eee

പുരാണസന്ദർഭങ്ങൾ കാർട്ടൂണിൽ വിഷയമാകുന്നതിനെക്കുറിച്ചാണല്ലോ കഴിഞ്ഞ ആ‌ഴ്ച എഴുതിയത്. ഇത്തവണ ഇതിന്റെ കൂടുതൽ ഉദാഹരണങ്ങൾ പറയാം. പാഞ്ചാലിയ്‌ക്കായി കല്യാണസൗഗന്ധിക പുഷ്‌പം തേടി കുബേരന്റെ ഉദ്യാനത്തിലേക്ക് യാത്രയാകുന്ന ഭീമനേയും വഴിയിൽ ഭീമന്റെ അഹങ്കാരം ശമിപ്പിക്കാനായി വൃദ്ധവാനരവേഷത്തിൽ കിടന്ന ഹനുമാന്റേയും കഥ കുട്ടിക്കാലം മുതൽക്കേ നമുക്കെല്ലാം പരിചിതമാണ്. ഒരു രാഷ്ട്രീയനയത്തിലോ മറ്റോ എതിർപ്പുമായി അതേ മുന്നണിയിൽ നിന്നോ അല്ലാതെയോ എതിരഭിപ്രായവുമായി ഒരാൾ കടന്നു വരുന്നതിനെ സൂചിപ്പിക്കാനായി പലപ്പോഴും ഈ സന്ദർഭം ഉപയോഗിക്കാറുണ്ട്.

കടുത്ത ഇടതുപക്ഷ ആശയങ്ങളിൽ മുറുകേ പിടിച്ചു കൊണ്ട് കിടക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനേയും എതിർപ്പ് മറികടന്ന് എ.ഡി.ബി വായ്‌പ സ്വീകരിക്കാനുള്ള ശ്രമം നടത്തുന്ന ധനമന്ത്രി തോമസ് ഐസക്കിനേയും കാർട്ടൂണിൽ കാണാം. മുഖ്യമന്ത്രിയുടെ സൈദ്ധാന്തിക കടുംപിടുത്തം വികസനം വൈകിച്ചു എന്ന സി.പി.എം. റിപ്പോർട്ടിനോട് അനുബന്ധിച്ചാണ് ഈ കാർട്ടൂൺ വന്നത്.

ആഭ്യന്തരമന്ത്രി സ്ഥാനത്തെചൊല്ലി തർക്കം വന്നപ്പോൾ കോൺഗ്രസിലെ പ്രശ്‌നങ്ങൾ പുഷ്‌പം പോലെ പരിഹരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പറഞ്ഞതുമായി ബന്ധപ്പെടുത്തി ഹനുമാനായി തിരുവഞ്ചൂർ രാധാകൃഷ്‌ണനേയും ആഭ്യന്തരമന്ത്രി സ്ഥാനം എന്ന 'വാൽ' പൊക്കാൻ ശ്രമിക്കുന്ന കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തലയേയും ചിത്രീകരിച്ച കാർട്ടൂൺ ശ്രദ്ധേയമായി.

കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു മുമ്പ് തന്റെ ബന്ധുക്കളോട് ഏറ്റുമുട്ടേണ്ടി വരുമെന്ന ആശങ്കയിൽ നിൽക്കുന്ന അർജ്ജുനന് ആത്മവിശ്വാസം നൽകുന്നതിനും അതേത്തുടർന്ന് തത്വദർശനം നൽകുന്നതിനു വേണ്ടി സാരഥിയായ കൃഷ്‌ണൻ നൽകിയ ഗീതോപദേശം പലസമയത്തും കാർട്ടൂണിൽ വിഷയമായിട്ടുണ്ട്. വി.എസ്. അച്യുതാനന്ദൻ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നും പി. ബി അംഗങ്ങളിൽ പിണറായി വിജയൻ മാത്രം മത്സരത്തിനുഇറങ്ങിയാൽ മതി എന്ന് സി.പി.എം. സംസ്ഥാന നേതൃത്വം തീരുമാനിച്ച സമയത്ത് പ്രസിദ്ധീകരിച്ച കാർട്ടൂൺ ചർച്ചയായ ഒന്നാണ്.അച്യുതൻ, വിജയൻ എന്നത് യഥാക്രമം കൃഷ്‌ണന്റേയും അർജ്ജുനന്റേയും പര്യായങ്ങളാണല്ലോ. അച്യുതൻ കൃഷ്‌ണനും വിജയൻ അർജ്ജുനനും ആകുന്നതോടു കൂടി നേരേ ഭഗവത്ഗീതയിലേക്ക് വായനക്കാരന് റഫറൻസ് ലഭിക്കുന്നു. വിജയന്റെ സാരഥിയായാൽ മതി അച്യുതൻ പോരിനു ഇറങ്ങണമെന്നില്ല എന്ന് സാരഥിയായ അച്യുതാനന്ദനോടു പറയുന്ന പിണറായി വിജയനെ വരക്കുമ്പോൾ അത് ഈ പുരാണസന്ദർഭം അറിയുന്ന എല്ലാ ആളുകൾക്കും രസകരമായ അനുഭവമായി മാറുമെന്നുറപ്പാണ്.

കൃഷ്‌ണന്റെ കുട്ടിക്കാലത്തെ കഥകൾ കാർട്ടൂണുകളിൽ വരാറുണ്ട്. രണ്ടു മരങ്ങൾക്കിടയിലൂടെ അരയിൽ കെട്ടിയ ഉരലുമായി പോകുന്ന കൃഷ്‌ണന്റെ ചിത്രം പലപ്പോഴും കാർട്ടൂണുകളിൽ കടന്നു വരുന്നു.

മണ്ണ് തിന്ന കൃഷ്‌ണനോട് വായ തുറക്കാൻ ആവശ്യപ്പെട്ട അമ്മ കൃഷ്‌ണന്റെ വാ‌യ്‌ക്കുള്ളിൽ സൂര്യനും ചന്ദ്രനും മറ്റ് നക്ഷത്രങ്ങളേയും എല്ലാം കണ്ട് അത്ഭുതപ്പെട്ട കഥയുമായി ബന്ധിപ്പിച്ച് സോളാർ വിവാദത്തിൽ സൂര്യനെ വിഴുങ്ങിയ ഉമ്മൻചാണ്ടിയെ വരക്കുമ്പോൾ ആശയവിനിമയം എളുപ്പമാകുന്നു.

ഇണപ്പക്ഷികളിലൊന്നിനെ കാട്ടാളൻ അമ്പെയ്‌തു വീഴ്‌ത്തുന്നതും ശൈവചാപം ഒടിക്കുന്നതും മാത്രമല്ല, വനവാസം,പാദുകപട്ടാഭിഷേകം, ലക്ഷ്‌മണരേഖ, പുഷ്പകവിമാനം, ജടായുമരണം, ബാലികേറാമല,ഒളിയമ്പ്,ലങ്കാദഹനം, സേതുബന്ധനം, മൃതസഞ്ജ്‌വനി,അഗ്നിപരീക്ഷ, അശ്വമേധം,കുംഭകർണസേവ എന്നിങ്ങനെ രാമായണവുമായി ബന്ധപ്പെട്ട ഒട്ടേറെ പരാമർശങ്ങൾ പലകാലങ്ങളിലായി കാർട്ടൂണിലേക്ക് കടന്നു വന്നതായി കാണാം.

എഴുത്തച്‌ഛന്റെ അദ്ധ്യാത്മരാമായണത്തിലെ 'ചക്ഷുശ്രവണഗളസ്ഥമാം ദർദ്ദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ' പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണത്തിനു അപേക്ഷിക്കുന്നതു ഒരുപാട് സന്ദർഭങ്ങളിൽ കാർട്ടൂൺ ആയിട്ടുണ്ട്.

