ്ഥാനത്ത് സി പി എം നേതൃത്വത്തിലുളള ഇടതുമുന്നണിയുമായി തിരഞ്ഞെടുപ്പ് സഖ്യത്തിനു തയാറാണെന്ന് ബംഗാളിൽ വീണ്ടും പി സി സി അദ്ധ്യക്ഷനായി ചുമതലയേറ്റ അധീർ രഞ്ജൻ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേരളം നിലപാട് വ്യക്തമാക്കിയത്.