asharaf

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കന്റീനിൽ എച്ചിൽ പാത്രമെടുത്തും മേശ തുടച്ചും ഉപജീവനത്തിനിറങ്ങിയ ആറാം ക്ളാസുകാരൻ. പിന്നീട് കുടുംബത്തെ സംരക്ഷിക്കാൻ സ്വകാര്യ ബസിൽ ക്ളീനറായി. അൺ എയ്ഡഡ് സ്‌കൂളിൽ പ്യൂണും പള്ളിയിൽ വാങ്ക് വിളിക്കുന്ന മുക്രിയും ചാലയിലെ കടയിലെ തൊഴിലാളിയും കൽപ്പണിക്കാരനും മീൻകച്ചവടക്കാരനും ഫുട്പാത്തിൽ ചെരുപ്പ് കച്ചവടക്കാരനുമായി. ഒടുവിൽ ഗുഡ്‌സ് ഓട്ടോയിൽ റോഡ്‌ വക്കിൽ ഫ്രൂട്ട്സ് വില്പനക്കാരനായി ജീവിത വേഷം കെട്ടിയാടുമ്പോഴും മനസിൽ കവിതയുടെ കനലണ‌ഞ്ഞില്ല. കരിമഠം കോളനിയിൽ നിന്ന് മലയാള കവിതാലോകത്തേക്ക് എത്തിയ യുവകവി അഷ്‌റഫ് ഡി. റാസിയാണ് കവിതയെഴുതിയും ഉറക്കെച്ചൊല്ലിയും പരിഭവങ്ങളിലില്ലാതെ നടന്നുനീങ്ങുന്നത്.

എം.കെ. സാനു എഡിറ്ററായ 'മലയാള ഭാഷയും സാഹിത്യ ചരിത്രവും" എന്ന പുസ്തകത്തിൽ ഇടംപിടിച്ച റാസി ഇപ്പോൾ തന്റെ രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പണിപ്പുരയിലാണ്. മലയാളത്തിലെ മുൻനിര പ്രസാധകർ തന്റെ പുസ്തകം പ്രസിദ്ധീകരിക്കാമെന്ന് ഉറപ്പുനൽകിയതായി റാസി പറയുന്നു. ശാസ്തമംഗലത്തെ റോഡരികിൽ പൊള്ളുന്ന വെയിലിന് കീഴെ ആപ്പിളും ഓറഞ്ചും മാതളവും വിൽക്കുന്ന വണ്ടിയുടെ ഓരത്തിരുന്ന് കവിതകൾ വെട്ടിത്തിരുത്തിയും പാടിയുറപ്പിച്ചും ജീവിതം ആഘോഷിക്കുകയാണ് ഈ മുപ്പതുകാരൻ.

വിഴിഞ്ഞം കലാപത്തിൽ ബാപ്പ ഹസന്റെ ഓലപ്പുരയിലെ ചായക്കട കത്തിയമർന്ന് നാട്ടിൽ നിന്നു പലായനം ചെയ്തതിന് ശേഷമാണ് ജീവിതം കൈവിട്ടുപോയതെന്ന് റാസി പറയുന്നു. ബാപ്പയുടെ മരണശേഷം ഉമ്മ നൂർജഹാനും അനുജനുമടങ്ങുന്ന കുടുംബം പോറ്റാൻ കൂലിപ്പണിക്കിറങ്ങി. പത്താംക്ലാസിൽ പള്ളിക്കൂടം കൈവിട്ടുപോയശേഷം പൂർണസമയം ജോലിക്കിറങ്ങിയപ്പോഴും വായന കൈവിട്ടില്ല. ജീവിത പ്രാരബ്ധങ്ങൾക്കിടയിലും ജോലിചെയ്തു കിട്ടുന്ന ശമ്പളവുമായി സ്റ്റാച്യുവിലെ രമേശന്റെ പുസ്തകതട്ടിലെത്തി ആനുകാലികങ്ങളും പുസ്തകങ്ങളും വാങ്ങും. പുലർച്ചെ ഒരുമണിവരെ വായിക്കും. പുലർച്ചെ 5 മണിക്ക് എഴുന്നേറ്റ് ജോലിക്ക് പോകും. അങ്ങനെ മടുപ്പില്ലാതെ ജീവിക്കുന്നതിനിടയിലാണ് ഉള്ളിലെ കവി തെളിഞ്ഞുവന്നതെന്ന് റാസി. യൂണിവേഴ്‌സിറ്റി അദ്ധ്യാപകർക്ക് മാത്രമേ കവിത എഴുതാവൂ എന്നില്ലല്ലോ, കൂലിപ്പണിക്കാരനും പറ്റും എന്നതാണ് തന്റെ ശ്രമത്തിലൂടെ തെളിയിച്ചതെന്ന് ഈ യുവകവി പറയുന്നു.


 'ഏഴ് മുറികളിൽ കവിത'

2013ൽ 'ഏഴ് മുറികളിൽ കവിത' എന്ന റാസിയുടെ 21 കവിതകൾ അടങ്ങിയ സമാഹാരം പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ചിരുന്നു. രണ്ടു പതിപ്പുകൾ പുറത്തിറങ്ങിയ ഈ പുസ്തകം അന്ന് റാസി ജോലിചെയ്തിരുന്ന ചാലയിലെ കടയുടെ മുന്നിൽ വച്ചായിരുന്നു പ്രകാശനം ചെയ്തത്. കവി പഴവിള രമേശനായിരുന്നു പ്രകാശനം നിർവഹിച്ചത്.


 സഹതാപം വേണ്ട

ജീവിക്കാൻ ഏതു ജോലിയും ചെയ്യാൻ തയ്യാറായതിനാൽ വാടകവീടും സാമ്പത്തിക പരാധീനതയും പറഞ്ഞുള്ള സഹതാപം വേണ്ടെന്ന് റാസി തുറന്നു പറയുന്നു. തന്റെ ജീവിതത്തെക്കുറിച്ച് പരിഭവങ്ങളില്ല, പരാതികളും. താൻ എഴുതുന്ന കവിതകൾ നല്ലതാണെന്ന് പറഞ്ഞുകേൾക്കുന്നതാണ് ഏറെ സന്തോഷം. വിദ്യാഭ്യാസം കുറവെങ്കിലും ലൈബ്രറിയിൽ ജോലി ലഭിച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നതാണ് റാസിയുടെ ആഗ്രഹം. ഉമ്മ നൂർജഹാനും അനിയനും അനിയന്റെ ഭാര്യയും മകളും അടങ്ങുന്നതാണ് അഷ്റഫ് ഡി. റാസിയുടെ കുടുംബം.