നാരായണ നാരായണ മന്ത്രം ഉരുവിട്ട് തൂണിൽ നിന്നും നരസിംഹത്തെ പുറത്തേക്ക് കൊണ്ടുവരുന്ന പ്രഹ്ലാദന്റെ കഥ എല്ലാവർക്കുമറിയാം. എന്നാൽ നമ്പിനാരായണ മന്ത്രം ഉരുവിട്ട് ചാരക്കേസിനു പിന്നിൽ പ്രവർത്തിച്ച നരസിംഹറാവുവിനെ പുറത്തുകൊണ്ടു വന്ന മുരളീധരന്റെ ചിത്രം കാർട്ടൂണിൽ കാണാം. തിരുവനന്തപുരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽസരിച്ച മൂന്നു സ്ഥാനാർഥികളുമായി ബന്ധപ്പെടുത്തി സൃഷ്ടി,സ്ഥിതി, സംഹാരം എന്ന പേരിൽ വരച്ച കാർട്ടൂൺ ശ്രദ്ധേയമായിരുന്നു.

ഹിന്ദു മിത്തോളജി പോലെത്തന്നെ ക്രിസ്ത്യൻ, മുസ്ലീം, ഗ്രീക്ക് മിത്തോളജികളുമായി ബന്ധപ്പെട്ടും കാർട്ടൂണുകൾ വന്നിട്ടുണ്ട്. ബാർകോഴ വിവാദത്തിൽ പെട്ട് അപമാനിതനായി യു.ഡി.എഫ് വിട്ട മാണിയെ പിന്നീട് ഒപ്പം ചേർക്കാനായി എൽ.ഡി.എഫും എൻ.ഡി.എയും ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലത്ത് പറുദീസാ നഷ്ടം എന്ന ബൈബിൾ സങ്കൽപ്പത്തെ അടിസ്ഥാനമാക്കി വരച്ച കാർട്ടൂണിൽ കെ.എം.മാണിയുടെ കഥാപാത്രം പറയുന്നത് 'നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ' എന്ന ബൈബിൾ വചനത്തിന്റെ ഒരു തിരിച്ചിടൽ ആണ്. മഗ്ദലനമുരളി എന്ന പേരിൽ 'നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ" എന്ന ഇതേ വാചകങ്ങളുമായി കെ. മുരളീധരനെക്കുറിച്ചു വരച്ച കാർട്ടൂണും ശ്രദ്ധേയമായിരുന്നു.

'ആകാശത്തിലെ പറവകളെ നോക്കുവിൻ അവ വിതക്കുന്നില്ല കൊയ്യുന്നില്ല' അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം' എന്ന ബൈബിൾ വചനവും കാർട്ടൂണുകളിൽ വരാറുണ്ട്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അതേ ദിവസം തന്നെ കെ.മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റ് ആയി അവരോധിക്കാൻ നിർബന്ധിതനായ എ.കെ.ആന്റണി എന്ന ആദർശശീലനായ നേതാവിനെക്കുറിച്ച് 'പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്‌തുതിയായിരിക്കട്ടെ' എന്ന തലക്കെട്ടിൽ പിതാവായ കെ. കരുണാകരനേയും പുത്രനായ കെ. മുരളീധരനേയും പരിശുദ്ധാത്മാവായി എ.കെ.ആന്റണിയേയും ചിത്രീകരിച്ച കാർട്ടൂൺ അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദാവീദും ഗോലിയാത്തും പ്രൊക്രൂസ്സ്റ്റസ് തുടങ്ങിയ ഗ്രീക്ക് പുരാണങ്ങളിലെ കഥാസന്ദർഭങ്ങളും കാർട്ടൂണിൽ കടന്നു വരാറുണ്ട്.