hathras-case

ന്യൂഡൽഹി: ഹാഥ്‌രസിലെ ദളിത് പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അലഹബാദ് ഹൈക്കോടതിയോടാണ് കേസ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി നിർദേശിച്ചത്. അന്വേഷണം വിലയിരുത്തുന്നതിനോടൊപ്പം ഹാഥ്‌രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വവും ഹൈക്കോടതി ഉറപ്പാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിന് ഉന്നാവോ കേസിലേത് പോലെ സി.ആർ.പി.എഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. സുരക്ഷ നൽകുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി.

അന്വേഷണം പൂ‍ർത്തിയായ ശേഷം കേസിന്റെ വിചാരണ ഡൽഹിക്ക് മാറ്റുന്ന കാര്യം ആലോചിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിൽ അലഹബാദ് ഹൈക്കോടതി ഇരയുടേയും കുടുംബത്തിന്റേയും പേര് വിവരങ്ങൾ ഉൾപ്പെടുത്തിയ കാര്യം സോളിസിറ്റ‍റൽ ജനറൽ തുഷാ‍ർ മേത്ത ഇന്ന് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. പീഡനക്കേസിലെ ഇരയുടേയും കുടുംബത്തിന്റേയും സ്വകാര്യത സംരക്ഷിക്കാൻ ശ്രദ്ധിക്കണമെന്നും ഇവരുടെ പേരുകൾ അടിയന്തരമായി കോടതി രേഖകളിൽ നിന്നും നീക്കണമെന്നും സുപ്രീംകോടതി നി‍ർദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസിന്റെ അന്വേഷണത്തിന് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന ഉത്തരവ് പുറപ്പെടുവിച്ചത്.