ldf-online-meeting-

തിരുവനന്തപുരം: 'ഇടതുപക്ഷ കേരളം സുരക്ഷിത കേരളം' എന്ന മുദ്രാവാക്യവുമായി എൽ ഡി എഫ് വനിതാ സംഘടനകൾ നവംബർ ഒന്നിന് നടത്തുന്ന പരിപാടിയെപ്പറ്റി വിശദീകരിക്കാൻ നടത്തിയ ഓൺലൈൻ മീറ്റിംഗിൽ വനിതാ സഖാക്കൾ തമ്മിൽ കലഹം. ഓൺലൈൻ മീറ്റിംഗിനിടെ വനിത സഖാക്കൾ ഇട്ട കമന്റുകൾ നാണക്കേട് ഉണ്ടാക്കിയതോടെ പേജ് അഡ്മിന്മാർ കമന്റുകൾ നീക്കം ചെയ്‌തു. എന്നാൽ ഇതിനിടെ കമന്റുകൾക്ക് വ്യാപക പ്രചാരം ലഭിക്കുകയും സമൂഹ മാദ്ധ്യമങ്ങൾ വഴി സ്‌ക്രീൻഷോട്ടുകൾ പ്രചരിക്കുകയുമായിരുന്നു.

'ഇടതുപക്ഷ കേരളം സുരക്ഷിത കേരളം നവംബർ ഒന്നിന്, വാളയാർ പെൺകുട്ടികളുടെ അമ്മയാണോ ആംബുലൻസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയാണോ ഉത്ഘാടനം ചെയ്യുന്നത്' എന്നായിരുന്നു ആദ്യ കമന്റ്. പിന്നീട് ഇടതു ഭരണത്തിൽ സ്ത്രീത്വത്തെ അപമാനിച്ച യുട്യൂബറെ മർദിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കം ഒളിവിൽ കഴിയുമ്പോൾ ഇങ്ങനെ ഒരു പരിപാടി നടത്തുന്നത് ജനങ്ങൾ പുച്ഛിച്ചു തള്ളും എന്നും മറ്റൊരു കമന്റ് വന്നു.

വനിതാ മതിലും രാത്രി നടത്തവും ഒന്നും കൊണ്ട് കേരളത്തിൽ ഒരു സ്ത്രീയും സുരക്ഷിതരല്ലെന്നുമൊക്കെ കമന്റുകൾ വരാൻ തുടങ്ങിയതോടെ സംഘാടകർ പുലിവാല് പിടിച്ച അവസ്ഥയിലായി. അതിനിടെ കമന്റിന് മറുപടിയുമായി ചില സഖാക്കൾ എത്തിയതോടെ അടി മൂത്തു. കേരള കോൺഗ്രസ്‌ ജോസ് വിഭാഗം, ജനാധിപത്യ കേരള കോൺഗ്രസ്‌ തുടങ്ങിയ പാർട്ടികളിൽ നിന്നുളള വനിത സഖാക്കളാണ് പ്രശ്‌നങ്ങൾക്ക് പിന്നിലെന്നാണ് വലിയ കക്ഷികളിലെ സഖാക്കൾ പറയുന്നത്.

ജനതാദൾ സെക്യുലറിൽ നിന്ന് പങ്കെടുക്കേണ്ടിയിരുന്ന മുൻ എം.എൽ.എ പരിപാടിയിൽ നിന്ന് വിട്ടു നിന്നതോടെ ഓൺലൈൻ മീറ്റിംഗ് പെട്ടന്ന് അവസാനിപ്പിച്ചതായി അധികൃതർ അറിയിച്ചു. സി.പി.എമ്മിലെ മുൻ വനിത എം.പിയും സി.പി.ഐ പ്രതിനിധിയും ഒഴികെ വലിയ കക്ഷികളിലെ പ്രതിനിധികൾ ആരും പങ്കെടുക്കാത്തതിനാലാണ് യോഗം വേഗം അവസാനിപ്പിച്ചത് എന്നാണ് വിശദീകരണം. എന്തായാലും ഇടതു വനിതാ സംഘടനകൾക്ക് ഉളളിൽ നിന്ന് തന്നെ വനിതകൾ സർക്കാരിന്റെ സ്ത്രീ സുരക്ഷയെ വിമർശിച്ചത് സമൂഹ മാദ്ധ്യമങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും ആഘോഷമാക്കിയിരിക്കുകയാണ്.